ഉടുതുണിയിൽ പൊതിഞ്ഞ
എന്റെ ഉടലിനെ ഞാൻ ഭയന്നത്
എന്നുമുതലാണ് ?
അതിനൊരു
കാലമെന്നൊന്നുമില്ല…
പെറ്റുവീണപ്പൊള്‍ മുതല്‍
പെണ്ണുടലിനെ പൊതിഞ്ഞ്
സൂക്ഷിക്കുന്നവരാണ്…
കാമാര്‍ത്തി പൂണ്ടവനൊക്കെ
പ്രായമോ ഉടലോ
ഒന്നും തന്നെ നോട്ടമില്ല.
പെണ്ണായിരുന്നാല്‍ മതി…
എന്നിട്ടും …
എന്നിട്ടും പൊതുവിടത്തിൽ
വിവസ്ത്രയായി പോയ
പെണ്ണായിരുന്നു ഞാൻ.
എനിക്ക് ഭയമായിരുന്നു
അവരെ …
പ്രണയമില്ലാതെ
സ്നേഹമില്ലാതെ
ആ മനുഷ്യരെന്നെ
ഭോഗിക്കുമെന്ന്
ഞാൻ നിരന്തരം ഭയന്നു.
സുരക്ഷിതമായൊരിടം
തേടി ഞാൻ
അലഞ്ഞു…
ഇല്ല അങ്ങനെയൊരിടം
അമ്മയുടെ ഗർഭപാത്രത്തിലല്ലാതെ
മറ്റെങ്ങും ഞാൻ കണ്ടില്ല.
എന്നിട്ടും അവരെന്നെ പിടികൂടി.
എന്റെ ശരീരവും
മോഹങ്ങളും സ്വപ്നങ്ങളും
തച്ചുടച്ച്
അവരെന്നെ വലിച്ചെറിഞ്ഞു.
ഞാൻ വീണത് ഈ
സമൂഹത്തിന്റെ
മടിത്തട്ടിലേക്കും.
അവിടെ ഞാൻ എത്രതവണ
വീണ്ടും പീഡിപ്പിക്കപ്പെട്ടു…
എത്രതവണ വീണ്ടും
അപമാനിക്കപ്പെട്ടു.
എത്രയെത്ര തവണ ചോദ്യം
ചെയ്യപ്പെട്ടു…
ആരൊക്കെ എനിക്ക്
നേരെ വിരല്‍ ചൂണ്ടി…
ഞാനെത്രയോ തവണ വീണ്ടും
അവർക്കുമുന്നിൽ
ഉടുതുണിയുരിഞ്ഞു
നിന്നു…
എത്ര നനഞ്ഞാലും
മാറാത്ത
കറയായി അതെന്നെ
കാർന്നു
തിന്നുമെന്ന്
എനിക്കറിയാമായിരുന്നു.
ഞാനെത്ര ഇരുട്ട് തേടി
ഇറങ്ങി…
അന്നും അവര്‍ വെളിച്ചത്തില്‍
ആരെയും കൂസാതെ നടക്കുന്നു…
അടുത്ത ഇരയെ തേടുന്ന
ആ കണ്ണുകള്‍ ഞാന്‍
ചൂഴ്ന്നെടുത്തു.
വെട്ടിയിട്ട ശരീരങ്ങൾക്കുമേൽ
ഞാൻ തലയുയർത്തി നിന്നിട്ടും
അവർ പരതിയത്
എന്റെ ശരീരത്തിന്റെ
ഉള്ളിലന്ന്
പൊട്ടിയൊലിച്ച
നേർത്ത പാടയെയാണ്…
അതായിരുന്നൊ ഒരു
പെണ്ണിന്റെ സ്വത്വം ?
അവർ വീണ്ടും പറഞ്ഞു
നീയെത്ര തവണ
അവരുടെ ഇരയായിരിക്കുന്നു…
പീഡിപ്പിക്കപ്പെട്ടതിനാല്‍
എന്നെ
നശിച്ചുപോയവളെന്ന്
മുദ്രകുത്തുന്നതെന്തിന് ?
എന്റെ ശരീരത്തിനേറ്റ
പ്രഹരം കഴുകി കളയാന്‍
ഞാന്‍ തയ്യാറായിരുന്നു.
വ്രണം കണക്കെ ആ
വിഴുപ്പ് ചുമക്കേണ്ടതെന്തിന് ?
എനിക്ക്
ജീവിക്കാനുള്ള,
പുഞ്ചിരിക്കാനുള്ള
അവകാശത്തെ കൂടി
അവരെന്നില്‍ നിന്നെടുത്ത്
കളഞ്ഞിരിക്കുന്നു.
പെണ്ണുടലില്‍ കോര്‍ക്കുന്ന
വേദനകളെ കാര്‍ന്ന്
അവരെനിക്കു നേരെ
കണ്ണടയ്ക്കുന്നു.
പെണ്ണെന്നാൽ …
ഇവിടം
നരകമാണെന്ന്
ഞാന്‍
ചിന്തിച്ചു പോകുന്നു…
പൊലയാട്ടുകള്‍ക്ക്
നിന്നു കൊടുക്കാതെ
യാത്ര ചൊല്ലുന്നു.
പിഴച്ചതോ പിഴപ്പിച്ചതോ?
തെരുവിലെ പേപിടിച്ചലയുന്ന
നായകള്‍ക്ക്
ശരീരമെറിഞ്ഞ് കൊടുത്ത്
ഞാനെന്റെ
മനസ്സിന്റെ വേലിയേറ്റങ്ങള്‍ക്ക്
വിടനല്‍കുന്നു.
ഇനിയും പിറക്കാനൊരു
ജന്മം തരികയാല്‍
പെണ്ണാവരുത്!

സബിത ആവണി

By ivayana