കഴിഞ്ഞ ദിവസം എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടി, മാർക്ക്‌ലിസ്റ്റ് സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നു.

ആരോ ഒരു വിരുതൻ ഈ വിവരങ്ങൾ വച്ച് പുനഃപരിശോധനയ്ക്ക് ഓൺലൈൻ വഴി അപേക്ഷ നൽകി.

സ്കൂൾ പ്രധാന അദ്ധ്യാപിക വഴിയാണ് കുട്ടി വിവരം അറിയുന്നത്. ഇന്ന് വായിച്ച ഒരു വാർത്തയാണ്.

നമ്മുടെ വിവരങ്ങൾ അടങ്ങിയ പ്രമാണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടം പറയാനാണ് ഈ ഉദാഹരണം പറഞ്ഞത്.

അതു പോലെ ‘വിസ കിട്ടി, 18 നു യാത്ര തിരിക്കും’

എന്ന രീതിയിലും ആൾക്കാർ പാസ്സ്‌പോർട്ട്, വിസ പേജുകളുടെ കോപ്പിയും ഷെയർ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

തമാശയക്കായോ, മനപ്പൂർവമായോ ആരെങ്കിലും എയർപോർട്ടിലോ, ഇമ്മിഗ്രേഷൻ ഡിപ്പാർട്ടമെന്റിലോ വിളിച്ചു പറഞ്ഞാൽ യാത്ര വരെ താമസിക്കാം; ചിലപ്പോൾ മുടങ്ങാം.

കൂടാതെ ഈ വിവരങ്ങൾ ക്രിമിനൽ/ ഭീകര പ്രവർത്തികൾക്കും ഉപയോഗിക്കാം.

പലപ്പോളും പണി കിട്ടിക്കഴിഞ്ഞേ പലരും വിവരം അറിയൂ.

അതേപോലെയാണ് ചിലർ ഫേസ്ബുക്കിൽ ചെക്കിൻ ചെയ്യുന്നത് ‘ട്രാവല്ലിംഗ് വിത്ത് ഫാമിലി ടു ദുബായ് ഫോർ എ വീക്ക്’.

കള്ളന് ടെൻഷൻ ഒന്നും കൂടാതെ മോഷണം നടത്താനുള്ള ഒരു സൂചന കൂടിയാണ് ഈ വിവരങ്ങൾ വഴി നമ്മൾ കൊടുക്കുന്നത്.

അപ്പോൾ വ്യക്തിപരമായ വിവരങ്ങൾ എങ്ങിനെ സുരക്ഷിതമായി സൂക്ഷിക്കാം?

1) സ്വകാര്യമായതും വ്യക്തിഗതമായതുമായ വിവരങ്ങൾ കഴിവതും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാതെ ഇരിക്കുക. ജനന തീയതി, അഡ്രസ്സ്, ബാങ്ക് ഡീറ്റെയിൽസ്, പാസ്സ്‌പോർട്ട് നമ്പർ, പാൻ/ ആധാർ നമ്പർ തുടങ്ങിയവ മറ്റുള്ളവരുമായി ഷെയർ ചെയ്യാതെ ഇരിക്കുക.

2) കംപ്യൂട്ടർ, മൊബൈൽ, USB ഇവയിലെ ഡാറ്റ Encrypt ചെയ്തു സൂക്ഷിക്കുക. സ്വന്തമായി ചെയ്യാൻ പറ്റില്ല എങ്കിൽ നല്ല പരിചയമുള്ള സുഹൃത്തിന്റെയോ, ബന്ധുവിന്റെയോ മാത്രം സഹായം തേടുക.

3) പാസ്സ്‌വേർഡുകൾ ഒരിക്കലും എവിടെയെങ്കിലും എഴുതിയോ/ മൊബൈൽ ഫോണിൽ സേവ് ചെയ്തോ സൂഷിക്കാതെ ഇരിക്കുക. ഓർമ്മിക്കാൻ പറ്റുന്നില്ലെങ്കിൽ മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന രീതി അവലംബിക്കുക.

4) പരിചയമില്ലാത്ത കടകളിൽ ഒരിക്കലും ഫോൺ ലാപ്ടോപ്പ് യവ റിപ്പയറിനായി കൊടുക്കാതെ ശ്രദ്ധിക്കണം.

5) ഫോൺ/ ഇമെയിൽ വഴി പരിചയം ഇല്ലാത്തവർക്ക് ഒരിക്കലും വ്യക്തിഗത വിവരങ്ങൾ കൈമാറരുത്.

6) വീട്ടിൽ വന്ന അഡ്രസ് വെളിവാക്കുന്ന എഴുത്തുകൾ, പഴയ പ്രമാണങ്ങൾ, ഇവ ഒരിക്കലും ബിന്നിൽ നിക്ഷേപിക്കരുത്. അവ shred (തുണ്ടുതുണ്ടാക്കുക) ചെയ്യുകയോ, കത്തിച്ചു കളയുകയോ വേണം.

7) ഫോൺ, ലാപ്ടോപ്പ്, ടാബ്‌ലെറ്റ് ഇവ അലക്ഷ്യമായി ഇടരുത്. വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ സുരക്ഷിതമായി ലോക്ക് ചെയ്തു വയ്ക്കുക.

8) ആവശ്യം ഇല്ലാത്ത സമയങ്ങളിൽ ഡിവൈസുകളിലെ ബ്ലൂ ടൂത്ത്‌ ഓഫ് ചെയ്തു വയ്ക്കുക. പബ്ലിക്ക് വൈ-ഫൈ പൂർണ്ണമായും സുരക്ഷിതമല്ല. അത്യാവശ്യം ഉള്ള അവസരങ്ങളിൽ മാത്രം പബ്ലിക്ക് വൈ-ഫൈ ഉപയോഗിക്കുക.

9) ഹോളിഡേ ഫോട്ടോകൾ, സാമൂഹ്യ മാധ്യമങ്ങളിൽ യാത്ര കഴിഞ്ഞു വീട്ടിൽ വന്നതിന് ശേഷം മാത്രമേ പബ്ലിക്ക് ആയി ഷെയർ ചെയ്യാവൂ.

10) പാസ്സ്‌വേർഡുകൾ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കുക. മറ്റാർക്കും മനസ്സിലാകാത്ത അക്ഷരങ്ങളും, സംഖ്യകളും, ചിഹ്നങ്ങളും കൂട്ടിക്കലർത്തിയുള്ള 15, അല്ലെങ്കിൽ 20 എണ്ണമുള്ള ‘പാസ്സ്-ഫ്രേസുകൾ’ പാസ് വേർഡായി ഉപയോഗിക്കുക.

ഓർക്കുക: അമേരിക്കൻ ഫുട്‍ബോളർ ആയ Jason Myers പറഞ്ഞപോലെ “Sometimes not telling people anything is a good thing.” അതായത് ചിലപ്പോൾ ആരോടും ഒന്നും പറയാത്തത് ഒരു നല്ല കാര്യമാണ്.” പ്രത്യേകിച്ചും വ്യക്തിഗത വിവരങ്ങൾ!

Anas Kannur

By ivayana