രചന : ഷാജി ഗോപിനാഥ് ✍

കുട്ടിയെ ശിക്ഷിക്കാൻ മുൻ വിധികളൊന്നും അന്ന് മാഷിന് ആവശ്യമില്ലായിരുന്നു. ശിക്ഷയും പഠനത്തിന്റെ ഒരു വിഷയം. അന്നൊക്കെ മാഷുമാരുടെ കയ്യിൽ എപ്പോഴും ഒരു ചൂരൽ വടി കാണും അലങ്കാരത്തിനല്ല. അത് കൊണ്ട് കുട്ടികൾക്ക് രണ്ടെണ്ണം കൊടുത്താൻ ആരും ചോദിക്കില്ല. നാലാം ക്ലാസിൽ പഠിക്കുന്ന വിനയൻ സ്ഥിരമായി ക്ലാസിൽ വരാറില്ല. ഇത് ശരിയാവില്ല. ഒരു കുട്ടിക്ക് ആദ്യം വേണ്ടത് അച്ചടക്കം. അതിന്റെ ആദ്യ പടി. അതിന് കൃത്യമായി ക്ലാസിൽ കയറണം..അല്ലെങ്കിൽ പിന്നെ അവൻഎങ്ങിനെ പഠിക്കും.

അതിനാൽ ഒരടി കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല.
കൈരണ്ടും മേശമേൽ വെയ്പിച്ചിട്ട് ചന്തിയിൽ ഒന്നോ രണ്ടോ അടി കൊടുക്കുകയാണ് മാഷിന്റെ രീതി. പിറകിൽ അടിക്കാനായി വടിയെടുത്തപ്പോഴാണ് അത് കണ്ടത് വളരെ പഴയതും മുഷിഞ്ഞതുമായ നിക്കറും ഉടുപ്പും.പലയിടത്തും പിഞ്ഞി കീറാറായത്. അടി കൊള്ളാൻ നിന്നവൻ ദയനീയമായി നോക്കി മാഷിന്റെ കയ്യിൽ നിന്ന് പൂരൽ താഴെ വീണത് മാഷ് അറിഞ്ഞില്ല.


എന്താ നീ നാലു ദിവസമായി ക്ലാസിൽ വരാത്തത്,
അവന്റെ ഉത്തരം കൃത്യമായിരുന്നു.
പിച്ചയെടുക്കാൻ പോയി
ഒന്നുകൂടെ ചോദിച്ചപ്പോഴും അതേ ഉത്തരം തന്നെയായിരുന്നു
വീട്ടിൽ അമ്മയും അവനും അനിയത്തിയുമാണുള്ളത്. ചിലപ്പോഴൊക്കെ അവരെല്ലാവരും കൂടെ പിച്ചയെടുക്കാൻ പോകും.
ഇതു കേട്ട് ക്ലാസിലെ ഒരു കുട്ടി പറഞ്ഞു. ശരിയാണ് സാർ, ചിലപ്പോഴൊക്കെ നമ്മുടെ വീട്ടിലും വരാറുണ്ട്.
മാഷിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.


ഒരു നേരത്തെ ആഹാരത്തിനു പോലും ഗതിയില്ലാത്ത കുടുംബം. പിച്ചയെടുത്തും ആരുടെയൊക്കെ ഔദാര്യത്തിലും കഴിഞ്ഞുപോകുന്നു .സ്കൂളിൽ നിന്നും ഉച്ചയ്ക്ക് കിട്ടുന്ന ഉപ്പുമാവും മഞ്ഞനിറത്തിലുള്ള സിഎസ്എം മാവ് വെളളത്തിൽ കലക്കിതിളപ്പിച്ച ആ മഞ്ഞപ്പാലും സൗജന്യമായി കഴിക്കുന്നതിനു വേണ്ടിയാണ് അവൻ മിക്കവാറും ക്ലാസിൽ വരുന്നത്. പഠനത്തിൽ ഒന്നും അവനുവലിയ താല്പര്യമില്ല എങ്ങനെയെങ്കിലും വയറു കഴിഞ്ഞു പോകണം. അവന്റെ ഒരു നേരത്തെ വിശപ്പിന് അത് മതിയാകും


അന്ന് ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് മാഷ് അവനെ വിളിച്ചു
നീ ഇനി പിച്ച എടുക്കാൻ ഒന്നും പോണ്ട കേട്ടോ. നന്നായി പഠിച്ച് മിടുക്കൻ ആയാൽ നല്ലൊരു ജോലിയൊക്കെ കിട്ടിയാൽ അമ്മയെയും അനിയത്തിയെയും നന്നായി നോക്കാമല്ലോ അതുകൊണ്ട് നീ പഠിക്കണം നിനക്ക് പഠിക്കാനുള്ള സഹായം ഒക്കെ ഞങ്ങൾ ചെയ്തു തരാം.നാളെ മുതൽ നിനക്ക് ഉച്ചയ്ക് കഴിക്കാൻ ഒരു പൊതിച്ചോറ് ഞാൻ കൊണ്ടുവരും അത് നിനക്ക് കഴിക്കാം ഇവിടെ നിന്ന് കിട്ടുന്ന ഉപ്പുമാവും പാലും വീട്ടിൽ കൊണ്ടുപോയി അമ്മയ്ക്കും അനിയത്തിക്കും കൊടുക്കാം അത് കഴിഞ്ഞു നീ നല്ലവണ്ണം പഠിക്കണം


എന്തൊരു ഗതികേടാണ് അവന്റെ ജീവിതം ഇവിടെ ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ട് കൺമുന്നിൽ കാണാതെ പോകുന്ന സത്യങ്ങൾ.ഇതൊന്നും കാണേണ്ടവർ കാണുന്നില്ല..ചിലർ സഹായിക്കുന്നു ചിലർ ആട്ടി അകറ്റുന്നു. ചിലർ അറിഞ്ഞു സഹായിക്കുന്നു.ഉള്ളവനും ഇല്ലാത്തവനും എന്ന അന്തരം ഈ ജനാധിപത്യത്തിൽ ഇന്നും നിലനിൽക്കുന്നു. ഇതിന് സ്ഥായിയായ ഭാവമാറ്റങ്ങൾ ഇല്ല. ഉള്ളവന് ഇഷ്ടംപോലെ കൊടുക്കുന്നിടത്ത് ഒരുനേരത്തിന്റെ ആഹാരത്തിനു പോലും ഗതിയില്ലാത്തവൻ അവനും ഇവിടെ ജീവിക്കുന്നു. സമ്പന്നന്റെ തീൻ മേശയിൽ നിന്ന് ബേസ്റ്റ് ആക്കി കളയുന്ന ഭക്ഷണം പോലും ലഭിക്കാത്തവൻ. പട്ടിണി പാവങ്ങൾ. ഓട്ടവകാശമുള്ളവൻ അവനും മനുഷ്യൻ തന്നെ ഭാഗവും ഭാഗധേയ വും കഴിഞ്ഞു മിച്ചം വന്ന വ്യവസ്ഥിതി. സ്വന്തമായി കിടപ്പാടംഇല്ലാതെ പുറമ്പോക്കിൽ അന്തിയുറങ്ങുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനത. ജീവിക്കാനായി നെട്ടോട്ടമോടുമ്പോൾ ജനിച്ചുപോയവന് ജീവിക്കണം.മരണംവരെ അത് എങ്ങനെ എന്നുള്ളതിന് പ്രസക്തിയില്ല.വാ കീറിയ ദൈവം ഇര കൊടുക്കും എന്ന് പറയുന്നത് തെറ്റ്.വാ കീറിയവന് തിന്നണമെങ്കിൽ.അവൻ തന്നെ വിചാരിക്കണം.. എങ്കിലും ജീവിതം സ്വയം അവസാനിപ്പിക്കുന്നത് പാപമത്രെ.

പാപവും പുണ്യവും ഒന്നിച്ചു തൂക്കി നോക്കുമ്പോൾ പാപത്തിന്റെ തട്ട് പൊങ്ങി തന്നെ ഇരിക്കുന്നു അവിടെ സന്തുലിതാവസ്ഥയില്ല
മാഷ് വാക്ക് പാലിച്ചു അന്ന് ഉച്ചയ്ക്കുള്ള മാഷിന്റെ ചോറിനോടൊപ്പം മറ്റൊരു പൊതികൂടി കൊണ്ടുവന്നു. അത് വിനയന് ഉള്ളതായിരുന്നു.അതിനുപുറമേ മാഷിന്റെ മകന്റെ ഒന്ന് രണ്ട് ഷർട്ടും നിക്കറും അവനുവേണ്ടി പൊതിഞ്ഞുകൊണ്ട് കൊടുത്തു. അന്ന് ഉച്ചയ്ക്ക് അവൻ ആർത്തിയോടെ ചോറ് വാരി കഴിക്കുന്നത് മാഷ് നോക്കി നിന്നു.ആരും കാണാതെ പൊതിഞ്ഞു കൊടുത്ത വസ്ത്രങ്ങൾ തുറന്നു നോക്കുന്നതും.
ഭാവിയുടെ വാഗ്ദാനമായ ഒരു കുരുന്നിനെ ഉപേക്ഷിക്കുവാൻ മാഷിന് കഴിയുമായിരുന്നില്ല. പഠിക്കാൻ വേണ്ടതെല്ലാം പി.ടി. എ വാങ്ങിക്കൊടുത്തു പിന്നിട് ഒരു സ്പോൺസർ ഉണ്ടായി. ഒപ്പം അവന്റെ അനിയത്തിയേയും സ്പോൺസർ ചെയ്തു നല്ല മാർക്കോടെ അവൻ പത്തിൽ ജയിക്കുമ്പോൾ മാഷ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു.

മാഷ് ഇവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. കളക്ടറെ നേരിട്ട് കാണണം, കളക്ടറെ കാണണമെങ്കിൽ ഏറെ നേരം കാത്തിരികേണ്ടിവരും, വളരെ തിര തിരക്കുകൾ ഉള്ള ആളാണ്. കളക്ടർ. ഇത്തിരി കാത്തിരുന്നാലും ഇന്ന് കണ്ടിട്ടേ പോകുന്നുള്ളൂ.. ശുപാർശകൾ ഒന്നുമില്ലെങ്കിലും മുപ്പത്തിയെട്ടു വർഷത്തെ അധ്യാപകനെന്ന നിലയിൽ എവിടെ പോയാലും ബഹുമാനം കിട്ടാറുണ്ട്. ഒടുവിൽ അനുമതി കിട്ടി. തന്നെ കണ്ട കളക്ടർ എഴുന്നേറ്റു നിൽക്കുന്നു സ്നേഹത്തോടെ ആശ്ലേഷിച്ചു.


സാർ. ഞാൻ വിനയനാണ്. സാറിന്റെ ദാനമാണ്ഇന്ന് എന്റെ ജീവിതം.
അനിയത്തി കല്യാണം കഴിഞ്ഞുപോയി. അമ്മ മരിച്ചു
ആരംഗങ്ങൾ ഒരിക്കൽ കൂടെ മാഷിന്റെ മനസിലൂടെ കടന്നുപോയി. കളക്ടറുടെ വാഹനത്തിൽ കളക്ടറോടൊപ്പം വീട്ടിലേയ്ക് തിരിച്ചുള്ള യാത്രയിൽ മാഷിന് അതിയായ അഭിമാനം തോന്നി.

ഷാജി ഗോപിനാഥ്

By ivayana