രചന : ബിനോജ് കാട്ടാമ്പള്ളി✍
കാലത്തിന്റെ ഗതി വേഗത്തിൽ നാം വഴിയിലുപേക്ഷിച്ച് പോകുന്ന ചിലതുണ്ട്… എന്റെയും നിങ്ങളുടേയും പ്രണയവും വിരഹവും കണ്ണുനീരും നെടുവീർപ്പും എല്ലാം നൽകിയിട്ട് അവസാനം വഴിവക്കിൽ നാം ഉപേക്ഷിച്ച തുരുമ്പുപിടിച്ച ആ ചുവന്ന പെട്ടിക്കും ചിലത് പറയുവാനുണ്ട്…
മരിക്കുകയാണ് ഞാൻ സുഹൃത്തേ…
മരിക്കുകയാണ് ഞാൻ പ്രിയസുഹൃത്തേ…
മഴയും മഞ്ഞും വെയിലുമേറ്റ്
വിളക്കുകാലിൽ തൂങ്ങിയാടിയും
കടവരാന്തയിൽ തണുത്ത്മരവിച്ചും
എൻ ഇരുളറവാതിൽ തുറക്കുമെന്നോർത്ത്
നിന്റെ വരവും നോക്കി
നിന്നെ പ്രതീക്ഷിച്ച്
നിൻ കരസ്പർശം കൊതിച്ച്
മരിക്കുകയാണ് ഞാൻ പ്രിയസുഹൃത്തേ…
അന്ന്.. നിന്റെ പ്രണയത്തിന് ചിറകുകൾ മുളച്ച കാലം…
അക്ഷരങ്ങളിൽ പ്രണയം നിറച്ച്
വാക്കിൽ വിരഹവും പേറി
കടലാസുതുണ്ടിൽ നെടുവീർപ്പുമായി
കണ്ണീരുണങ്ങാത്ത മിഴികളോടെ
എത്രനേരം എന്നരികിൽ നിന്നുനീ…
എന്തുദൂരം എന്നരികിലേക്കെത്തുവാൻ നടന്നുനീ
അന്നെനിക്കൊട്ടുമേ ഇല്ലായിരുന്നു ദാഹം വിശപ്പും
നിന്റെ പ്രണയവും, നിന്റെ വിരഹവും, നിന്റെ കണ്ണുനീരും, ചുടു നെടുവീർപ്പും
എൻവയർ നിറച്ചിരുന്ന കാലം…
ഇന്ന്… ഞാൻ മരിക്കുകയാണ് യുവത്വമേ..
വിശന്ന് ദാഹിച്ച് വലയുകയാണ്
നിന്നെയെന്നല്ല ഇനി ഞാൻ ആരെ പ്രതീക്ഷിക്കാൻ…
നിൻ വിരൽ തുമ്പുകൾ ശരവേഗമാർന്നപ്പോൾ
നിന്റെ ലോകം നീ കൈക്കുമ്പിളിൽ ഒതുക്കുമ്പോൾ…
നീ എഴുതാൻ മടിച്ചപ്പോൾ…
നീ… അക്ഷരം ത്യജിച്ചപ്പോൾ..
നിന്റെ കാത്തിരിപ്പ് നിമിഷാർദ്ധമായ് ചുരുങ്ങുമ്പോൾ…
എന്നെ നീ അനാഥനാക്കിയപ്പോൾ
ഞാൻ മരിക്കുകയാണ് യുവത്വമേ…
നാളെ നിൻ ചിന്തയും ചെയതിയും വേഗതയാർന്ന്
ലോകം ഈ ലോകം നിൻ വിരൽതുമ്പിൽ ചലിക്കുമ്പോൾ
ഞാൻ മരിച്ചിരിക്കും…
പിന്നെ പുതുതലമുറയോടായ് ചൊല്ലാം നിനക്ക്
വഴിയോരത്തും… ബസുകാത്തിരിക്കുന്നിടത്തിന്റെ ചുവരിലും
വിളക്കുകാലിലും തൂങ്ങിയാടിയിരുന്ന
തുരുമ്പുപിടിച്ച ഒരു ചുവന്ന പെട്ടിയുടെ കഥ
അതെന്റെ കഥ….
