ഒറ്റപ്പെട്ടു ജീവിക്കുമ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.
ഓ, കഷ്ടം തന്നെ.
എന്തൊരു ജീവിതമാണത്?
ഇവർക്ക് കണ്ണീർ ഗ്രന്ഥികൾ ഇല്ലേയെന്ന്
നമ്മൾ സംശയിച്ചുപോകും.
ചുമക്കാൻ പറ്റാത്തത്ര ഭാരം
തലയിൽ ചുമന്നു നടക്കുന്ന കാലത്തും
അവർ ചിരിച്ചിട്ടുണ്ടായിരിക്കും.
ഒരിക്കൽ ഒരുപാട് സ്നേഹിച്ചവർ തള്ളിപ്പറയുമ്പോഴും
അവരുടെ ചുണ്ടിൽ നിന്നും ചിരി മാറിയിട്ടുണ്ടാവില്ല
പ്രിയപ്പെട്ടവർ ഒന്നൊന്നായി അവരെ ഒഴിവാക്കുമ്പോഴും
അവർക്ക് ചിരിക്കാതിരിക്കാൻ പറ്റാറില്ല.
ശത്രുക്കളും വഞ്ചകരും അവരെ
ചതിച്ചു വീഴ്ത്തുമ്പോൾ പോലും
അവർ ചിരിച്ചുകൊണ്ടേയിരിക്കും
ലോകത്തിൽ ആർക്കും വേണ്ടാത്തവരായി
മാറി കൊണ്ടിരിക്കുന്നു എന്നറിയുമ്പോഴും അവർ ചിരിക്കും.
ദൈവം പോലും കൈ വിട്ടു എന്നറിയുമ്പോൾ
അവരുടെ ചിരികൾ പൊട്ടിച്ചിരികൾ ആയി മാറാറുണ്ട് ചിലപ്പോഴൊക്കെ.
അപ്പോഴൊക്ക അവർ കേൾക്കുന്ന
ചില വിളികളെ നോക്കിയും അവർ ചിരിക്കുകയേയുള്ളൂ.
അങ്ങനെയിരിക്കെ ചിരിക്കാൻ മറന്നു പോകുന്ന
ഏതോ ഒരു ദിവസമാണ് അവർ
ഏതോ ഒരു തെരുവിൽ കിടന്ന് മരിച്ചു പോവുന്നത്.
എങ്കിലും മരിച്ച ഉടനെ തന്നെ
അവർ വീണ്ടും ചിരിക്കാൻ തുടങ്ങും.
ഓ, കഷ്ടം തന്നെ.
എന്തൊരു മരണമാണത്?

സജിത് കുമാർ.

By ivayana