സായാഹ്നം, ഉപ്പു രസമുള്ള ഇളം കാറ്റ്…… ഒന്നിന് പുറകേ ഒന്നായി തീരത്തേക്ക് അടിച്ചു കയറുന്ന തിരകൾ..
വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന മദ്ധ്യവയസ്കൻ. നരച്ചു തുടങ്ങിയെങ്കിലും കരുത്തുള്ള ശരീരം…
സമീപത്ത് ഹിപ്പി സ്റ്റൈലിലുള്ള പയ്യൻ… എന്തോ പറയാനായി കാത്തു നിൽക്കുകയാണ്. ശ്രദ്ധിക്കാതെ വന്നപ്പോൾ പതുക്കെ ഒന്നു ചുമച്ചു.
അയാൾ തിരിഞ്ഞു നോക്കി. എന്താ ! സുഖമില്ലേ ?? കടൽകാറ്റിന് തണുപ്പുണ്ട്.
പയ്യൻ വിടർന്ന കണ്ണുകളോടെ പുഞ്ചിരിച്ചു. എനിക്ക് ഒരു കാര്യം ചോദിക്കണമെന്നുണ്ട്..
അത്രേയുള്ളോ, ആയിക്കോട്ടെ… ഇരുന്നോളു.
പയ്യൻ നനവുള്ള പൊടിമണ്ണിൽ ഇരുന്നു.
എവിടന്നാ വരുന്നേ… ?
ഞാൻ ഇവിടെ അടുത്തു തന്നെയാ, അച്ഛൻ മിലിട്ടറിയിലായിരുന്നു. വല്ലിയച്ചൻ, എൻറ അച്ഛൻറ അച്ഛൻ, ഞാൻ കുഞ്ഞായിരുന്നപ്പോൾ ഈ കടപ്പുറത്തു കൊണ്ടു വരുമായിരുന്നു. ഒരുപാട് കഥകൾ പറയും… കൊച്ചുണ്ണിയേ പറ്റിയും….!!
കുട്ടിക്കെന്നതാ വേണ്ടത്…?
ഞാൻ താങ്കളെ എപ്പോഴും ഈ കടപ്പുറത്ത് കാണാറുണ്ട്, കൊച്ചുണ്ണിയെ അറിയാമോ…..?
നിശ്ശബ്ദം… അദ്ദേഹം ചക്രവാളത്തിലേക്ക് നോക്കിയിരിപ്പാണ്…
ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണെ.. പയ്യൻ.
ഓ… ഇല്ല മോനെ പറയാം…. പറയാം….
കൊച്ചുണ്ണിയുടെ കാലം… രാജഭരണം, അയിത്തം തീണ്ടൽ തൊടീൽ മേൽജാതിക്കാരുടെ അക്രമം.. ദാരിദ്ര്യം, മേലാളന്മാർക്കുവേണ്ടി എല്ലുമുറിയേ പണിയെടുക്കുന്ന ജനം…
തീരത്തെ ചാളപുരക്കൂട്ടത്തിനിടയിലാണ് കൊച്ചുണ്ണി വളർന്നത്. കുഞ്ഞിലേ നല്ല ആരോഗ്യം, പതിവിൽ കൂടുതൽ സാമർത്ഥ്യം മരത്തേക്കേറാനും എന്തിനും എവിടേയും മുന്നിലുണ്ടാകും.. അടുത്തുള്ള കളരിയിൽ പഠിപ്പിക്കുന്നതെല്ലാം കൊച്ചുണ്ണി കണ്ടു പഠിച്ച് കടപ്പുറത്ത് കൂട്ടുകാരൊന്നിച്ച് പരിശീലിക്കും മിടുക്കനായിരുന്നു.
പയ്യൻ നിലത്ത് ഒന്ന് ഇളകിയിരുന്നു. ബുക്കും പേനയും എടുത്തു.
എനിക്ക് കോളേജ് മാഗസിനിൽ ഒരു ലേഖനം എഴുതാനാണ്… കൊച്ചുണ്ണിക്കെത്ര കാമുകിമാരുണ്ടായിരുന്നു..?
അദ്ദേഹം മുഖമുയർത്തി ചെറുതായി പുഞ്ചിരിച്ചു.
യുവാവായ കൊച്ചുണ്ണിയെ ആരു കണ്ടാലും നോക്കിപ്പോകും, ഹൃദ്യമായ പെരുമാറ്റം, ആകാരവടിവ്, ഭയം, പണം, ഭക്ഷണം, സുരക്ഷ ഇതൊക്കെയാവാം സ്ത്രീകളെ കൊച്ചുണ്ണിയിലേക്ക് ആകർഷിച്ചത് , അൽപം പ്രായം കൂടിയ ഒരു സ്ത്രീ കൊച്ചുണ്ണിയെ ചതിച്ചു പിടിക്കപ്പെടാനിടയായി, കൗശലപൂർവ്വം രക്ഷപ്പെട്ടു.
അവൻറ ഹൃദയത്തിൽ കൂടുകൂട്ടാൻ ഭാഗ്യം കിട്ടിയത് രണ്ട് സ്ത്രീകൾക്കാണ്. സുമതിയും ആമിയും… അവരുടെ കഥ ഞാൻ പറയാം…

നാടുവാഴിയുടെ കര്യസ്ഥനായിരുന്നു ചേകരൻ വേലൻ, കരമൊഴിവായി പതിച്ചുകിട്ടിയ കായലോരവും വയലുകളും, നൂറുകണക്കിന് കുടിയാൻമാർ, അവർക്ക് കൊല്ലംമുഴുവൻ പണിയും ഭക്ഷണവും, അയാളുടെ മകന് ഒരു കാലിന് സ്വാധീനകുറവുണ്ടെങ്കിലും അച്ഛൻറ കാലശേഷവും പ്രതാപം നിലനിർത്തി കൊണ്ടു പോകുന്നു.
വലിയ വീടിനോട് ചേർന്ന് കളരിയും കുലദൈവവും പൂജയുമെല്ലാം…. എപ്പോഴും ഒരു ഉൽസവ പ്രതീതി, നാലു പെൺമക്കൾ, മൂത്തവൾ സുമതി, കൊച്ചുണ്ണി ചെറുപ്പം മുതൽ അവിടത്തെ ഒരംഗം പോലെയാണ്.
മാസത്തിലൊരിക്കലെങ്കിലും കൊച്ചുണ്ണിയെ കണ്ടില്ലെങ്കിൽ സുമതിക്ക് സഹിക്കില്ല. പണിക്കാരെ വിട്ട് അവൻ എവിടെയുണ്ടെങ്കിലും വിളിച്ചു കൊണ്ടുവരാൻ പറയും, ഒരിക്കൽ കൊച്ചുണ്ണി ഒരുസ്ത്രീയുടെ കൂടെ തമസമാക്കിയ വിവരമറിഞ്ഞ് സുമതി വേലക്കാരൊടൊപ്പം അവിടെ ചെന്നു.
പരിചയമില്ലാത്തവരെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവർ ഭയപ്പെട്ട് പുറത്തേക്ക് പോയി. സുമതി അകത്തുകയറി പുതച്ചുകിടക്കുകയായിരുന്ന കൊച്ചുണ്ണിയെ തുരുതുരാ തല്ലി, കൈകൾ വേദനിച്ചപ്പോൾ ഉറക്കെ പൊട്ടിക്കരഞ്ഞു. പണിക്കാർ അവളെ തൊഴുകൈയ്യോടെ വിളിച്ച് മഞ്ചലിൽ കയറ്റി തിരിച്ചു നടന്നു. കൊച്ചുണ്ണി തൻറ കൈയ്യിലുണ്ടായിരുന്ന പണം പായിൽ വച്ച് പുറത്തേക്കിറങ്ങി, അവരുടെ പിന്നാലെ നടന്നു. വെള്ളം നീന്തി കടക്കേണ്ട തോട്ടിൽ എത്തിയപ്പോൾ പിന്നിൽ മഞ്ചൽ ചുമന്നിരുന്ന പണിക്കാരനെ മാറ്റി അവൻറ ചുമലിൽ വച്ചു.
സുമതിയേയും വേലക്കാരേയും കാണാതെ അച്ഛനും സഹോദരിമാരും വിഷമിച്ചു. അന്വേഷിക്കുവാൻ നാലുഭാഗത്തേക്കും ആളെ അയച്ചു. ഇരുട്ടിയപ്പോൾ അവർ എത്തി. അച്ഛൻ പടിപ്പുരയിലേക്ക് ഓടിവന്നു. സുമതി മഞ്ചലിൽ നിന്നും ഇറങ്ങി, തന്നെ ചുമന്നത് കൊച്ചുണ്ണിയാണെന്നറിഞ്ഞി്ട്ടും ഒന്നും പറയാതെ അവൾ നടന്നു. സഹോദരിമാർ ഓടിയെത്തി അവളെ അകത്തേക്ക് കൊണ്ടു പോയി അച്ചൻ പണിക്കാരേയും കൊച്ചുണ്ണിയേയും കളരിയിലിരുത്തി കുടിക്കാനും ഭക്ഷണവും ഏർപ്പാട് ചെയ്തു.
പിറ്റെ ദിവസം രാവിലെ കളരി അഭ്യാസം കഴിഞ്ഞു കൊച്ചുണ്ണി മുഖം തോർത്തു കൊണ്ട് മറച്ച് പായിൽ നിവർന്നു കിടക്കുന്നു. തിരുമ്മുകാരനും മർമ്മാണി വിദഗ്ദനുമായി ചില്ലുആശാൻ അവൻറ ദേഹത്ത് എണ്ണ പുരട്ടുന്നു. സുമതി അവിടെയെത്തി എണ്ണപാത്രം വാങ്ങിച്ചു മിണ്ടരുത് എന്ന് ആംഗ്യം കാട്ടി കൊച്ചുണ്ണിയുടെ ദേഹത്ത് പുരട്ടി തുടങ്ങി, കൊച്ചുണ്ണി രണ്ടു കൈയ്യും വിരിച്ച് കിടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുഷ്ടി ചുരുട്ടി രണ്ടു കൈകൊണ്ടും അവൻറ നെഞ്ചിൽ ഇടിച്ചു.
അതു പതിവുള്ളതല്ലല്ലോ എന്ന് വിചാരിച്ച് കൊച്ചുണ്ണി മുഖത്തെ കച്ച മാറ്റി കണ്ണു തുറന്നു. സുമതി അവൻറ രണ്ടു കൈകകളിലും പിടിച്ചു അവനു മീതെ ചേർന്ന് മുഖത്തോടുമുഖം കിടന്നു. അവളുടെ മുടി കെട്ടഴിഞ്ഞ് അവൻറ മുഖത്ത് ഉരസി
കായിക്ക് ഇന്നലെ വേദന എടുത്തോ…?
ഉം ഉം ..!! കൊച്ചുണ്ണി ഇല്ലെന്ന് മൂളി..
അവൾ ചിരിച്ചു, പിന്നെ അവൻറ നെഞ്ചിൽ മുഖമമർത്തി പതുക്കെ ചോദിച്ചു…
എന്നെ ഇഷ്ടമില്ലേ…?
കുഞ്ഞാമ്മെ, നിന്നെ എനിക്ക് പെരുത്തിഷ്ടം…..
എഴുന്നേൽക്ക് വെള്ളം ചൂടായിട്ടുണ്ട്. അവൾ അവനോട് പറഞ്ഞു.
അവൻ അവിടെയുള്ളപ്പോൾ സുമതി കളരിയിലും ഭക്ഷണകാര്യത്തിലും പരിസരത്തുമെല്ലാം ഒപ്പം ഉണ്ടാകും, സന്ധ്യക്ക് വിളക്ക് വച്ച് പൂജ കഴിഞ്ഞാൽ പിന്നെ അവളെ കാണില്ല.
തലയിൽ കരിക്കുകുലകളുമായി പാണൻ ആ വഴി വന്നു.
ങ്ങള് ഇന്ന് ഒറ്റക്കല്ലല്ലോ….!? പാണൻ മുറുക്കിചുവപ്പിച്ച കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു.. കരിക്ക് വെട്ടട്ടെ…?
നീ എങ്ങോട്ടാ, ??
തമ്പാൻ പറഞ്ഞിട്ടാ പണിക്കാരൊണ്ട്.. പാണൻ കരിക്ക്കുല താഴയിട്ടു
അരയിൽ നിന്നും ചെത്തുകത്തിയെടുത്ത് വെട്ടി തുടങ്ങി.
അദ്ദേഹം കരിക്ക് വാങ്ങി നിലത്തുവച്ചു മടിപ്പൊതിയിൽ നിന്നും നാണയമെടുത്ത് പാണന് നൽകി, കരിക്കു കുല പൊക്കി പാണൻറ തലയിൽ വച്ചു കൊടുത്തു.
വണങ്ങി പാണൻ നടന്നുപോയി.
മോൻ ഇത് കഴിച്ചോ… അദ്ദേഹം പയ്യൻറ നേർക്ക് കരിക്ക് നീട്ടി.
വലിയച്ചൻ ആരായിരുന്നു. ഓർക്കുന്നുണ്ടോ… ??
പിന്നെ.. എന്നെ വലിയ ഇഷ്ടമായിരുന്നു. എന്നോ ഒരിക്കൽ നേരം വെളുത്തപ്പോൾ കണ്ടില്ല. കാശിക്ക് പോയി എന്നെല്ലാം പറയുന്നതു കേട്ടു ഇപ്പോൾ 20 കൊല്ലം കഴിഞ്ഞു.
പേര് …?
പാക്കരൻ… വലക്കലച്ചൻ എന്നാ വിളിക്കുന്നേ…! വള്ളവും വലയും കുറേ കൂട്ടുകാരും ഉണ്ടായിരുന്നു എന്നു പറയുന്നു.
അദ്ദേഹം കടലിനക്കരേക്ക് കണ്ണെടുക്കാതെ നോക്കുകയാണ്.. പാക്കരനുണ്ണിച്ചനും കൂട്ടുകാരുടേയും വള്ളം വരുന്നുണ്ടോ എന്ന്….
രാവിലെ താൻ കടപ്പുറത്ത് കിടന്ന് വെയിൽ കായുകയായിരുന്നു. തോളത്ത് വലയുമേന്തി വലക്കലച്ചനും പണിക്കാരും.. തന്നെ കണ്ടതും.
എടാ മടിയാ എഴുന്നേൽക്ക് .. തിരിച്ചു വരുമ്പോൾ അമരത്ത് നീ ആയിരിക്കും…. വലക്കലച്ചൻറ കുലുങ്ങുന്ന ശബ്ദം
ഞാനില്ല അച്ചോ…. കൊച്ചുണ്ണി.
എടാ വാസു, മണീച്ചാ…. ഇവനെ പൊക്കി വള്ളത്തിലിട്…!!
വാസുവും മണീച്ചനും വലയും തുഴയും താഴെവച്ചു. കൊച്ചുണ്ണിയുടെ അടുത്തേക്ക് വന്ന് അവൻറെ രണ്ടു കാലിലും കഴുത്തിലും പിടിച്ചു. കൊച്ചുണ്ണി കരണം മറിഞ്ഞു. വാസു കമന്നടിച്ച് പൂഴിമണ്ണിൽ… എല്ലാവരും പൊട്ടിചിരി….
കൊച്ചുണ്ണി വാസുവിനെ എടുത്തു തോളത്തു വച്ചുകൊണ്ട് വള്ളത്തിലേക്ക് നടന്നു.. ആർപ്പുവിളിയോടെ പണിക്കാരും…..
എന്താ ആലോചിക്കുന്നേ….?? കരിക്ക് ഇഷ്ടപ്പെട്ടില്ലേ.. ? പയ്യൻ ആരാഞ്ഞു.
ഇല്ല…. ഒന്നും ഇല്ല……
കൊച്ചുണ്ണിയും കൂട്ടുകാരൊന്നിച്ച് ചെറിയ കളവുകൾ നടത്തുമായിരുന്നു. തേങ്ങാ, നെല്ല്, കായ അതെല്ലാം ചാളയിലെത്തി എല്ലാവർക്കും വിതരണം ചെയ്യും… വലിയ ജന്മിമാരുടെ അറപ്പുരയാണ് ലക്ഷ്യം, ആവശ്യത്തിനുള്ളതു മാത്രമെ കക്കുകയുള്ള. പാഴാക്കി കളയില്ല.
രാജാവിന് ആവശ്യം വരുമ്പോൾ പടയാളികളെ അയക്കുന്ന ഒരു മരക്കാറുണ്ട്. ഒരുപ്രദേശം മുഴുവൻ അങ്ങേരുടേതാണ്.. അതിരുകളില്ല. എട്ടുകെട്ടും പത്തായവും ആയുധപുരയും നെല്ല് അറയും വലിയ തൊഴുത്തുകളും…. പണിക്കാർക്കും കാവൽപടയാളികൾ താമസിക്കുവാനുള്ള സൗകര്യവും, അവിടെ മാത്രമാണ് കുതിരയെ കണ്ടിട്ടുള്ളത്. കൊച്ചുണ്ണി ചങ്ങാതിമാരൊന്നിച്ച് തരം കിട്ടുമ്പോൾ അറപുരയിൽ നിന്നും നെല്ല് മോഷ്ടിക്കും..
ഒരു ദിവസം കൂട്ടുകാർ നെല്ല് ചാക്കിലാക്കി കൊണ്ടു പോയി. കൊച്ചുണ്ണി അറപ്പുരയിലെ ചാർത്തിൽ ഒളിച്ചിരുന്നു. ആഭരണങ്ങൾ, സ്വർണ്ണനാണയങ്ങൾ കുടുംബക്ഷേത്രത്തിലെ വിലപിടിച്ചവസ്തുക്കൾ കൈക്കലാക്കണം എന്ന ഉദ്ദേശം കുറച്ചു നാളായി അവൻറ മനസ്സിലുണ്ട്. പണിക്കാരുടേയും കാവൽക്കാരുടേയും നീക്കം, പരിസരത്തെ കെട്ടിടങ്ങളുടെ കിടപ്പ് എല്ലാം അവൻ മനസ്സിലാക്കി. ഇരുട്ടിയപ്പോൾ പടിപ്പുരഭാഗത്തും ഭടൻമാരുടെ കാവൽസ്ഥലത്തും പന്തങ്ങൾ തെളിഞ്ഞു, പിൻഭാഗത്ത് പൊതുവേ വെളിച്ചം കുറവ്. വലിയ തൊഴുത്തുകളും ആയുധപുരയും കടന്ന് കുളകടവിലെത്തി കൊച്ചമ്പലത്തിൽ വിളക്ക് തെളിയുന്നുണ്ട്.
വീടിൻറ പിന്നിലായി വളരെ നീളമുള്ള വരാന്തയും അതിനോട് ചേർന്ന് മുറിയും… അരികിലായി കിണർ..
എങ്ങോട്ട് നീങ്ങണം എന്ന് ആലോചിച്ച് നിൽക്കുമ്പോൾ കിണറിൻറ തൂണിനരുകിൽ അനക്കം കണ്ടു. ആരോ ഉണ്ട്. അവൻ അൽപം കൂടി ഇടത്തേക്ക് നീങ്ങി.. ഒരു സ്ത്രീ അഴിച്ചിട്ട മുടി കോതികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കൊച്ചുണ്ണി കുറച്ചുകൂടി അടുത്തേക്ക് …
മുണ്ട്,… മാറത്ത് ഒരു കച്ചയും, അവൾ അരമതിലിൽ ഇരിക്കുകയാണ് അടുത്ത് മറ്റ് ആരേയും കാണാനില്ല. കൊച്ചുണ്ണി കിണറിനടുത്തേക്ക് നടന്നു വക്കത്ത് കൈകുത്തി നിന്നു. അവളുടെ ഗന്ധം അവന് അനുഭവപ്പെട്ടു.
നല്ല ആഴമുള്ള കിണർ… അവൻ പതുക്കെ പറഞ്ഞു
ആ സ്ത്രീ തിരിഞ്ഞു നോക്കി, അവൻ അവളുടെ കണ്ണുകളിലേക്കും
ചെറുപ്പക്കാരി, തന്നെ കണ്ടിട്ട് അവൾക്ക് അൽപം പോലും ഭയം ഇല്ല. അവൻ ഇരുട്ടിലേക്ക് നീങ്ങി…
അവൾ എഴുന്നേറ്റു. പിന്നെ വേഗം നടന്നു മുറ്റത്തേക്കിറങ്ങി കിണറിനടുത്തും എല്ലായിടത്തും നോക്കി…
തന്നെയാണ് അവൾ അന്വേഷിക്കുന്നതെന്ന് കൊച്ചുണ്ണിക്ക് ഉറപ്പായി. അവൻ
വയലിലൂടെ കുടിലിലേക്ക് നടന്നു.

പിറ്റേ ദിവസം കൊച്ചുണ്ണിക്ക് സമയം നീങ്ങുന്നുണ്ടായില്ല. കൂട്ടുകാർ അന്വേഷിച്ചു വന്നു. തലവേദനയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. രാത്രിയായപ്പോഴേക്കും വയലിലെത്തി. പടയാളികൾ മുൻഭാഗത്ത് ഉണ്ട്. തൊഴുത്തിനടുത്തായി അറപുരക്കരികിൽ രണ്ടു മൂന്നു പേർ എന്തോ വേവിക്കുകയാണ്. വിറക് കത്തി പുക ഉയരുന്നു. അവൻ വഴിമാറി, കുളത്തിനടുത്തെത്തി.മതിലിനോട് ചാരിനിന്നു. നക്ഷത്രവെളിച്ചത്തിൽ അവന് പരിസരം ഒരുവിധം കാണാം തലേദിവസത്തെ അത്രയും ഇരുൾ ഇല്ല. മാനത്തെ നിലാവ് അരിവാൾ പോലെ…
മുറിക്കകത്ത് നേരിയ വെട്ടം, അവളെ കാണാനില്ല. തൊഴുത്തിൽ പശുക്കൾ അമറുന്ന ശബ്ദം . ഒരാൾ പന്തവുമായി അങ്ങോട്ടു പോകുന്നു. കൊച്ചുണ്ണി മതിലിൻറ മറവിലാണ്… പെട്ടെന്ന് അവൻ അവളെ കണ്ടു തിണ്ണയിൽ ഇരിക്കുന്നു. മുണ്ടിന് മീതെ ഇരുണ്ട കച്ച. മുടി അഴിച്ച് ഇരുവശത്തുമായി വിതിറിയിട്ടിരിക്കുന്നു. പന്തക്കാരൻ വന്നില്ലായിരുന്നുവെങ്കിൽ താൻ അവളെ കാണുകയില്ലായിരുന്നു.
കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്. വെളിച്ചത്തിൽ അവളുടെ മുഖം ചുമന്നതു പോലെ. ഇന്നലെ ഇങ്ങനെയായിരുന്നുവോ…? അതേ അവൾ തന്നെ. പന്തം അണഞ്ഞു, അയാൾ നടന്നകന്നു. അവൾ വീണ്ടും ഇരുട്ടിലായി, മുണ്ട് ഇപ്പോഴും കാണാം….
അവൻ നടന്ന് അടുത്തെത്തി തറയിലിരുന്നു. നിലത്ത് കൈപ്പത്തി കൊണ്ട് അടിച്ച ശബ്ദമുണ്ടാക്കി. അവൾ ഞെട്ടി അവനെ നോക്കി. കൊച്ചുണ്ണി കിണറിൻറ വശത്തേക്ക് നടന്നു അവൾ വേഗത്തിൽ എഴുന്നേറ്റു,
നിൽക്കു… എന്ന് അടക്കി പറഞ്ഞു. അവൻറയടുക്കൽ എത്തി.
നിങ്ങൾ ആരാണ്. പുതിയ പണിക്കാരനാണോ.?. കാവൽക്കാർ കണ്ടാൽ ഉപദ്രവിക്കും.
എന്തു പറയണണെന്ന് അറിയാതെ കൊച്ചുണ്ണി ചിരിച്ചു തൻറ തൊട്ടു നിൽക്കുന്ന ഈ സുന്ദരി… അവന് വിശ്വാസം വന്നില്ല.
അവൾ അവൻറ നെഞ്ചിൽ ചൂണ്ടാണി വിരൽ വച്ചു… ഞാൻ പറഞ്ഞതു കേട്ടോ..??
എന്നെ ആരും ഒന്നും ചെയ്യില്ല. അവൻ പറഞ്ഞു
അവൾ അൽപം കൂടി അടുത്തു. കൊച്ചുണ്ണി വലതു കൈ അവളുടെ തോളിൽ വച്ചു, ഭാരം കൊണ്ടു അവൾ ചരിഞ്ഞു അവനെ മുറുകെ കെട്ടിപിടിച്ചു. മുൻഭാഗത്ത് ആരോ ഉറക്കെ സംസാരിക്കുന്ന ശബ്ദം. അവൾ രണ്ടു കൈകൊണ്ടും അവൻറ കഴുത്തിൽ ചുറ്റിപിടിച്ചിരിക്കുകയാണ്. കൊച്ചുണ്ണി അവളെ പൊക്കിയെടുത്തു കൊണ്ട് നടന്നു. അവളുടെ മുലകച്ച നിലത്തുവീണു. അവൾ ഇരുകാലുകളും കൊണ്ട് അവനെ ഇറുക്കിപിടിച്ച് ചുണ്ടിലും മൂക്കിലും പതിയെ കടിച്ചു. കൊച്ചുണ്ണി വേച്ചുപോയി കാലിടറി വീണു. അവളുടെ മാറിടം അവൻറ നെഞ്ചിലമർന്നു.
വല്ലതും പറ്റിയോ …???
എൻറ കാലൊടിഞ്ഞു.. അവൾ മൃദുവായി പറഞ്ഞു. അവൻ ഇപ്പോഴും അവളുടെ മീതെയാണ്.
വലതു തുടയിൽ പിടിച്ചു കൊണ്ട് ഈ കാലാണോ… എന്നു ചോദിച്ചു
രണ്ടു കാലും … അവൾചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
കാവൽക്കാരുടെ ഭാഗത്ത് പന്തങ്ങൾ നീങ്ങുന്നത് നിഴലുകളായി ഉയർന്നു നിൽക്കുന്ന മരങ്ങളിൽ കാണാം..
അവർ ഇങ്ങോട്ട് വരുമോ.?
ഇടക്ക് വിളക്കുമായി വരും
അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
ഞാൻ ആമിയാണ്….!! .പേരെന്താ….?
ചിന്നൻ.
മുറിക്കകത്തേക്ക് വരാമോ..?
നാളെ വരാം… ആമി പൊയ്ക്കോ…!!.
വരാന്ത വരെ അവൻ അവളോടൊപ്പം നടന്നു. പിന്നെ രണ്ടു കൈകളിലും പിടിച്ച് പതുക്കെ നടന്നകന്നു. അവൾ അകത്തേക്ക് പോയി.
കുറച്ചു നടന്നശേഷം അവൻ തിരിഞ്ഞു നിന്നു. അകത്തേക്ക് പോകാമായിരുന്നു. കാവൽക്കാരുടെ ബഹളവും വെളിച്ചവും ആണ് . ഇങ്ങനെ പോരാൻ കാരണം. വീണ്ടും അവളുടെ അടുത്തേക്ക് പോയാലോ…
മുറിയിൽ വെളിച്ചമില്ല, അവളെ കാണുന്നുമില്ല. കുറച്ചു സമയം ആലോചിച്ച് നിന്നതിന് ശേഷം അവൻ തിരിച്ച് നടന്നു, പാതിരായായപ്പോൾ കടൽകരയിലെത്തി ഭയങ്കര വിശപ്പ്.

നേരം വെളുത്തു തുടങ്ങിയപ്പോൾ കൂട്ടുകാർ അവനെ കുലുക്കി വിളിച്ചു. ഞങ്ങൾ നിന്നെ എല്ലായിടത്തും അന്വേഷിച്ചു. എവിടെയായിരുന്നു. കൊച്ചുണ്ണിയുടെ തലക്ക് ഭാരം, അവർ അവനെ പിടിച്ച് പൊക്കി, നിവൃത്തിയില്ലാതെ കൂടെ പോയി. ഭക്ഷണം കഴിച്ചപ്പോൾ ഉഷാറായി. അവൻറ മനസ്സ് അവളുടെ കൂടെയായിരുന്നു. കൂട്ടുകാരോടൊപ്പം കായലിൽ മീൻ പിടിച്ചു. കരയിൽ തീ കൂട്ടി പാകം ചെയ്തു. സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് കൊച്ചുണ്ണി കൂട്ടുകാരോട് നുണ പറഞ്ഞ് രക്ഷപ്പെട്ടു. അവൻ സ്വപ്ന ലോകത്തിലാണ്, സ്വയം നിയന്തണം വിട്ട പോലെ. സ്ത്രീകൾക്ക് ഇത്രയും വശീകരണശക്തി ഉണ്ടെന്ന് ആദ്യമായി അറിയുകയാണ്. നാലു നാഴിക ദൂരമുണ്ട് അവിടെവരെ….
അവളെ കാണണം താൻ വാക്ക് പറഞ്ഞതാണ്. പതിവു പോലെ വയലിലെത്തി ദൂരെ മരക്കാരുടെ സ്ഥലം, വെളിച്ചമില്ല. അടുത്തെത്തിയപ്പോൾ കാവൽപുര ശൂന്യം പന്തം എരിയുന്നില്ല. കൊച്ചുണ്ണിക്ക് സംശയം വർദ്ധിച്ചു. കൂറച്ചു കൂടി ഇരുട്ടാൻ കാത്തിരുന്നു.
അവൻ മറ്റൊരു വഴിയിലൂടെ കിണറിനടുത്തെത്തി. ഇന്ന് വളരെ ശാന്തം , എല്ലാവരും എവിടെപ്പോയി. അവളുടെ മുറിയിൽ ഇരുട്ടാണ്. വെളുത്ത വസ്ത്രമണിഞ്ഞ ആരോ ഇടക്കെല്ലാം ജനൽഭാഗത്ത് നീങ്ങുന്നു. അവൾ തന്നെ കാത്തിരിക്കുകയാണോ.. തറയിൽ ഉണക്ക ഇലകൾ അമരുന്ന സ്വരം അവൻ തിരിഞ്ഞതും വലിയ മൂളൽ…. പെട്ടെന്ന് കുനിഞ്ഞ് ഒഴിഞ്ഞുമാറി, കുളത്തിനരുകിലേക്ക് ഓടി, ആരൊക്കെയൊ അടക്കി സംസാരിക്കുന്നു. ഒരു പന്തം തെളിഞ്ഞു.
പാടത്ത് എത്തിയപ്പോൾ അവൻ തിരിഞ്ഞു നോക്കി… കൂടുതൽ അളുകൾ പന്തവുമായി അവിടെയുണ്ട്, തന്നെ തിരയുകയാവും.. തോളിൽ നനവ് …
കുറേശ്ശെ വേദനയും രക്തം , മുറിവേറ്റിട്ടുണ്ട്. അവൻ കിതച്ചു തുടങ്ങി.. കളരി അകലെയാണ്. അവിടെവരെ എത്താൻ കഴിയുമോ. കൈ കൊണ്ട് തോൾ അമർത്തി കഴിയുന്ന വേഗത്തിൽ നടന്നു.

മുഖം പൊള്ളുന്നതു പോലെ… കൊച്ചുണ്ണി കണ്ണുതുറന്നു. എഴുന്നേൽക്കാൻ കഴിയുന്നില്ല. സുമതി ആവി പിടിക്കുകയായിരുന്നു. കളരി ആശാൻ പലകയിൽ ഇരിക്കുന്നു. കൊച്ചുണ്ണി ഒന്നും മനസ്സിലാകാത്തതു പോലെ എല്ലാവരേയും നോക്കി, ആശാൻ എഴുന്നേറ്റ് കൊച്ചുണ്ണിയെ മതിലിൽ ചാരി ഇരുത്തി. സുമതി ചൂടുവെള്ളം കുടിക്കുവാൻ കൊണ്ടുവന്നു. ഒന്നും പറയേണ്ട.. സുഖമാവട്ടെ… എന്നും പറഞ്ഞ് പാളയെടുത്ത് വീശി തുടങ്ങി..
നീ അറപ്പുരയിലാണ്. ഇവിടെയുണ്ടെന്ന് ആരും അറിയേണ്ട. പുറത്തേക്ക് പോകരുത്.. രാജഭടൻമാർ നിന്നെ അന്വേഷിക്കുന്നുണ്ട്.
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൊച്ചുണ്ണി സുഖമായി.. കുറച്ചു നാൾ ഇവിടെനിന്നും മാറിനിൽക്കുന്നതാണ് നല്ലതെന്ന് എല്ലാവരും അഭിപ്രായം പറഞ്ഞതനുസരിച്ച് അവൻ മലമ്പ്രദേശത്ത മുതുവാകുടിലിൽ താമസമാക്കി. ഒരാഴചകഴിഞ്ഞ് വിശേഷങ്ങളറിയാൻ കളരിയിൽ നിന്നും ആളു വന്നു.
അവന് വെട്ടുകൊണ്ട രാത്രിയിൽ വളരെ താമസിച്ച് കടവിൽ നിന്നും 12 തുഴക്കാരുള്ള മാളികകെട്ടിയ ഓടിവള്ളം പോയതായി അറിഞ്ഞു. ആമി ഒരുപക്ഷേ കായലിൻറ അടിത്തട്ടിൽ… അല്ലെങ്കിൽ പാണ്ടിനാട്ടിൽ എവിടെയെങ്കിലും കാണും എന്നു പറഞ്ഞു
കൊച്ചുണ്ണി പോയതിന് ശേഷം സുമതി ആരോടും കൂടുതൽ സംസാരിക്കാതെയായി. ഉർജസ്വലത നഷ്ടപ്പെട്ടു. ചിരിക്കുന്നതു തന്നെ അപൂർവ്വം….
രണ്ടുമാസം കടന്നു പോയി.. സന്ധ്യക്ക് അനിയത്തി വന്നു വിളിച്ചു.
അക്കേ.. മീൻ വഞ്ചി വന്നിട്ടുണ്ട് കൂടെ വരാമോ…..
നീ വിളക്ക് എടുത്തു കൊണ്ട് പൊയ്ക്കോ… ഞാൻ വന്നേക്കാം എന്നു പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ പകുതി വഴിയിൽ നിന്നും ചേച്ചി എന്ന് ഉറക്കെ വിളിച്ചു.
സുമതി വേഗം അങ്ങോട്ട് ഓടി… പോകുന്ന വഴിക്ക് എന്തോ കടിച്ചതു പോലെ തോന്നി. കാര്യമാക്കിയില്ല.
മീൻ കുട്ടയിലാക്കി കൊണ്ടുവന്നു. വല്ലാത്ത ക്ഷീണം എന്നും പറഞ്ഞ സുമതി കിടന്നു. രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവൾ എഴുന്നേറ്റില്ല,
നേരം വെളുത്ത് അവൾ ഉണർന്നപ്പോൾ മുഖത്തും ദേഹത്തും നീര്,
വൈദ്യരും, വിഷഹാരിയും ആശാനും തങ്ങൾക്കറിയാവുന്ന മരുന്നുകൾ അവൾക്ക് കൊടുത്തു. ഉച്ചയായപ്പോൾ സുമതി അവരെ പിരിഞ്ഞ് പോയി…
അയാൾ നിശ്ശബ്ദനായി… സൂര്യൻ താഴുകയാണ്.
മാമാ.. ഇരുട്ടുന്നതിന് മുൻപ് എനിക്ക് വീട്ടിൽ ചെല്ലണം… ഞാൻ നാളേയും വരും… വിരോധമുണ്ടോ…?
ഇല്ല മോനെ …. എപ്പോൾ വേണമെങ്കിലും വരാം… അദ്ദേഹത്തിൻറ കണ്ണുകളിൽ നനവ്, വാക്കുകളിൽ ദുഃഖം
പയ്യൻ എഴുന്നേറ്റ് കൈകൾ കൂപ്പി. ബുക്കുമെടുത്ത് കുഴമണ്ണിലൂടെ ഓടി അകന്നു.
കടൽ വറ്റിപ്പോയാലും ഈ തീരങ്ങളിൽ ഞാൻ ഉണ്ടാവും….. കള്ളനായി ജിവിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. കൂനകൂട്ടിയ സമ്പത്തിൽ നിന്നും കുറച്ചെടുത്ത് ഇല്ലാത്തവർക്ക് നൽകി…… .അത്രമാത്രം….
അരയിൽ തിരുകിയ കഠാരിയിൽ അന്തിവെയിൽ ചുംബനമിട്ടു.

സണ്ണി കല്ലൂർ

By ivayana