രചന : ടി.എം. നവാസ് വളാഞ്ചേരി✍

നിനച്ചിരിക്കാതെ ഒരതിഥി വരാനുണ്ട്. പറയാതെ അറിയാതെ വിളിക്കാതെ . സ്വീകരിക്കാൻ മനമില്ലാ മനസ്സോടെ ഒരുങ്ങിയിരുന്നേ പറ്റു.

സ്വച്ഛമായൊഴുകിടും ജീവിതത്തിൻ
ഗതി മാറ്റുവാൻ ചരമകുറിപ്പുമായി
നിനച്ചിരിക്കാതന്നതിഥിയായ് കൂട്ടായ്
വിരുന്നെത്തി പേര് വിളിച്ചു കൊണ്ട്
പുലരിയിൽ പൂമേനി തന്നിൽ പൊതിഞ്ഞുള്ള
പുടവയ തൊക്കെ അഴിച്ചു മാറ്റി
ജീവനായ് സ്നേഹിച്ച എന്നുടെ ജീവനെ
എന്നിൽ നിന്നങ്ങു പറിച്ചെടുത്തു
ഞാനെന്ന സംഭവം ഞെട്ടറ്റു വീഴുമ്പോ
ഞാനൊന്നുമല്ലെന്നറിഞ്ഞ നേരം
ഹൃദയം നുറുങ്ങി കരഞ്ഞു ഞാൻ യാചിച്ചു
ഇനിയൊന്നു ജീവിച്ചിടട്ടെ സ്വസ്ഥം
കണ്ടു ഞാൻ ചുണ്ടിൽ വിരിഞ്ഞുള്ള
ചിരിയതിൽ നിറയുന്ന പുച്ഛവും പരിഹാസവും
സ്നേഹത്താൽ എന്നുമെൻ പേരു
വിളിച്ചവർ പോലുമാ പേരന്ന് മാറ്റിയപ്പോൾ
മൂന്നു തുണിയിൽ പൊതിഞ്ഞെന്റെ
പൂമേനി പൂമുഖമുറിയിൽ കിടത്തിയപ്പോൾ
കണ്ടു ഞാൻ ചുറ്റിലുമൊട്ടേറെ രൂപങ്ങൾ
നോക്കുന്നു സ്വാർത്ഥമാം മിഴികളാലെ
ലക്ഷ്യമതില്ലാതെ ജീവിച്ച നാളതിൽ
കിട്ടിയ ലക്ഷങ്ങൾ പങ്കു വെക്കാൻ
ധൃതി കൂട്ടി ഏവരും ചീഞ്ഞുനാറും
മുമ്പ് ശവമൊന്നടക്കിടാൻ ആറടിയിൽ
യാത്രയാക്കി അവർ ശവമഞ്ചമൊന്നതിൽ
എന്റെ കിനാക്കളും സ്വപ്നങ്ങളും
ഒറ്റവരിയിൽ കുറിച്ചിടാൻ പോലും
തികഞ്ഞില്ല എന്റെ മഹാ ചരിതം

ടി.എം. നവാസ് വളാഞ്ചേരി

By ivayana