ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ഷാ ലൈ ഷാ ✍

അവള് ഇങ്ങനെയൊന്നുമായിരുന്നില്ല
ഒരു പൊട്ടിപ്പെണ്ണ്..
വാ തോരാതെ
കിലുങ്ങിപ്പൊഴിയുന്ന
മഞ്ചാടിക്കുടം
പറഞ്ഞു പറ്റിക്കുമ്പോ
പിച്ചിനീറ്റിയിരുന്ന..
മിണ്ടിക്കൊണ്ടിരിക്കെ പാട്ട്പാടുന്ന..
നടത്തത്താലേ നൃത്തം ചെയ്യുന്ന അരപ്പാവാടക്കാരി..
ചിരിക്കുമ്പോ കവിളിൽ
വിരൽ താഴ്ത്തി
നുണക്കുഴികളെ ഉണ്ടാക്കുകയും
നിരയൊത്ത പല്ലുകളിലെ
മേൽ വരി മാത്രമേ
പുറത്തു കാണുന്നുള്ളൂ
എന്നുറപ്പ് വരുത്തുകയും ചെയ്യുമായിരുന്നവൾ
കൈവിരലുകൾ ചുരുട്ടി
കണ്ണീരിലുഴിഞ്ഞ്
ചിണുങ്ങി പൊഴിയുന്നതല്ലാതെ
നിലവിട്ടു കരയരുതെന്ന
വാശി കാണിച്ചിരുന്നവള്
കെട്ടിക്കൊണ്ടു പോകെ
കണ്ണിറുക്കി കണ്ണീരിലൊരു
ചിരിയൊട്ടിച്ചു വെച്ചവള്
പിന്നെപ്പിന്നെ
ചിരിവറ്റിയതും
കണ്ണിലെ ചിറപൊട്ടിയതും
കൊറ്റിയെപ്പോലെ
ഒറ്റക്കിരിപ്പിന്റെ
ധ്യാനത്തിൽ
ആനന്ദം കണ്ടു തുടങ്ങിയതും
എന്നു മുതലെന്നു
ചോദിച്ചതിനാണ്
നോക്കി നോക്കി
നിന്നവളങ്ങു പൊട്ടിത്തെറിച്ചത്…
മനസ്സിൽ തഴമ്പ് കെട്ടുന്ന
കാണാ ചങ്ങലയുടെ
കഥ പറഞ്ഞത്..
ചെസ് ബോർഡിന്റെ
കറുപ്പിനും വെളുപ്പിനുമപ്പുറമൊരു
നിറം കാണാത്ത രാജാവിന്റെ
അടിമത്തമോർമ്മിപ്പിച്ചത്
തുറക്കാത്ത ഡപ്പിയിലെ
അത്തറുപോലെ
കുറെ ജന്മങ്ങളങ്ങനെ
വെറും തൈലങ്ങളായി
അലമാരകളിൽ കഴിയുന്നുണ്ടെന്ന്
നീളമുള്ളൊരു നെടുവീർപ്പായി
അടുക്കളക്കറുപ്പിലേക്ക്
പതിയേ
അലിഞ്ഞു ചേർന്നത്
ഏതു നിമിഷവും
പൊട്ടിത്തെറിച്ചേക്കാവുന്ന
ആ മൗനഗോളത്തിനുള്ളിൽ നിന്ന്
ധൃതിപ്പെട്ടിറങ്ങവേ ഇന്ന് ഞാനോർക്കുകയായിരുന്നു
ഒരു കടല് വറ്റിക്കാനും
ഒരു കാറ്റിനെ പിടിച്ചു കെട്ടാനുമൊക്കെ
ഒറ്റ കല്യാണം മതിയല്ലേ… !!

By ivayana