രചന : ഷബ്‌നഅബൂബക്കർ✍

ഇടിയൊച്ച മുഴങ്ങുന്ന ഇടവപ്പാതിയുടെ
നനഞ്ഞ ദിവസങ്ങളിൽ
മിന്നി തെളിഞ്ഞ നീളൻ വെളിച്ചം
പകർത്തിയെടുത്ത ദൃശ്യങ്ങൾക്കിടയിൽ
ഓടിനടന്ന കണ്ണുകളുടക്കി നിശ്ചലമായത്
ഓട്ടവീണ് ചോരുന്ന ആകാശത്തിലേക്ക് നോക്കി
പകച്ചിരിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെ
ദയനീയ ചിത്രം കണ്ടപ്പോഴാണ്..
മഴമുത്തുകൾ തട്ടിത്തെറിക്കുന്ന
പുള്ളിക്കുടയുടെ പലവർണ്ണങ്ങൾ കണ്ടു
പുഞ്ചിരി പൊഴിച്ച കുഞ്ഞധരങ്ങളേക്കാൾ
മനസ്സുടക്കി വലിച്ചത് തുള്ളിക്കൊരു കുടമെന്ന
കണക്കെ നിരത്തിവെച്ച പൊട്ട കലത്തിന്റെ
അരികിലിരുന്ന് മഴത്തുള്ളികളെണ്ണി മടുത്ത്
മിഴിത്തുള്ളി തുടച്ചു വിതുമ്പി വിറയ്ക്കുന്ന അധരങ്ങളിലായിരുന്നു…
മഴയെന്നാൽ പ്രണയരാഗം മാത്രമല്ല,
നോവു നിറഞ്ഞ വരികളെ ഈണമിട്ടു
പാടുന്നതാണെന്ന്കൂടി അറിഞ്ഞത്
വെള്ളം കുടിച്ച് ചീർത്ത് വയറ് കീറി
കുടൽമാല തൂങ്ങിയാടിയ ഓലപ്പുരയുടെ
ഓരം ചേർത്ത് വിരിച്ചിട്ട പുല്പായകളിൽ
ചുരുണ്ടു കൂടി കിടക്കുന്ന ഒട്ടിയ വയറിന്റെ
തണുത്തുറഞ്ഞ ഗദ്ഗദങ്ങൾ കേട്ടപ്പോഴാണ്…
നിസ്സഹായതയെ കോരിയെടുത്ത്
കവിളിൽ നിറച്ച് ചൂടുള്ള ആവിയാക്കി
ഊതിയൂതി തളർന്നിട്ടും പടർന്നു കത്തിയ
ദിനങ്ങൾക്കവധി കിട്ടിയ ആനന്ദത്തിൽ
മടിയോടെ തണുപ്പ് പുതച്ചുറങ്ങുന്ന അടുപ്പിന്റെ
കുതിർന്നു കട്ടപിടിച്ച ചാരത്തിലേക്ക് നോക്കി
കൈകൾ വയറിലമർത്തി ആർത്തുകരയുന്ന
കുഞ്ഞുങ്ങളെ കണ്ടപ്പോഴാണ് ലോകത്തിലെ
ഏറ്റവും വലിയ വികാരം വിശപ്പാണെന്നറിഞ്ഞത്…
മരങ്ങളൊളിപ്പിച്ചിടങ്ങൾ തേടി
മണ്ണിറങ്ങി പോയതിൽ പിന്നെ
കാലിടറി പോയ വീടിന്റെയുള്ളിൽ
മരണത്തിന്റെ അസ്സഹനീയമായ
ഗന്ധം ശ്വസിച്ചു ഭീതിയോടെ കഴിയുന്ന
ഒരുപിടി ജീവിതങ്ങൾ കണ്ടപ്പോഴാണ്
മഴ സമ്മാനിക്കുന്നത് പുതുമണ്ണിന്റെ
മത്തുപ്പിടിപ്പിക്കുന്ന ഗന്ധം മാത്രമല്ലെന്നറിവായത്…
ഇടവപ്പാതിയോടൊപ്പം ഓർമ്മയിൽ തെളിയുന്നത്
കടലാസ്സു തോണി ഒഴുകുന്ന വഴിത്താരയിലേക്ക്
കുസൃതിയാൽ നോക്കുന്ന കുഞ്ഞിക്കണ്ണുകളിലെ നിഷ്കളങ്കത മാത്രമല്ല…
അഭയത്തുരുത്തുകൾ തേടി
കയ്യിൽ കിട്ടിയതെല്ലാം കെട്ടിപ്പെറുക്കി
വഞ്ചി തുഴയുന്ന ജീവിതത്തിന്റെ
ആഴമുള്ള നിസ്സാരത കൂടിയാണ്…
തകർത്തു പെയ്ത മഴയിൽ ചേർത്തുവെച്ചത്
തരളിതമായ നാളുകളുടെ നിറമുള്ള
കാഴ്ച്ചകൾ മാത്രമല്ല
തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ നിറംക്കെട്ട
താഴ്ച്ചകൾ കൂടിയാണ്…
പ്രിയപ്പെട്ടതെന്ന് ചേർത്തുവെച്ചതെല്ലാം
പുഴ കവർന്നെടുത്ത നിമിഷത്തിലാണ്,
പുഴ കവിഞ്ഞു പുര ഒഴുകാൻ തുടങ്ങിയപ്പോഴാണ്
മഴയെന്ന പരമാനന്ദത്തിന്റെ ഉന്നതിയിൽ നിന്നും
ഓരോരുത്തരും കാലിടറി വീണതും
മഴത്തുള്ളികൾക്ക് കണ്ണീരുപ്പിന്റെ
കൈപ്പുണ്ടെന്നറിഞ്ഞതും.

By ivayana