രചന : വി.കെ.മുസ്തഫ.✍

ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ പഴയ ചങ്ങാതി ചിരിച്ച് കൊണ്ട് ഓടി അടുത്തുവന്നു. ആൾ ഗൾഫൊക്കെ മതിയാക്കി നാട്ടിൽ കച്ചവടവും കുറച്ച് രാഷ്ട്രീയവുമൊക്കെയായി ജീവിക്കുകയാണ്…
ഇനിയെന്താ നിന്റെ പരിപാടി എന്നായി അവന്റെ ചോദ്യം.

നാട്ടിൽ കിടന്ന് മരിക്കണ്ടേ, ഇനിയെങ്കിലും മതിയാക്ക് നിന്റെ പോക്ക് വരവ് എന്ന ഉപദേശവും. ഇനിയുള്ള കാലത്ത് ഗൾഫിലൊന്നും പോയിട്ട് ഒരു കാര്യവുമില്ല.

അവൻ അതീവ സ്നേഹത്തോടെ തോളോട് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു
“ഞാനുള്ളപ്പോൾ നീ ബേജാറാവണ്ട ഒരു സൂപ്പർ മാർക്കറ്റിൽ സൂപ്പർവൈസറുടെ ചാൻസുണ്ട്.നിനക്ക് ശരിയാക്കി തരാം.

പിന്നെ കള്ളക്കണ്ണെറിഞ്ഞ് രഹസ്യം പോലെ കൂട്ടി ചേർത്തു
നാടല്ലേ ചെറിയ ചെലവുണ്ട്. ഒരു ഇരു പത്തയ്യായിരം കൊടുക്കേണ്ടി വരും.
എന്റെ ചുണ്ടിൽ നേരിയ ചിരി വിരിഞ്ഞു.
പണ്ട് ദുബായിയിൽ വിസിറ്റിന് പോയ സമയത്ത് ഏതോ കമ്പനിയിൽ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞ് കയ്യിലുണ്ടായിരുന്ന ചില്ലറയും വാങ്ങി പോയവനെ കണ്ടത് മാസങ്ങൾക്ക് ശേഷം .അതും വായ്പ ചോദിക്കാൻ.
ഇപ്പോൾ നാട്ടിലും രക്ഷകനായി അവതരിച്ചിരിക്കുന്നു!

പ്രതീക്ഷകൾ ഓളം വെട്ടുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു;
എന്റെ അവസ്ഥ അല്പം മോശമാണ്. അല്ലെങ്കിലും നീയുള്ളപ്പോൾ ഞാനെന്തിനാ പേടിക്കുന്നത്? വേണ്ട പണം നീ കൊടുത്തിട്ട് എങ്ങിനെയെങ്കിലും ആ ജോലി എനിക്ക് ശരിയാക്കി താ!
അവൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ വാച്ചിലേക്ക് നോക്കി.

ശേഷം മൊബൈലെടുത്ത് ആരെയോ വിളിച്ച് സംസാരിച്ച് എന്നോട് യാത്ര പോലും പറയാതെ നടന്നകന്നു.
ഇനി കുറച്ചു കാലത്തേക്ക് അവൻ്റെ നിഴൽ പോലും കാണാൻ കിട്ടില്ലെന്ന് എനിക്കറിയാം. എന്നാലും
ഇത്തരം രക്ഷകൻ മാരുള്ളപ്പോൾ ഞാനെന്തിന് പേടിക്കണം.

വി.കെ.മുസ്തഫ.

By ivayana