രചന : ഗായത്രി രവീന്ദ്ര ബാബു ✍

അയാൾക്കു മുന്നിൽ, താഴിട്ടു പൂട്ടിയ മനസ്സ് തുറക്കില്ലെന്ന ഭാവത്തിൽ അവൾ ഇരിക്കുന്നു.
“നിങ്ങൾ ഒരുമിച്ചിരുന്നാണ് അന്ന് ഊണു കഴിച്ചത് എന്നു പറഞ്ഞല്ലോ.”
“പറഞ്ഞു “
പിന്നെ ബാലു വീട്ടിലെത്തിയപ്പോഴേക്കും അവശനായിരുന്നെന്നും വിശ്രമിക്കാനായി കിടന്നെന്നുമാണ് ഭാര്യ സേതുലക്ഷ്മിയുടെ മൊഴി.
“അത് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല “
“എന്തു കൊണ്ട് ?”
മൗനമായിരുന്നു മറുപടി
അയാൾ തുടർന്നു.
“പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത് വിഷം ഉള്ളിൽ ചെന്ന് മരണപ്പെട്ടു എന്നാണ്.”
“ഞാനും കേട്ടു. വായിച്ചറിഞ്ഞു. “
“അപ്പോൾ? വിഷം ഉള്ളിൽ ചെന്നത് …?”
“ഇവിടെ നിന്നല്ല എന്നു മാത്രം പറയാനേ എനിക്കു സാധിക്കൂ . ഒരേ ഭക്ഷണം പങ്കിട്ടാണ് ഞങ്ങൾ കഴിച്ചത്.”
അവളുടെ ഒച്ച ഇടറുന്നതും കണ്ണുകളിൽ നനനവ് പടരുന്നതും അയാൾ അറിയുന്നുണ്ടായിരുന്നു.
“വീട്ടിലെത്തി , കിടക്കും മുമ്പ് പതിവുപോലെ അദ്ദേഹം എന്നെ വിളിച്ചു. ആ സ്വരത്തിൽ യാതൊരു ക്ഷീണവും ഉണ്ടായിരുന്നില്ല. പിറ്റേന്നാൾ ചെയ്യേണ്ട പ്രസംഗത്തെപ്പറ്റി ഓർമ്മിപ്പിച്ച് , ഒരുങ്ങി നില്ക്കണം ഒരുമിച്ച് പോകാം എന്നു പറഞ്ഞ് വളരെ സന്തോഷത്തോടെയാണ് ഫോൺ വച്ചത്.”
“സേതുലക്ഷ്മി പറയുന്നത് ….
തുടരാൻ കഴിയാതെ അയാൾ നിർത്തി
ഏറെ നേരത്തെ നിശ്ശബ്ദത . ഒടുവിൽ അയാൾ പറഞ്ഞു.
“സേതുലക്ഷ്മിക്ക് നിങ്ങളെ സംശയമുണ്ടെന്ന് അറിയാമോ? “
“അങ്ങനെ അവൾ വെറുതെ ഭാവിക്കുന്നു ,പറയുന്നു. അല്ലേ?”
അയാൾ അവിശ്വസനീയതയോടെ അവളെ നോക്കി .
“എന്തു കൊണ്ട് സംശയിക്കാൻ പാടില്ല ?”
“പാടില്ല. പാലിൽ വിഷം ചേർത്ത് കൊടുത്തത് അവൾ തന്നെ ആയതുകൊണ്ട്. “
“വെറുതെ ഓരോന്ന് പുലമ്പരുത്. “
“പാൽ കുടിച്ചിട്ട് കിടക്കണം ‘ എന്ന് ആ സ്ത്രീ പറയുന്നത് എന്റെ ഫോണിൽ പതിഞ്ഞു കിടപ്പുണ്ട്. ഇപ്പോഴും ! “
” എന്തുകൊണ്ട് നിങ്ങളത് പോലീസിൽ അറിയിക്കുന്നില്ല ?”
“അത് വേണ്ട.”
“അറിയിക്കാതിരിക്കുന്നത് തെറ്റല്ലേ?”
“പറഞ്ഞല്ലോ. അത് വേണ്ട.”
അവർ എഴുന്നേറ്റു .
തിരിച്ചു പോരുമ്പോൾ അയാൾ വിചാരിച്ചു .
ഉത്തരമറിയാത്ത കടങ്കഥ പോലെ , ബാലുവിന്റെ പ്രണയിനി , തന്റെ മനസ്സിനെ അലോസരപ്പെടുത്തുന്നുണ്ടോ?

By ivayana