ഞാൻ മരിച്ചു എന്ന വാർത്ത
ഇന്ന് ഉച്ചതിരിഞ്ഞാണ് ഇറങ്ങി നടന്നത്
പലരും എന്നെ വിളിച്ചു ചോദിച്ചു
അപ്പോൾ മുതൽക്കാണ് ഞാൻ അറിയുന്നത്
അപ്പോൾ തന്നെ എനിക്കും സംശയം തോന്നി തുടങ്ങി
ഞാനും പലരെയും വിളിച്ചു
ഒരാൾ പറഞ്ഞു; ഇന്നു രാവിലെയും കണ്ടിട്ടുണ്ട്
ഏതാണ്ട് 9.15 ആയിക്കാണും
ബസ്സിൽ പോവുകയായിരുന്നു.
ഞാൻ സമാധാനിച്ചു
ഇന്ന് 9.15 വരെ ഞാൻ ജീവിച്ചതിന്
തെളിവ് കിട്ടിയിരിക്കുന്നു
അങ്ങനെയെങ്കിൽ ബസ് യാത്രയിലാവും
മരിച്ചിട്ടുണ്ടെങ്കിൽ ഞാൻ മരിച്ചിട്ടുണ്ടാവുക
മറ്റൊരാൾ പറഞ്ഞു;
10.12 ന് ലോട്ടറി കടയിൽ കണ്ടിരുന്നു.
ഞാൻ ആശ്വസിച്ചു
എൻ്റെ ജീവിതം ഏതാണ്ട് ഒരു മണിക്കൂർ കൂടി നീണ്ടിരിക്കുന്നു
ലോട്ടറി അടിക്കുകയോ മറ്റോ ചെയ്ത സന്തോഷത്തിലാവണം.
നാട്ടുകാരൻ പറഞ്ഞു;
കള്ളുഷാപ്പുവരെ നമ്മൾ ഒരുമിച്ചാണ് നടന്നത്
ഏതാണ്ട് പതിനൊന്നായിക്കാണും.
അങ്ങനെയെങ്കിൽ എൻ്റെ മരണം
എൻ്റെ ശീലമായ കള്ളുകുടിയുമായ് ബന്ധപ്പെട്ടിരിക്കുന്നു
കുടിച്ച കള്ളിൽ അല്ലെങ്കിൽ കുടിച്ച് കുടിച്ച്
അങ്ങനെയൊക്കെ ചരിത്രമുണ്ടല്ലോ
ഞാൻ ഷാപ്പുകാരനെ വിളിച്ചു
അയാൾ പറഞ്ഞു;
പറ്റുതീർക്കാൻ പറഞ്ഞപ്പോൾ
എൻ്റെ തന്തയ്ക്ക് വിളിച്ചാണ്
നിങ്ങൾ പോയത്
എൻ്റെ തന്ത മരിച്ചിട്ട് എട്ടുവർഷമായ്
എൻ്റെ പറ്റുതീർക്കാതെ ചത്താൽ
നിങ്ങൾ പുഴുത്തുപോകും.
മരിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ തന്നെ
അതിൻ്റെ കാരണം മനസ്സിലായിരിക്കുന്നു
ശാപം-ഷാപ്പുകാരൻ്റെ ശാപം
അങ്ങനെയെങ്കിൽ ഷാപ്പിൽ നിന്ന് പോകുന്ന വഴിക്ക്
പുഴുവരിക്കുകയായിരിക്കണം
എൻ്റെ കൈയും കാലും ബന്ധിച്ച്
ഒരു മൂലക്കിരുത്തി പണി തുടങ്ങിയിരിക്കണം
അടുത്ത നിമിഷം ഭാര്യ വന്നു പറഞ്ഞു:
ആരോ തോട്ടിൽ നിന്ന് പൊക്കിയെടുത്ത് കൊണ്ടുവന്നതാണ്
ഇനിയെങ്കിലും എന്നെ ബുദ്ധിമുട്ടിക്കാതെ
ചത്തുകൂടെ…
ഞാൻ ഉറപ്പിച്ചുപറയുന്നു
ഞാൻ മരിച്ചിട്ടില്ല
ഇതിലും വലിയൊരു ഉറപ്പ് എനിക്കിനി കിട്ടാനില്ല.

വാക്കനൽ

By ivayana