എനിക്കൊരു
അവിഹിതമുണ്ട്.
അംഗണവാടിയിലെ
പയറുകഞ്ഞിയിൽ
നിന്നാണത്
കുടിയേറിയത്.

ഒന്നാം ക്ലാസ്സിന്റെ
ഡെസ്കിനടിയിൽ
ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും
രമ ടീച്ചർ ചാക്കിട്ട്
പിടിച്ചു.

പിന്നെയോരോ
യുവജനോത്സവത്തിന്റെ
പ്രൈസ് ലിസ്റ്റിൽ പേര്
വന്നപ്പോൾ ഒഴിപ്പിക്കാൻ
നോക്കിയവരൊക്കെ ചേർന്ന്
എന്നെയൊരു പാലയാക്കി
അതിലവനെ തളച്ചിട്ടു.

ഉണർത്തുന്നസൂര്യനും
ഉറക്കുന്ന ചന്ദ്രനും
ഉണ്ണുന്ന റേഷനും
ശ്വസിക്കുന്ന വായുവും
കുളിക്കുന്ന കുളവും
കരയുന്ന കടലും
ചിരിക്കുന്ന ആകാശവും
പിന്നെ അവനായി

പനിപിടിച്ചു കിടപ്പിലായ
അവിഹിതത്തിന് മരുന്ന്
വാങ്ങാൻ പോകുന്ന വഴിക്കാണ്
വഴിയരികിലെ മറ്റൊരു
തൂലികയുമായി കൂട്ടിമുട്ടി
പ്രണയത്തിലായി കാലുതെറ്റി
കൊക്കയിൽ വീണത്.

അപ്പൊഴും പഴിയേറ്റു
വാങ്ങിയത് എന്റെ
അവിഹിതമായിരുന്നു.

ഈ അവിഹിതത്തിൽ
പിറന്നതാണെന്റെ
കുഞ്ഞു കവിതകൾ..

ഇനി എന്റെ ശവക്കച്ചയുടെ
ഇഴകളിൽ ഇടംപിടിക്കുന്നത്
വരെ വരികളായി
അരിച്ചട്ടിയിൽ
ഇവനുമുണ്ടാവും.

എന്റെ വിധിവരച്ച
വരയിലെ കയ്പുനീരുണ്ണുന്ന
എന്റെ കവിത!!!

By ivayana