രചന : ഒ. കെ.ശൈലജ✍

ജീവിച്ചിരുന്നപ്പോൾ അയാൾ അവൾക്ക് സ്വാതന്ത്ര്യമോ, വിശ്രമമോ നൽകിയിരുന്നില്ലെന്നു വേണം പറയാൻ .
അവളും ഒരു വ്യക്തിയാണ്, മനുഷ്യനാണ് വിചാരവികാരങ്ങളുമുള്ളവളാണെന്ന പരിഗണന ഒട്ടും തന്നെ നൽകിയില്ല.
തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടവൾ. എന്നും തനിക്ക് താഴെ മാത്രം സ്ഥാനം.


സ്വന്തമായിട്ടൊരു അഭിപ്രായമോ, തീരുമാനമോ ആവശ്യമില്ല. താൻ പറയുന്നത് അനുസരിച്ച്, തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടവൾ.
പിന്നെ പണവും പ്രതാപവുമുള്ള കുടുംബത്തിൽ നിന്നുമല്ലല്ലോ ഇങ്ങോട്ടു വന്നത്.
വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു വളർന്നവൾക്ക് ഒരു ജീവിതം കൊടുത്തവനല്ലേ താൻ ! അപ്പോൾ പിന്നെ എന്നെ അനുസരിച്ചു മാത്രം ജീവിക്കണം.
അവൾ വിദ്യാസമ്പന്നയാണെന്നോ, സുന്ദരിയാണെന്നോ, നല്ലൊരു കുടുംബിനിയാണെന്നോ അംഗീകരിച്ചു കൊടുത്താൽ പിന്നെ അവൾ തന്റെ കീഴിലായി എല്ലാം ക്ഷമിച്ചു കൊണ്ട് അച്ചടക്കത്തോടെ ഇരിക്കില്ലെന്ന് അവന്റെ ചെറിയ കാഴ്ചപ്പാടിൽ തോന്നിയ സങ്കുചിതമായ മന:സ്ഥിതിയായിരുന്നു.
അവൾ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയോ, സ്നേഹം പ്രകടിപ്പിക്കുകയോ ചെയ്യില്ല.


എത്ര രുചികരമായി ആഹാരം ഉണ്ടാക്കിക്കൊടുത്തു കാത്തിരുന്നാലും എന്തെങ്കിലുമൊരു കുറ്റം കാണും . ചിലപ്പോൾ ഭക്ഷണം കഴിക്കാതെ അവൾ കഴിച്ചുവോ എന്ന് അന്വേഷിക്കാതെ ഏറെ വൈകി വന്നയുടനെ കിടന്നുറങ്ങും.
അത് വരെ ഒന്നും കഴിക്കാതെ, ഉറക്കമിളച്ച് വഴിക്കണ്ണുമായി കാത്തിരുന്ന അവളും ഒന്നും കഴിക്കാതെ കിടക്കും.


എല്ലാകാര്യങ്ങളും മുറതെറ്റാതെ ചെയ്തു കൊണ്ട് ജോലിക്കു പോകണം. ജോലി കഴിഞ്ഞു വരുമ്പോൾ വീട്ടിലേക്കാവശ്യമായ കാര്യങ്ങളൊക്കെ വാങ്ങി വരണം. അതിനിടയിൽ മക്കളുടെ മുഴുവൻ കാര്യവും ചിന്തിക്കണം. വേണ്ടത് പോലെ ചെയ്യണം.
കുടുംബനാഥനാണ്. ആ സ്ഥാനം വിട്ടു കൊടുക്കാതെ, നാടും നാട്ടാരും അവർക്ക് വേണ്ടി രാപകൽ കഷ്ടപ്പെടും. അതാണ് ജീവിത ലക്ഷ്യം. അത് മാത്രമേ ചിന്തയിലും പ്രവർത്തിയിലുമുള്ളൂ.


ഇതിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുകയേ ഇല്ല. അത് കൊണ്ടു തന്നെ ശരീരാവയവങ്ങൾ പണിമുടക്കിത്തുടങ്ങി.
ആ കഷ്ടപ്പാടും അവൾക്ക് തന്നെയായി ശൃഹഭരണം, സ്വന്തം ജോലി, മക്കളുടെ വിദ്യാഭ്യാസം ഇതോടൊപ്പം തന്നെ ഭർത്താവിന്റെ ആരോഗ്യപരിപാലനവും .
സ്വയം ആരോഗ്യം നോക്കാത്തൊരാളുടെ ആരോഗ്യം പൂർണ്ണമായി സംരക്ഷിക്കാൻ ഭാര്യയ്ക്കാവുമോ?
അതിനും അയാൾ അവളെ കുറ്റം പറഞ്ഞു.


എന്തിനധികം പറയുന്നു വളരെ പെട്ടെന്ന് തന്നെ അയാളുടെ ആരോഗ്യസ്ഥിതി വളരെ മോശമായി. താമസിയാതെ കിടപ്പിലുമായി.
കൊച്ചുകുട്ടിയെ ശുശ്രൂഷിക്കുന്നത് പോലെ രാവും പകലും അരികത്തിരുന്നു അവൾ വേണ്ട വിധം ശുശ്രൂഷിച്ചു. ആശ്വസിപ്പിച്ചു. പ്രാർത്ഥിച്ചു.
പക്ഷേ അവളുടെ അകമഴിഞ്ഞ പ്രാർത്ഥനയ്ക്കോ, ഊണും ഉറക്കവുമില്ലാതെയുള്ള പരിചരണത്തിനോ, വിദഗ്ദ്ധചികിത്സയ്ക്കോ അയാളെ രക്ഷപ്പെടുത്താനായില്ല.
എന്നിട്ടും അവൾ വിലപിക്കുകയാണ്. തനിക്ക് സ്നേഹം കിട്ടിയില്ലെങ്കിലും, തന്റേതെന്നു കരുതി സ്വയം ആശ്വസിച്ചു സ്നേഹിക്കാൻ ആ ജീവൻ നഷ്ടപ്പെടാതെ കിട്ടിയില്ലല്ലോയെന്ന്.


അവളുടെ കറകളഞ്ഞ സ്നേഹമോ, ആത്മാർത്ഥമായ കരുതലോ , പരിചരണമോ മനസ്സിലാക്കാനാവാതെ, അല്ലെങ്കിൽ മനസ്സിലായിട്ടും അത് തുറന്നു സമ്മതിക്കാതെ, തന്റെയുള്ളിലെ സ്നേഹം തുറന്നു പ്രകടിപ്പിക്കാതെ, തെളിഞ്ഞു കത്താതെ ആ ദീപം അണഞ്ഞു പോയപ്പോൾ തനിക്കു ചുറ്റും ഇരുളടഞ്ഞത് പോലെ ആ പാവത്തിന് സ്നേഹിക്കാൻ മാത്രമറിയുന്ന സർവ്വംസഹയായ ഭാര്യയ്ക്ക് തോന്നി. അവളുടെയുള്ളിലെ വിങ്ങലുകൾ നിശയിലലിഞ്ഞുചേർന്നതിനാൽ നിദ്ര അവളെ തഴുകാൻ വിസമ്മതിച്ചു.


ഒരു ദിനം നിദ്രയൊഴിഞ്ഞ നിശയുടെ അവസാനയാമത്തിൽ അവളിലെ അവളെ അവൾ തിരിച്ചറിഞ്ഞു. ഇനിയുള്ള യാത്രയിൽ താൻ തനിച്ചാണ് !
അല്ല തനിച്ചല്ല എന്നിലൊരു വ്യക്തി ഉണ്ട് . ആ വ്യക്തിത്വം നഷ്ടപ്പെടുത്താതെ സധൈര്യം മുന്നോട്ടു പോകണമെന്ന് .


ഇനിയാണ് ജീവിതം തുടങ്ങുന്നത്. ഒറ്റയ്ക്കു വന്നു പിറക്കുന്നു. ഒറ്റയ്ക്കു തന്നെ മടങ്ങിപ്പോകുന്നു. പിന്നെന്തിനാണ് പരിതപിക്കുന്നത് ? തനിക്കു കൂട്ടായി സ്വന്തം സ്വപ്നങ്ങളുണ്ട്. ലക്ഷ്യങ്ങളുണ്ട്. സ്വപ്നസാക്ഷാത്ക്കാരത്തിനായി ലക്ഷ്യപ്രാപ്തിയിലേക്കവൾ ആത്മധൈര്യത്തോടെ നടക്കാൻ തുടങ്ങിയപ്പോൾ പ്രകൃതിയും അവൾക്ക് കരുത്തേകി. പിന്നീടവളുടെ യാത്ര അതിവേഗത്തിലായി. മനസ്സും ശരീരവും അതിനു തയ്യാറായിരുന്നു.

ഒ. കെ.ശൈലജ

By ivayana