ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കുമ്മായം പൂശിയ
നിറയെ ആണിത്തുളകളുള്ള
വിളറിയ ചുമരിൽ
കൊതുക് രക്ത സാക്ഷ്യം വഹിച്ചതിന്റെ
ചുവന്ന അടയാളം
തേഞ്ഞുപോയ വള്ളിച്ചെരിപ്പ് പോലെ
വാർദ്ധക്യം വന്ന കലണ്ടറിന്
ഡിസംബറിന്റെ മുഖം
രണ്ടും കാലം കഴിഞ്ഞാൽ വലിച്ചെറിയേണ്ടവ
നിലച്ചുപോയ ഘടികാരത്തിൽ നിന്നും
അടർന്ന് വീഴുന്ന
സൂചികളും പെൻഡുലവും
പുത്തൻ പദങ്ങൾക്കിടമില്ലാതെ
വീർപ്പുമുട്ടുന്ന പഴഞ്ചൻ നിഘണ്ടുകൾ
അതിനിടയിൽ
തുരുമ്പെടുത്ത് പോവുന്നുണ്ട്
പല പദങ്ങളും
നാവുകൾക്ക് താഴിട്ടാലും
അക്ഷരങ്ങൾ ചാട്ടുളികളായ്
പുനർജനിക്കും

By ivayana