തൃശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം.
പുതുക്കാട്…..
അവിടേ, നാൽപ്പതു വർഷം മുൻപ്,
ഒരു തകര പോലെ മുളച്ചുപൊന്തിയ മനുഷ്യജന്മം അവൻ്റെ ഓർമ്മകളിലൂടെ പിന്തിരിഞ്ഞു നടക്കുകയാണ്.

ഇന്നത്തെ ആത്മബന്ധങ്ങളുടെ അപചയ കാലത്ത്,
കഴിഞ്ഞകാലത്തിൻ്റെ നന്മകൾ പൂവിട്ട നാട്ടുവഴിയിലൂടെ ഒന്നു സഞ്ചരിക്കുകയാണ്.
സ്നേഹബന്ധങ്ങളും, സൗഹൃദങ്ങളും, കാശിത്തുമ്പപ്പൂക്കൾ വിടർത്തിയ ചെമ്മൺ വഴിയിലൂടെ,
എൻ്റേതെന്നും, നിൻ്റെതെന്നും വേർതിരിവില്ലാത്ത,
പട്ടിണിയുടെ വേവിനും, ദാരിദ്ര്യങ്ങളുടെ നോവിനും, മിഴിനീരുപ്പിനും ഭേദങ്ങളില്ലെന്ന തിരിച്ചറിവിൻ്റെ കാലങ്ങളിലേക്ക് യാത്ര പോകുമ്പോൾ,
പിന്തുടരുന്ന സമഭാവനകൾ,
സ്നേഹങ്ങൾ….

കുന്നത്തെ കാവും, ചെളിച്ചാറു പുതഞ്ഞ വഴിത്താരകളും,
മീനവെയിലും, തുലാവർഷ രൗദ്രവും തെളിയുകയാണ്…
ഇന്നിൻ്റെ യാന്ത്രികതകളുടെ തിരക്കുകളാൽ പൊടി മൂടിയ സ്മൃതികളുടെ കണ്ണാടിച്ചില്ലിനെ ഓർമ്മയുടെ തെളിനീരുറവകൾ വീണ്ടും പളുങ്കു പോലാക്കുന്നു.

അന്നിൻ്റെയും, ഇന്നിൻ്റെയും ഇടയിലെ നേർത്ത പഥങ്ങളിലൂടെ തിരികെ യാത്ര ചെയ്യുമ്പോൾ,
അറിയാതെ ഓർത്തു പോവുകയാണ്,
എത്ര ചേതോഹരമായിരുന്നു കഴിഞ്ഞുപോയ കാലം….

‘ഓർമ്മയുടെ ഋതുഭേദങ്ങൾ’
അണിയറയിൽ പാകമാകുന്നുണ്ട്.
ഏറെ ആശങ്കകളോടെയാണ് ഞാനതു നിങ്ങൾക്കു മുന്നിൽ സമർപ്പിക്കാനൊരുങ്ങുന്നത്.
അക്കാദമിക് നേട്ടങ്ങൾ വിദൂര സ്വപനങ്ങളിൽ പോലുമില്ലാത്ത,
ഒരു സാധാരണക്കാരൻ്റെ ആത്മവിചിന്തനങ്ങളേ എൻ്റെ പ്രിയ സൗഹൃദങ്ങൾ നെഞ്ചേറ്റുമെന്നു വിശ്വസിക്കുന്നു.

പുസ്തകത്തിലെ ഓരോ കഥാപാത്രങ്ങളിലും, ഞാനും നിങ്ങളുമുണ്ട്.
പേരിൽ മാത്രമായിരിക്കും വ്യതിയാനം.

എല്ലാ കണ്ണീരിനും ഉപ്പു രുചിയാണ്…
എല്ലാ ചിരികൾക്കും ഒരേ നിലാപ്രഭയാണ്….

പുറംകവർ പൂർത്തിയായി,
‘ഓർമ്മയുടെ ഋതുഭേദങ്ങൾ’ അച്ചടിമഷി പുരളാൻ ഒരുങ്ങുന്നു….

എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണയും അനുഗ്രഹവും തേടുന്നു….

നിങ്ങളുടെ, രഘു….

By ivayana