രചന : സെഹ്റാൻ ✍

“എന്റെ വചനങ്ങൾ
നിങ്ങൾ കേട്ടിട്ടുണ്ടോ?”
അവൾ അയാളോട്
ചോദിക്കയുണ്ടായി.
“അവ വീണത്‌
മുൾപ്പടർപ്പിലായിരുന്നില്ലേ?
മുൾച്ചെടികളവയെ ഞെരുക്കിയമർത്തിക്കാണണം…”
“എന്റെ പ്രബോധനങ്ങൾ ?”
“അതു നീ വിതച്ചത് പാറപ്പുറത്തായിരുന്നില്ലേ?
തിളയ്ക്കുന്ന ചൂടിലവ
കരിഞ്ഞുപോയിക്കാണണം…”
“എന്റെ കുരിശാരോഹണത്തെപ്പറ്റി…?”
“ഞാനതു വിശ്വസിക്കുന്നില്ല.
നീയൊരു പെണ്ണാണല്ലോ…”
(മാർസെലോ എന്നു പേരായൊരു
കിഴവൻ ചിത്രകാരനായിരുന്നു അയാൾ.
അവളയാളുടെ നഗ്നമാതൃകയും.)
“സത്യത്തിൽ ഞാനാരെന്ന് നിങ്ങൾക്കറിയാമോ ?”
അവൾ വീണ്ടും.
“തൂങ്ങിക്കിടക്കുന്ന മുലകളും,
പിളർന്ന യോനിയുമുള്ളൊരു ദേഹം!
നീയാരായാലുമെനിക്കെന്ത്…?”
അയാൾ നിസ്സംഗം ബ്രഷ് ചലിപ്പിച്ചു.
അവളുടെ തൊണ്ടക്കുഴിയിൽ നിന്നും ബഹിർഗമിച്ച ‘ഉയിർത്തെഴുന്നേൽപ്പ്’
എന്ന വാക്ക്
അയാളുടെ ക്യാൻവാസിൽ മേഘപടലങ്ങൾ നിറയ്ക്കുകയും,
വരണ്ടുചുളിഞ്ഞ അയാളുടെ
ദേഹം അതിനുള്ളിലേക്ക്
ആണ്ടുമുങ്ങിപ്പോവുകയുമാണുണ്ടായത്!

സെഹ്റാൻ

By ivayana