പഞ്ചമി രാവിന്റെ പൂമെത്തയിൽ വാസരസ്വപ്നവും കണ്ടുറങ്ങാൻ
ചന്ദനത്തൈലസുഗന്ധവുമായ്
തൈമണിത്തെന്നലേ നീയണഞ്ഞോ..?

ആരാമ സൗന്ദര്യദേവതയാം
സുന്ദരസൂനമാം ചെമ്പനീരിൻ
കാതിൽ സ്വകാര്യവുമോതി വന്നോ:
ഏറെ കിന്നാരങ്ങൾ നീ മൊഴിഞ്ഞോ?

രാവിൻ പ്രിയ സഖിയാം സുമത്തിൻ
ചാരെ നീ തെല്ലിട നിന്നു വന്നോ…..
നിന്നിഷ്ടയാം നിശാഗന്ധി തന്റെ ‘…
പ്രേമാർദ്ര സൗരഭ്യ ചുംബനങ്ങൾ ….

നിൽമനതാരിൽ കുളിർപകർന്നോ
പുത്തനിലഞ്ഞിപ്പൂ ചൂടി നിന്നോ
താഴത്തെ പൂഞ്ചോല ചുറ്റി വന്നോ
തൈമുല്ലപ്പെണ്ണിനെ നീ പുണർന്നോ?

തെക്കൻ കാറ്റേയെന്നോടൊന്നു ചൊല്ലൂ .!
പൂമണം നൽകിയോ പുന്നാരമായ്
ചേലൊത്ത ചേലയുടുത്തൊരുങ്ങി
പൂത്തുമ്പിപ്പെണ്ണുമടുത്തു വന്നോ..

കൈതപ്പൂ മണവുമായ് പൂമാരനും
സ്വപ്നത്തിൽ നിന്നെയുണർത്തിയെന്നോ .
ഹൃദ്യമാം സൗരഭ്യമേറ്റി തെക്കൻ
കാറ്റേ നീയെൻ ഹൃത്തിൽ മുത്തമേകി

ഏറെ പ്രിയങ്കരിയാണു നീയെൻ
പൂങ്കാറ്റേ നീയെന്റെ തോഴിയല്ലെ.!
എത്തണേ നീ പുത്തൻ പൂക്കൾ ചൂടി
മംഗല്യ രാവിലും തോഴിയായി…..!

മാധവി ടീച്ചർ, ചാത്തനാത്ത്

By ivayana