രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍

സൈരന്ധ്രി മലനിരയണിയിച്ചൊരുക്കിയ
കുന്തിപ്പുഴയുടെ കരയിലായി
ഗ്രാമീണ ഭംഗിയിൽ നിർവൃതി കൊള്ളുന്ന
മണ്ണാർക്കാടെന്റെ കൊച്ചു ഗ്രാമം
പാടശേഖരങ്ങളും മലനിരകളുമെന്നും
മാടിവിളിക്കുന്ന ഗ്രാമഭംഗി
ഉദയനാർക്കാവിന്റെ മുന്നിലെ ആൽമരം
ഇലത്താളം കൊട്ടുന്നു ഭക്തിസാന്ദ്രം
തലയെടുപ്പുള്ളതാം കെ.ടി.എം ഹൈസ്കൂളിൽ
പിച്ചവെച്ചതാണെന്റെ അക്ഷരാഭ്യാസം
മറക്കില്ല മറക്കുവാൻ കഴിയില്ല ഈ നാലു
വരികളിൽ ഒതുങ്ങുകില്ലെന്റെ ഗ്രാമഭംഗി
മുമ്മൂർത്തി ക്ഷേത്രത്തിൽ മൂവന്തി നേരത്ത്
തൊഴുതു മടങ്ങുന്നു ഇളം തെന്നലെന്നും
ആസ്പത്രിപ്പടിയിലും അങ്ങാടിമുക്കിലും
വന്നു പോകുന്നു ജനം തേരോട്ടമായി
പൂരവും വേലയും വന്നണയുമ്പോൾ
ജനം കാടിറങ്ങിയെത്തുന്നു സമുദ്രമായി
ഉത്സവനാളുകൾ, ഉത്സാഹനാളുകൾ
മണ്ണാർക്കാടിൻ മനം തുടിപ്പിക്കുന്നു
മണ്ണാർക്കാടിന്റെ മുഖമിന്നു മാറിപ്പോയി
ഗ്രാമവും നഗരവും മത്സരമായ്
എങ്കിലുമിന്നുമാ ഗ്രാമീണ ഭംഗിയിൽ
ഏറേ തിളങ്ങുന്നു എന്റെ ഗ്രാമം
അത്രയ്ക്ക് സുന്ദരമെന്റെ ഗ്രാമം
മറക്കാൻ കഴിയാത്തൊരാ കൊച്ചു ഗ്രാമം…

മോഹനൻ താഴത്തേതിൽ

By ivayana