ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ഫെബ്രുവരി 27
ചന്ദ്രേശേഖർ ആസാദ്
ബലിദാന ദിനം
പേര്.?
“ആസാദ്”‌
അച്ഛന്‍റെ പേര്..?
“സ്വാതന്ത്ര്യം”
വീട്‌..?
“ജയിൽ”
പതിനാലാം വയസ്സിൽ കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്‌ ധീരമായി ഉത്തരം നൽകിയ ബാലൻ..
ഇരുപത്തിയഞ്ച്‌ വർഷത്തെ ജീവിതംകൊണ്ട്‌ ഭാരത സ്വാതന്ത്രസമര ചരിത്രത്തിൽ അവിസ്മരണീയ മുദ്രപതിപ്പിച്ച വിപ്ലവനായകൻ..
നിസ്സഹകരണ പ്രസ്ഥാനത്തിൽ സഹകരിച്ചതിനു കോടതി ശിക്ഷിച്ചത്‌ 15 ചാട്ടവാറടി, അടികൊണ്ട്‌ രക്തം തെറിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞില്ല, ഭാരത്‌ മാതാ കീ ജയ്‌.. വന്ദേ മാതരം.. എന്നീ ദേശീയ മന്ത്രങ്ങൾ ഉദ്ഘോഷിച്ച ധീരതയുടെ പര്യായം..
1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി ജനിച്ചു.
ചെറിയ പ്രായത്തിൽ തന്നെ പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന്
‘ആസാദ്’ എന്ന പേര് ലഭിച്ചത്.
അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.
1919 ഏപ്രിൽ 13നാണ് ഇന്ത്യയെ നടുക്കിയ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. റൗളറ്റ് നിയമത്തിനെതിരേ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗിൽ നടത്തിയ സമ്മേളനത്തിലേക്ക് ബ്രിട്ടീഷ് പോലീസ് യാതൊരു കാരണവും കൂടാതെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാൻ ആകെയുണ്ടായിരുന്നു ഒരു വാതിൽ കൂടി അടച്ചാണ് പോലീസ് ഈ ക്രൂരകൃത്യം നിർവ്വഹിച്ചത്. ഇത്തരം സംഭവങ്ങളെല്ലാം ചന്ദ്രശേഖറെ അത്യധികം രോഷാകുലനാക്കി. പ്രതികാരത്തിനുവേണ്ടി അദ്ദേഹത്തിന്‍റെ മനസ്സു തയ്യാറെടുത്തു .
ഒരു സമ്മേളനത്തിൽ വെച്ച് പോലീസുകാരനെതിരേ കല്ലെറിഞ്ഞതിന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കപ്പെട്ടു. പിറ്റേ ദിവസം വിചാരണക്കായി കോടതിയിൽ ഹാജരാക്കപ്പെട്ട ചന്ദ്രശേഖർ, വിചാരണക്കിടെ ന്യായാധിപന്റെ ചോദ്യത്തിനു മറുപടിയായി തന്‍റെ പേര് ആസാദ് എന്നാണെന്നും, പിതാവിന്‍റെ പേര് സ്വാതന്ത്ര്യം എന്നും താമസിക്കുന്നത് ജയിലിലാണെന്നും പറയുകയുണ്ടായി.
കൂസലന്യേന ആസാദ് ശിക്ഷ ഏറ്റുവാങ്ങി. ഓരോ പ്രഹരം പുറത്തു വീഴുമ്പോഴും ഭാരത്‌ മാതാ കീ ജയ്‌… വന്ദേ മാതരം എന്നു ഉറക്കെ വിളിക്കുകയാണ് ചന്ദ്രശേഖർ ചെയ്തത്.
വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി.
ഇക്കാലത്ത് അവരോടൊപ്പം പ്രവർത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.
1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം വിപ്ലവകാരികൾ അപായ ചങ്ങല വലിച്ച് നിർത്തി തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു. പണവും കൊണ്ട് ഇവർ ലക്നോയിലേക്കു കടന്നു.
സൈമൺ കമ്മീഷനെതിരേ പ്രതിഷേധം പ്രകടിപ്പിച്ച ലാലാ ലജ്പത് റായിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു. ഈ മർദ്ദനത്തിൽ നിന്നും മോചിതനാവാതെ റായ് മരണമടഞ്ഞു. ഇതിൽ കുപിതരായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ പ്രവർത്തകർ ഇതിനെതിരേ പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. ലാത്തിച്ചാർജ്ജ് നടത്തിയ സ്കോട്ട് എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ചന്ദ്രശേഖറും, ഭഗത് സിംഗും കൂടെ തീരുമാനിച്ചു. സുഖ്ദേവും, ശിവറാം രാജ്ഗുരുവും ഈ പദ്ധതിയിൽ പങ്കാളികളായിരുന്നു. എന്നാൽ സ്കോട്ടിനു പകരം കൊല്ലപ്പെട്ടത് ജോൺ സോണ്ടേഴ്സ് എന്ന ഉദ്യോഗസ്ഥനായിരുന്നു.
ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. 1929 ൽ ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ വിപ്ലവകാരികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു.
ആസാദിന്റെ നേതൃത്വത്തിൽ നടന്ന
ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്. എന്നാൽ ഒറ്റുകാരന്‍റെ സഹായത്തോടെ പോലീസ് ആ സ്ഥലം മനസ്സിലാക്കുകായിരുന്നു. തുടർന്നു നടന്ന വെടിവെപ്പിൽ ആസാദ് മൂന്നു പോലീസുകാരെ വധിക്കുകയുണ്ടായി. രക്ഷപ്പെടാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർന്‍റെ കൈത്തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്‍റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു.
ആ വീര ബലിദാനത്തിന് മുന്നിൽ
പ്രണാമങ്ങൾ… ജയ് ഹിന്ദ്

By ivayana