മൗനത്തിന്റെ തിരുമുറിവുകൾ കാണാതെ
ഒരു നിമിഷമിവിടെ കാതോർത്തു നില്ക്കുക…
കാരുണ്യം വറ്റിയൊരാ മിഴികളും തുറക്കുക.
വിശക്കുന്നവയറിലും നിറയൊഴിക്കുന്ന
ലോകമെ നിന്നോടെനിക്ക് വെറുപ്പാണ്.
അമ്മിഞ്ഞ പാലിനായ് കരയുന്ന കുഞ്ഞിന്റെ
ചുണ്ടിലും അമ്മതൻ നിണമിറ്റുവീഴവെ,
വിശ്വമാകെയും ചുടുചോര മണക്കുന്നു.
അന്തിയുറങ്ങുവാനിടം തേടി വെയിൽതിന്ന്
പലായനം ചെയ്യുവോരുടെ മുഖത്തേയ്ക്കുറ്റ് നോക്കുക,
അല്പമാത്രയിൽ മനുഷ്യരായിടാം.
ആതുരാലയങ്ങളിലും തീമഴ പെയ്യുന്നു.
നിലയ്ക്കാതെ ആർത്തനാദങ്ങളുയരവെ
അധിനിവേശത്തിൻ ആരവം കരയിലും,
കടലിലുമാകാശത്തിലും ഭയം നിറക്കുന്നു.
ഇവിടെയീ നമ്മളും ഭയത്തിന്നിരയാവുന്നു
ശബ്ദമുണ്ടെങ്കിലും മിണ്ടുവാനാകാതെ
മൗനമുണ്ടുമുറങ്ങിയും നിർഗുണജന്മമായ്
ലോകാഃ സമസ്താഃ സുഖിനോ ഭവന്തുവെന്ന്
അയവിറക്കുന്നു വൃഥാ അധരവ്യായാമം.
ഒരു പേരിന്ന് പോലുമിവിടെയീ മണ്ണിൽ
പോരിനായങ്കം കുറിക്കുന്ന ഭ്രാന്താലയം.
മുന്നിൽ പിടയുന്ന സഹജീവിക്കൊരിറ്റ്
ദാഹനീർ നൽകുവാൻ കഴിയാതെ നിർ
ലജ്ജം ഭയന്ന് കാഴ്ചക്കാരായിനില്കുന്നു.
സത്യം വിഴുങ്ങി അസത്യം ഛർദ്ദിക്കുവാൻ
മടിയാതെ സത്യാന്വേഷിയുടെ പിന്മുറക്കാർ
മതങ്ങൾ പങ്കിട്ട മനസ്സുകളിൽ മനുഷ്യത്വം
വറ്റി വരണ്ട് ഹിംസയിന്നോരാചാരമാകുന്നു.
അഹിംസയെന്നൊരു സ്നേഹമന്ത്രമുരുവിട്ട്,
ഉണ്ണാവൃതമിരുന്ന മഹാത്മാവെമാപ്പിരക്കുന്നു.

By ivayana