രചന : സതീഷ് വെളുന്തറ✍️

കോടതി മുറിയിലെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ജഡ്ജിയുടെ ചേമ്പറിന് പിന്നിലെ ചുമരിൽ പഴയ ബ്രിട്ടീഷ് രാജിന്റെ ശേഷിപ്പുകൾ അയവിറക്കുന്ന ഘടികാരം പത്തു തവണ ശബ്ദിച്ചു.ഓരോ തവണ മണി മുഴങ്ങുമ്പോഴും അതിന്റെ പ്രതിധ്വനി ഏതാനും നിമിഷങ്ങൾ കൂടി അവശേഷിച്ചു. കുടുംബ കോടതി ജഡ്ജി രവി പ്രസാദ് ചേമ്പറിലേക്ക് ആഗതനായി. ആദരസൂചകമായി കോടതിമുറിയിലുണ്ടായിരുന്ന ജീവനക്കാരും അഭിഭാഷകരും എഴുന്നേറ്റ് നിന്നു. തലയോടൊപ്പം തോളുകളും അല്പം താഴ്ത്തി ജഡ്ജിയും പ്രത്യാഭിവാദ്യം ചെയ്തിട്ട് സീറ്റിൽ ഉപവിഷ്ടനായി, ഒപ്പം ജീവനക്കാരും അഭിഭാഷകരും.

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ക്രിമിനൽ പ്രൊസീജിയർ കോഡിലെയും ഒരു വകുപ്പുകളും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിൽ ഒരുപറ്റം ഉറുമ്പുകൾ വരിവരിയായി അവിടവിടെയായി കുമ്മായം അടർന്നുവീണ ഭിത്തിയിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. കുടുംബം എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ നടത്തിപ്പിൽ പരാജയപ്പെട്ട മേധാവികളും ഉപമേധാവികളുമായ ദമ്പതിമാർ തങ്ങളുടെ അഭിഭാഷകരുമായി അവസാനവട്ട തന്ത്രാലോചനകൾ കോടതിയിത്തിണ്ണയിലും പരിസരപ്രദേശങ്ങളിലും വച്ച് നടത്തിക്കൊണ്ടിരുന്നു.പുതിയ ജീവിതത്തിലേക്കുള്ള പ്രയാണം തുടങ്ങുന്ന പ്രത്യാശയും ആഹ്ലാദവുമാണ് ചിലരുടെ മുഖങ്ങളിലെങ്കിൽ ഉള്ള ജീവിതം കൈവിട്ടു പോകുന്നതിന്റെ ആശങ്കയും നെടുവീർപ്പും മറ്റു ചില മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാം. സാമ്പത്തികമായ ഉച്ചനീചത്വങ്ങളോ, ജാതി വ്യത്യാസത്തിന്റെ മേൽക്കോയ്മയോ കീഴ്ക്കോയ്മയോ, ഉദ്യോഗ പ്രൗഢിയുടെ ആഡംബരങ്ങളോ അവിടെ ബാധകമാകുന്നില്ല.


രാജിയുടെ മനസ്സ് നിർവ്വികാരമായിരുന്നു. നിറംമങ്ങിയ അവളുടെ സാരിക്ക് അല്പം വർണ്ണഭേദങ്ങൾ ചാർത്താനാണെന്ന് തോന്നുന്നു ജനാലയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം അവളുടെ മേൽ തത്തികളിക്കുന്നുണ്ടായിരുന്നു.
ഓ.പി. നമ്പർ
318/ 2015. ബെഞ്ചുക്ലാർക്ക് കേസ് നമ്പർ വിളിച്ചു. തന്റെ കേസാണ് വിളിച്ചിട്ടുള്ളതെങ്കിലും അത് രാജിയിൽ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമുണ്ടാക്കിയില്ല.കാരണം വിധി പകർപ്പിൽ ജഡ്ജി എന്തൊക്കെയാണ് എഴുതിവയ്ക്കുന്നത് എന്നറിയില്ലെങ്കിലും വിധി എന്താകും എന്നവൾക്ക് കൃത്യമായ ധാരണയുണ്ട്. ആചാരപ്രകാരമുള്ള നടപടിക്രമങ്ങളെല്ലാം തീർത്ത് ജസ്റ്റിസ് രവിപ്രസാദ് വിധിന്യായം വായിക്കാനാരംഭിച്ചു.


ജഡ്ജി വിധിന്യായമെഴുതിയ കടലാസു കഷണങ്ങളിലൂടെ ആരോഹണത്തിന്റെ പടി കയറുമ്പോൾ രാജി അവളുടെ ജീവിതത്തിലെ അവരോഹണത്തിന്റെ കണക്കുപുസ്തകം തുറന്നുവച്ച് ആയവ്യയങ്ങൾ പരതി. കൗമാരത്തിന്റെ കൂ തൂഹലങ്ങൾ വിട്ട് യൗവനത്തിലേക്കുള്ള പദമൂന്നൽ, പെണ്ണുകാണലിനു വേണ്ടിയുള്ള കെട്ടിയൊരുങ്ങൽ, കാൽവിരൽ കൊണ്ടുള്ള ചിത്രലേഖനം, പ്രതിശ്രുത വരനാകാനാഗ്രഹിയ്ക്കുന്ന മത്സരാർത്ഥിക്കു മുന്നിലുള്ള റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം പകുതി ചാരിയ വാതിലിന് പിന്നിൽ മറഞ്ഞു നിന്നുള്ള വിദൂര വീക്ഷണം ഇതൊക്കെ എത്രയോ ടേക്കുകളും റീടേക്കുകളും കഴിഞ്ഞതാണ് അവളുടെ ജീവിതത്തിൽ.


പിന്നെ ഞാൻ പാടിയ ഈണങ്ങളൊക്കെയും നിന്നെക്കുറിച്ചുള്ളതായിരുന്നു എന്ന് ഓ എൻ വി എഴുതിയത് പോലെ പിന്നീട് അവളുടെ ജീവിതത്തിൽ ഒറ്റ സീനിൽ പോലും റീടേക്ക് എന്നൊന്നുണ്ടായിട്ടില്ല. എല്ലാം ഒറ്റ ടേക്കിന് ഓക്കേയായ സീനുകളായിരുന്നു. ആദ്യരാത്രിയിലും തുടർന്നുള്ള രാത്രികളിലും സുന്ദര സ്വപ്നങ്ങൾ കാണേണ്ട ക്യാൻവാസിൽ ദുസ്വപ്നങ്ങൾ കണ്ടതും ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ എഴുന്നേറ്റ് വരുമ്പോൾ കവിൾ ത്തടങ്ങളിൽ കൈവിരൽ പാടുകൾ പതിഞ്ഞതും മസാല ദോശയും പുളിമാങ്ങയും കൊതിച്ച ആമാശയത്തിന്റെ അറകൾ ഉപ്പ് ചേർത്ത കഞ്ഞിവെള്ളത്താൽ സമൃദ്ധമായതും അങ്ങനെയങ്ങനെയങ്ങനെ.


പരാതിക്കാരിയല്ലാതെ എതിർകക്ഷി ഒരുതവണ പോലും ഹാജരാകാത്ത കേസിൽ സാധാരണ സംഭവിക്കുന്നത് തന്നെ ഇവിടെയും സംഭവിച്ചു. പരാതിക്കാരിക്ക് അനുകൂലമായി എക്സ്പാർട്ടി വിധി. ഇനി യാത്ര. ഒരു വയസ്സ് മാത്രം പ്രായമുള്ള മകനെയും മാറോടടക്കിപ്പിടിച്ചു കൊണ്ട്. കാത്തിരിക്കുന്ന ഒട്ടേറെ ചോദ്യശരങ്ങൾക്ക് മുന്നിലേക്ക്, സഹതാപത്തിൽ തുടങ്ങി സൗഹൃദത്തിലേക്ക് മാറി ഒടുവിൽ,വേണമെങ്കിൽ ഒരു അന്തിക്കൂട്ടിന് കൂടാം എന്നുവരെയെത്തുന്ന വാഗ്ദാനങ്ങൾ. വിവാഹമോചനം നേടിയ അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ച ഒരു ശരാശരി ഭാരത സ്ത്രീ നേരിടേണ്ടി വരുന്ന സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ് ഇതൊക്കെ.


ബാക്കിയുണ്ടായിരുന്ന കുറച്ച് സ്വർണ്ണം മുഴുവൻ വിറ്റാണ് വക്കീൽ ഫീസ് കൊടുക്കാനുള്ള തുക ഒപ്പിച്ചത്. പക്ഷേ സ്നേഹപൂർവ്വം അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ഓഫീസ് കയറിയിറങ്ങിയപ്പോഴും ചെറുപ്പക്കാരനായ വക്കീലിന്റെ കണ്ണുകൾ തന്റെ യൗവനത്തുടിപ്പ് കൊത്തിപ്പറച്ചില്ല എന്ന് നന്ദിപൂർവ്വം അവൾ ഓർത്തു. അതുകൊണ്ട് തന്നെ ഈ ഫീസ് സൗജന്യം മറ്റൊരു പ്രത്യുപകാരത്തിന് ചൂണ്ടലിൽ കോർത്ത ഇരയല്ല എന്ന് തീർച്ചയായും വിശ്വസിക്കാം. കഴുത്തിൽ താലിയോ, സീമന്തരേഖയിൽ സിന്ദൂരമോ ഇല്ലാത്ത യുവതിക്ക് ചുറ്റും പരിക്രമണം നടത്താൻ ഭ്രമണപഥം തെറ്റിച്ചുവരുന്ന ചില ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടാകും. ഈ വരുന്ന ഗ്രഹങ്ങൾക്കെല്ലാം ഉപഗ്രഹങ്ങളും, ഉപഗ്രഹങ്ങൾക്കെല്ലാം മാതൃഗ്രഹങ്ങളും ഉണ്ടായിരിക്കും എന്നുള്ളത് വേറെ വസ്തുത. കത്തിജ്വലിക്കുന്ന നക്ഷത്രമായില്ലെങ്കിൽ അവയിൽ പലതും ഭ്രമണപഥം തെറ്റിച്ചും നിയന്ത്രണരേഖ ലംഘിച്ചും കടന്നുവരും.


ചേച്ചിക്ക് എത്ര നാൾ വേണമെങ്കിലും ഇവിടെ കഴിയാം,സഹോദരന്റെ സൗമനസ്യം. പക്ഷേ ആ സൗമനസ്യം അവൻ വിവാഹം കഴിച്ചാൽ അവന്റെ ഭാര്യക്ക് ഉണ്ടാകണമെന്നില്ല. ഉണ്ടായിരുന്ന 20 സെന്റ് വസ്തുവിലുള്ള മൺ കട്ടകെട്ടിയ ചെറിയ വീടും 5 സെന്റും സഹോദരന്റെ പേരിൽ എഴുതി വയ്ക്കുകയും ബാക്കിയുള്ള 15 സെന്റിൽ 5 സെന്റ് വിവാഹാവശ്യത്തിന് വിൽക്കുകയും 10 സെന്റ് അവളുടെ പേരിൽ ഓഹരിയായി എഴുതി വയ്ക്കുകയും ചെയ്തിട്ടാണ് വിവാഹം നടന്നത്. പക്ഷേ കയറി ചെല്ലാൻ ആ വീടല്ലാതെ മറ്റൊരു ആശ്രയ കേന്ദ്രമില്ല. പക്ഷേ വീട് എന്ന നിർമ്മിതിക്ക് തണലും സുരക്ഷിതത്വവും മാത്രമേ നൽകാൻ കഴിയൂ. അവിടുത്തെ ഓരോ പകലും ഇരുളുന്നതിനിടയിൽ പട പൊരുതേണ്ടി വരുന്ന മറ്റു ചില ജീവിതയാഥാർത്ഥ്യങ്ങളുണ്ട്. അതിന് മറ്റൊരു നിർമ്മിതി അത്യന്താപേക്ഷിതമാണ്. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ” I promise to pay the bearer the sum of ……rupees ” എന്ന് ആലേഖനം ചെയ്തിട്ടുള്ള കടലാസു തുണ്ടുകൾ.


ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് അവളുടെ കേസ് വാദിച്ച അഡ്വക്കേറ്റ് മനോജ് കുമാറിന്റെ ഫോൺ കോൾ തേടിയെത്തുന്നത്. അദ്ദേഹത്തിന് ഒരു ക്ലർക്കിന്റെ ആവശ്യമുണ്ട്. സർ,എനിക്കതിന് എക്സ്പീരിയൻസ് ഒന്നുമില്ല എന്ന് അവൾ പറഞ്ഞെങ്കിലും, എനിക്കിവിടെ വേറെ രണ്ട് ഗുമസ്തന്മാർ കൂടിയുണ്ട്, കാര്യങ്ങളൊക്കെ അവർ പഠിപ്പിച്ചു കൊള്ളും, ഒരു ലേഡി സ്റ്റാഫ് ജോലി ലഭിച്ചു പോയ ഒഴിവിലേയ്ക്കാണ് തന്നെ പരിഗണിക്കുന്നത്, തനിക്ക് ഇതൊരു സഹായവുമാകും. അടുത്തദിവസം രാവിലെ 9 മണിക്ക് ഓഫീസിൽ എത്താൻ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്.

വിവിധ വർണ്ണങ്ങളിലുള്ള ചിത്രശലഭങ്ങൾ അവൾക്ക് ചുറ്റും നൃത്തം വയ്ക്കുന്നത് പോലെ തോന്നി. മറ്റേതോ വഴിക്ക് പോകാൻ വന്ന ഒരു ഇളം കാറ്റ് അവളുടെ സന്തോഷം അറിഞ്ഞിട്ടെന്നതുപോലെ അതിൽ പങ്കാളിയാകാൻ അതുവഴി വന്ന് മെല്ലെ അവളെ തലോടിയിട്ടു പോയി. വിവാഹ നാളുകളിൽ കാണാതെ പോയ മധുര സ്വപ്നങ്ങൾ ആ നിശയിൽഅവളുടെ ചങ്ങാതിമാരായി. കവിളുകളിൽ കൈവിരൽപാടുകൾ പതിയാത്ത ഒരു പ്രഭാതം അവൾക്കുവേണ്ടി കാത്തിരുന്നു.

സതീഷ് വെളുന്തറ

By ivayana