രചന : ബിന്ദു വിജയൻ, കടവല്ലൂർ✍

“ആരതിമിസ് അല്ലേ? തനിച്ചാണോ….? ഞാൻ മിസ്സിന്റെ ശിഷ്യനും ഒരു ആരാധകനും കൂടിയാണ്.. എന്നെ ഓർമ്മയുണ്ടോ.. മിസ്?.. എന്റെ എഴുത്തുകളെ പരിപോഷിപ്പിച്ചിരുന്നത് മിസ് ആയിരുന്നല്ലോ..”.. ഇതെന്റെ വൈഫ്‌ മീര.. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ആഴ്ചയിലായിരുന്നു..”
ഒരശരീരി പോലെ തോന്നിച്ച പുരുഷശബ്ദമാണ്.. ഡോക്ടർ ആരതീ നന്ദകുമാറിനെ.. സ്വബോധത്തിൽ എത്തിച്ചത്..

അക്ഷരസ്ഫുടതയോടെ മാത്രം സംസാരിക്കുന്ന അവർ,തളർന്ന ശബ്ദത്തോടെ… ഒരു പുഞ്ചിരിയെ കഷ്ടപ്പെട്ട് ചുണ്ടിൽ വരുത്തി.. എന്തൊക്കെയോ മറുപടിയായി പുലമ്പി.. പിന്നെ മനസ്സിൽ പറഞ്ഞു.. ചില സമയത്ത് ഞാൻ
ആരാണെന്ന് പോലും ഞാൻ …മറക്കുന്നു മോനെ.. പിന്നെ എങ്ങിനെ നിന്നെ ഓർക്കും?
“മിസ്,ഒരു ഐസ്ക്രീം കഴിച്ചാലോ.”..
“വേണ്ട മോനെ കുറച്ചു ധൃതിയുണ്ട് പിന്നെ കാണാട്ടോ..”
മറുപടി കൊടുത്തുകൊണ്ട് കടൽ ത്തീരത്തിന്റെ അനന്തതയിലൂടെ അവർ നടന്നു..ഒറ്റലെയറിൽ ഇട്ട സാരിയുടെ മുന്താണിയും, നീണ്ട മുടിയും കടൽക്കാറ്റേറ്റ് അലസതയോടെ പറന്നതൊന്നും അവർ അറിഞ്ഞില്ല..

മനസ്സ്.. വർഷങ്ങൾതാണ്ടി കോളേജ് ക്യാമ്പസിൽ എത്തിയിരുന്നു. കവിതകളും, കഥകളും ലേഖനങ്ങളും എഴുതുവാനുള്ള ഇഷ്ടമാണ് തന്നെ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും മലയാളം പ്രധാന വിഷയമായി എടുക്കാൻ പ്രേരിപ്പിച്ചത്.. പിന്നെ മലയാളത്തിൽ ഗവേഷണം നടത്തണം എന്ന അമിതമായ ആഗ്രഹവും..

തീപ്പൊരി കവിതകൾ എഴുതി കോളേജ് ക്യാമ്പസിനെ ഇളക്കിമറിച്ച തനിക്ക് ഇഷ്ടംപോലെ ആരാധകർ ഉണ്ടായിരുന്നുവെങ്കിലും.. ചെറുപ്പത്തിലേ വീട്ടുകാർ പറഞ്ഞുറപ്പിച്ച മുറച്ചെറുക്കൻ നന്ദേട്ടനോട്‌ ഒരു പ്രത്യേക ഇഷ്ടവും മനസ്സിൽ പ്രണയവും ഉണ്ടായിരുന്നത് കൊണ്ട്.. ആരാധകരോട് ഒരകലം സൂക്ഷിച്ചിരുന്നു..
എന്നാൽ കോളേജിൽ പ്രോഗ്രാമുകൾ ഉണ്ടാകുമ്പോൾ തന്റെ കവിതകൾ മാത്രം ട്യൂൺ ചെയ്തു പാടിയിരുന്ന സിറാജ്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.. അതിന് പക്ഷെ ഒരു പ്രണയത്തിന്റെ പരിവേഷം കൊടുത്തില്ലായിരുന്നു. തന്നെ ഒരുപാട് ഇഷ്ടമാണെന്ന് കോളേജിലെ അവസാനദിവസം സിറാജ് തുറന്നു പറഞ്ഞ പ്പോഴും മനസ്സിൽ നന്ദേട്ടന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

താൻ മലയാളത്തിൽ ഡോക്ടറേറ്റ് നേടിയപ്പോഴേയ്ക്കും നന്ദേട്ടൻ ഒരു ബിസിനസ് സാമ്രാട്ട് തന്നെ ആയിരുന്നല്ലോ.. പക്ഷെ എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം തന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചിരുന്നു.
കോളേജ് അധ്യാപികയായിരിക്കെ വിവാഹം കഴിഞ്ഞെങ്കിലും എഴുത്ത് തുടർന്നു.രണ്ടു കവിതാ സമാഹാരങ്ങൾ ഇറക്കി ചൂടപ്പം പോലെ വിറ്റു പോയി..
ഒരു പാട് സന്തോഷിച്ചിരുന്ന നാളുകൾ.. ഇരട്ടക്കുട്ടികൾ പിറന്നതോടെ മൂന്നു വർഷം ലോങ്ങ്‌ലീവ് എടുക്കേണ്ടി വന്നു..എഴുത്തിനോട്.. തത്കാലത്തേയ്ക്ക് വിടപറയാം എന്ന് വിചാരിച്ചു..
നന്ദേട്ടന്റെ സ്വഭാവത്തിന് അല്പസ്വല്പം മാറ്റം വന്നതും ആ സമയങ്ങളിൽ തന്നെയായിരുന്നു. കുട്ടികളെ നല്ലരീതിൽ വളർത്തേണ്ടത് അമ്മയുടെ കർത്തവ്യമാണെന്ന അദേഹത്തിന്റെ കാർക്കശ്യം.. ജോലി ഉപേക്ഷിക്കണമെന്ന നിർബന്ധം.. ബിസിനസ് ടൂറുകളുടെ ആധിക്യം, ബിസിനസ് ചർച്ചകൾ ക്കിടയിലെ മദ്യപാനം.. എന്നിവ നന്ദേട്ടന്റെ സ്വഭാവം തന്നെ മാറ്റിമറിച്ചു..

കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ ഉടലെടുത്ത ഏകാന്തതയാണ് തന്നിലെ എഴുത്തു കാരിയെ വീണ്ടും ഉണർത്തിയത്.. പക്ഷെ ആ കുത്തിക്കുറിക്കലുകൾക്ക് അധികം ദൈർഘ്യം ഉണ്ടായില്ല.
സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നല്ലോ താൻ വീണ്ടും എഴുതിത്തുടങ്ങിയത്.. നന്ദേട്ടൻ ആ ഡയറി, ഒരു ആക്രോശത്തോടെ വലിച്ചെറിഞ്ഞപ്പോൾ.. തന്നിലെ സ്ത്രീയുടെ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയായിരുന്നല്ലോ?…തന്റെ ഡോക്ടറേറ്റ് പട്ടം.. വെറുമൊരു കടലാസ് തുണ്ടായി മാറുകയായിരുന്നല്ലോ?

ഏകാന്തതയിൽ ആകെ ഉണ്ടായിരുന്ന ആശ്രയം അധ്യാപകജീവിതത്തിൽ നിന്നും വിരമിച്ച തന്റെ അമ്മയുടെ ഫോൺകാൾ മാത്രമായിരുന്നു.. പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് കുറെയൊക്കെ പറയുമ്പോൾ കുറച്ചൊരു ആശ്വാസം കിട്ടും.. തന്റെ ഭർത്താവ് അറിയാതെ ചെയ്യാൻ, തന്റെ അമ്മ തന്നോട് പറഞ്ഞ ഒരേ ഒരു കാര്യമാണ് മുഖപുസ്തക അക്കൗണ്ട് തുടങ്ങാൻ.. അതിൽ സ്വന്തം പേര് വെക്കാതെ തൂലികാനാമത്തിൽ മനസ്സിലുള്ളതെല്ലാം എഴുതി തീർക്കാമല്ലോ..
പിന്നെ യാമിനി എന്ന പേരിൽ എഴുത്തിന്റെ ഒരു പ്രവാഹം തന്നെയായിരുന്നു… തന്റെ ഫോട്ടോയൊന്നും കണ്ടില്ലെങ്കിൽ പോലും എഴുത്തിനെ പ്രണയിക്കുന്ന ആളുകൾ… താൻ ആ ലോകത്തിലേയ്ക്ക് വല്ലാതെ ആകർഷിക്കപ്പെട്ടു.

ഒരു ദിവസം വന്ന, ഒരു മെസ്സഞ്ചർ കാൾ… ആരതിയല്ലേ എന്ന ചോദ്യം ഞെട്ടിപ്പിച്ചു കളഞ്ഞു.. തന്നെ ആരോ തിരിച്ചറിഞ്ഞിരിക്കുന്നു.. ഈശ്വരൻ ഇവിടെയും തന്നെ കൈവെടിയുന്നു.. പക്ഷെ ആ ശബ്ദം മുൻപ് എവിടെയോ കേട്ടുമറന്നത് പോലെ.. ആരാണെന്നു വിറയാർന്ന ശബ്ദത്തിൽ ചോദിച്ചപ്പോൾ.. ഞാൻ സിറാജാണ്, കൂടെ പഠിച്ച ആൾ എന്ന മറുപടിയാണ് കിട്ടിയത്.
സിറാജിനു എങ്ങിനെ എന്നെ മനസ്സിലായി എന്ന് ചോദിച്ചപ്പോൾ.. എടോ തന്റെ കവിതകൾ എന്റെ മനസ്സിൽ ഇടം പിടിച്ചിട്ടുള്ളതല്ലേ, തന്റെ എഴുത്തു ശൈലി എന്നേക്കാൾ കൂടുതൽ ആർക്കാണറിയുക?. ഞാൻ ഇപ്പോഴും തന്റെ ആരാധകൻ തന്നെയാണ്..
പിന്നെ പിന്നെ നമ്പർ കൈമാറലും സന്ദേശങ്ങൾ അയക്കലും ആയി ആ ബന്ധം വളരുകയായിരുന്നു. അന്ന് തനിക്കില്ലാത്ത പ്രണയം.. ഈ നാൽപത്തി ഏഴാം വയസ്സിൽ അവനോടു തോന്നുന്നു.. കാണാൻ ആഗ്രഹം തോന്നുന്നു. തന്റെ കവിതകൾ അവൻ പാടുന്നത് കാണാനും കേൾക്കാനും തോന്നുന്നു.. അവന് ഇപ്പോഴും തന്നോട് പ്രണയം ഉണ്ടാകും തീർച്ച.. അവന്റെ ഫാമിലിയെ കുറിച്ച് ചോദിക്കാൻ തോന്നിയില്ല. ഇനിയിപ്പോൾ കുടുംബവും കുട്ടികളും ഉണ്ടെങ്കിൽ തന്നെ എന്താണ്? പ്രണയത്തിന് അതൊന്നും തടസ്സമല്ലാലോ..
സിറാജിന് തന്നെ ഇപ്പോഴും ഇഷ്ടമാണെന്നറിയാം. അതുകൊണ്ടല്ലേ തന്റെ കവിതകൾ അതിമനോഹരമായി പാടി അയച്ചു തരുന്നത്..

ഒരു ദിവസം സിറാജിന് അയച്ച മെസേജിൽ അവനെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.. സിറാജ് പറഞ്ഞു അവനും ആഗ്രഹം ഉണ്ട് കാണണം ന്ന്. ദുബായിൽ നിന്നും എത്തിയാൽ കാണാം എന്ന് പറയുകയും ചെയ്തു..
പിന്നെ ആ കണ്ടുമുട്ടലിന് വേണ്ടിയായിരുന്നു കാത്തിരിപ്പ്.. ഒരു ദിവസം സിറാജിന്റെ സന്ദേശം വന്നു. അവൻ നാട്ടിൽ എത്തിയിട്ടുണ്ടെന്നും.. എവിടെ വെച്ച് കാണും? എന്നുമായിരുന്നു..
എവിടെവെച്ചു കാണും എന്ന് ചിന്തിച്ചപ്പോൾ ഉച്ചസമയത്തെ വിജനമായ കടൽത്തീരമാണ് ഓർമ വന്നത്.. അതെ ചുട്ടുപൊള്ളുന്ന തീരത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്ന തിരകളെ പോലെ.. തനിക്കും, തനിക്കും സിറാജിന്റെ ആലിംഗനത്തിൽ ആശ്വാസം തേടണം.. അവന്റെ നെഞ്ചിൽ തല ചായ്ച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ സങ്കടങ്ങളെ ഇല്ലാതാക്കണം..

കുറച്ചു ഷോപ്പിംഗിനുള്ള അനുവാദവും വാങ്ങി ഉച്ചക്ക് സ്കൂട്ടിയിൽ ബീച്ചിൽ എത്തിയത് ഒരു പാട് പ്രതീക്ഷയോടെ യായിരുന്നു. അകലെ നിന്നേ കണ്ടു.. ഒരു വെളുത്ത കാറിൽ ചാരി സുമുഖനായൊരു ആളിനെ.. സിറാജാണെന്ന് മനസ്സിലായപ്പോൾ കടലിലെ തിരപോലെ മനസ്സിലും അലയടിക്കുകയായിരുന്നു.. അയാൾ അടുത്തേക്ക് നടന്നു വന്നു.
“ആരതീ..നമുക്ക് കാറിനടുത്തു നിന്ന് സംസാരിക്കാം വരൂ “എന്ന് പറഞ്ഞു. ആരതി അയാൾക്ക് പിന്നാലെ നടന്നു. കാറിനടുത്ത് എത്തിയ സിറാജ് പറഞ്ഞു.

“ആരതിയെ കാണാൻ എന്നോടൊപ്പം ഒരാൾ കൂടി എത്തിയിട്ടുണ്ട്.. മറ്റൊരു എഴുത്തുകാരിയും.. എന്റെ ജീവിത പങ്കാളിയുമായ ദിൽന സിറാജ്”. ഇതും പറഞ്ഞത് അയാൾ കാറിന്റെ ഡോർ തുറന്നു വീൽചെയറിൽ ഇരുത്തി ദിൽനയെ പുറത്തിറക്കി.
“ദിൽനയുടെ അവസ്ഥ പൂർണമായും മനസ്സിലാക്കിത്തന്നെയാണ് അവളെ ഞാൻ സ്വന്തമാക്കിയത്. കാരണം അവളുടെ എഴുത്തുകൾക്ക് പണ്ട് ഞാൻ ആരാധിച്ചിരുന്ന, മൂകമായി പ്രണയിച്ചിരുന്ന ആരതിയുടെ എഴുത്തുമായി ഏറെ സാമ്യം ഉണ്ടായിരുന്നു… ഞങ്ങൾ വളരെ അധികം സന്തോഷത്തിലാണ് ആരതീ.. നിന്നെ കുറിച്ച് ദിൽനയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അവൾക്കും നിന്നെ ഒരുപാട് ഇഷ്ടമാണ്.. കണ്ടതിൽ ഒരുപാട് സന്തോഷമുണ്ട് ട്ടോ.. ഇനിയും ഇനിയും എഴുതണം..”

ആ കാർ തന്നിൽ നിന്നും അകന്നു പോകുന്നതു പോലും ആരതി അറിഞ്ഞില്ല…
തന്റെ പൂർവ്വ വിദ്യാർത്ഥിയുടെ കുശലാന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ടു വികാരശൂന്യമായ മനസ്സോടെ നടക്കുമ്പോൾ.. ആരതിക്കു പിന്നിൽ തിരകൾ പറയുകയായിരുന്നു… സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സ്വാർത്ഥനായ നന്ദനെ പറ്റിയും… കുറവുകളെ.. കൂട്ടാക്കി സന്തോഷവാനായ സിറാജിനെ പറ്റിയും

By ivayana