ഒരു വേനൽകാലത്താണ് വൈശാലി സിനിമ ഒന്നുകൂടി കണ്ടത്.മനസ്സിൽ തട്ടുന്ന സിനിമകൾ കണ്ടാൽ അതിലെ കഥാപാത്രങ്ങളെയും കഥയും ഓർത്തോർത്തു നടക്കുക എന്റെ ശീലമാണ്. അതും വെള്ളമില്ലാത്ത അവസ്ഥ, മഴക്ക് വേണ്ടി കാത്തിരിക്കുന്ന സമയം എല്ലാം കൂടിയായപ്പോൾ ഋഷ്യശൃoഗൻ മനസ്സിൽ കയറി. കാണാൻ നല്ല ലുക്ക്‌ ഉള്ള മുനികുമാരൻ. അതും സ്ത്രീകളെ കാണാത്തവൻ. പിന്നെ ബോണസായി വേനലിൽ മഴ പെയ്യിക്കുന്നവൻ.
രാത്രി ഞാൻ സിനിമയും ഓർത്തുകിടന്നു. അതുകൊണ്ട് വിചിത്രമായ ഒരടിപൊളി സ്വപ്നവും കണ്ടു.
സ്വപ്നത്തിൽ ഒരു മീറ്റിംഗാണ്.വേനലിൽ വെള്ളമില്ലാത്ത നാടായത് കൊണ്ട് പല കുടിവെള്ള പദ്ധതികളും കൊണ്ട് വന്നെങ്കിലും പലതും പരാജയപ്പെട്ടു. പുതിയ എന്തേലും ചെയ്യാൻ വേണ്ടി കുടുംബശ്രീ സ്ത്രീരത്‌നങ്ങൾ യോഗം ചേർന്നിരിക്കുകയാണ്. മഴ പെയ്യിക്കാനും അതുവഴി വെള്ളക്ഷാമം പരിഹരിക്കാനും വേണ്ടി ഏതോ കാട്ടിൽ സമാധാനത്തോടെ ജീവിക്കുന്ന ഋഷ്യസൃoഗനെ കൊണ്ട് വരാൻ തീരുമാനിച്ചു എല്ലാരും കൈയടിച്ചു പാസാക്കി.
ആരൊക്കെ പോകും എന്ന ചോദ്യം വന്നപ്പോൾ പെണ്ണുങ്ങൾ ഒക്കെ കൂടി അടിയായി.
ഞാനും പോകും കോമള വല്ലി ചേച്ചി പറഞ്ഞു..” ഞാൻ കാബറെ ഡാൻസ് കളിച്ചിട്ടായാലും മുനികുമാരനെ കൊണ്ടുവരും..” അവർ ജയഭാരതിയെ പോലെ കുണുങ്ങി നടന്നു.
ഓ പിന്നെ ഞങ്ങളൊക്കെ പൊകയാണോ? പുഷ്പലത ചേച്ചിയും മണി ചേച്ചിയും ഭാർഗവിചേച്ചിയും അലറി.
ഞാൻ മാത്രം നല്ല കുട്ടിയായി മിണ്ടാതെ നിന്നു. ഗൂഗിൾ മാപ്പും ലൊക്കേഷനും ഒക്കെ അറിയാവുന്നത് എനിക്കാണല്ലോ. ഞാനില്ലാതെ പോകുന്നത് എനിക്കൊന്നു കാണണം..ഞാൻ തടി കുറച്ചതിന്റെ അഹങ്കാരത്തിൽ ശരപഞ്ചരത്തിലെ ജയനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
അവസാനം തീരുമാനമായി കൂടുതൽ ലഹള ഉണ്ടാക്കിയവരും ഞാനും കൂടി ഒരു പെട്ടി ഓട്ടോറിക്ഷയിൽ യാത്രയായി. കാടെത്താറാവുമ്പോ നടക്കാം അതായിരുന്നു തീരുമാനം.
സിനിമയിൽ മുനികുമാരനെ കൊണ്ടുവരാൻ പോകുന്നത് തോണിയിലാണല്ലോ ആ പുഴയിൽ നിറയെ വെള്ളമുണ്ടല്ലോ. പിന്നെങ്ങനെ ആ നാട്ടിൽ വരൾച്ചയുണ്ടായി. ഇങ്ങനെ പലരും ചിന്തിച്ചിട്ടുണ്ടാവും. ശരിയല്ലേ?
അങ്ങനെ കാടെത്താറായി. വണ്ടി നിർത്തി. എല്ലാരുമിറങ്ങി. ഫുൾ മേക്കപ്പിലാണ് വന്നിരിക്കുന്നത്. മുനികുമാരന് കണ്ടാൽ കൂടെ വരാൻ തോന്നണം.
എന്റമ്മേ നടക്കാനൊന്നും വയ്യ..
കാട്ടിൽ വല്ല ആനയോ പുലിയോ ഉണ്ടാവുമോ? പുഷ്പലത ചേച്ചി ചോദിച്ചു..
സത്യത്തിൽ പെണ്ണുങ്ങളുടെ ലഹള കേട്ട് അവയൊക്കെ എവിടൊക്കെയോ പോയി ഒളിച്ചിരുന്നു.ഞാൻ ഫോണിൽ കുത്തി നോക്കി. No സിഗ്നൽ. ആളെ എങ്ങനെ കണ്ടു പിടിക്കും???
ഞങ്ങൾ കാടിന്റെ ചന്തം കണ്ടു നടന്നു. എന്താ ഒരു വൃത്തി. ഒറ്റ പ്ലാസ്റ്റിക് കവർപോലും ഇല്ല.
ബിയർ ബോട്ടിലുകളില്ല.. ചപ്പ് ചവറില്ല നിറയെ മരങ്ങളും കിളികളും.
പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ഒഴുകിപോകുന്ന അരുവി,, കണ്ണീരുപോലത്തെ വെള്ളം. എല്ലാവരും വെള്ളം കുപ്പിയിൽ നിറച്ചു. നല്ല തണുത്ത കാറ്റ്. ഇവിടെ വേനലില്ലേ ഞാൻ ചിന്തിച്ചു.
അപ്പോളാണ് കാട്ടിനുള്ളിൽ ഒരു കുടിൽ കണ്ടത്. ജ്വലിക്കുന്ന ഹോമകുണ്ഡം. ഞാൻ സന്തോഷം കൊണ്ട് ആർത്തു. “യുറേക്കാ യുറേക്കാ ” ഇതു തന്നെ ആൾടെ വീട്. ലഹള കേട്ട് മുനിയും മകനും ഇറങ്ങി വന്നു. കാട്ടിൽ സുനാമി വന്നോ എന്ന ഭയത്തോടെ മുനി ചോദിച്ചു.. “ആരാ എവിടുന്നാ, എന്താ കാര്യം??ഞങ്ങളെ കണ്ടിട്ട് പുതിയ ഏതേലും ജീവികളാണോ എന്ന ഡൗട്ടിൽ മുനികുമാരൻ പേടിയോടെ നോക്കി.
ഞാൻ കാര്യം പറഞ്ഞു.
@%#@അസംബന്ധം പറയരുത്.. മുനി കോപത്തോടെ പറഞ്ഞു. നാട്ടിൽ മഴ പെയ്യാത്തത് നിങ്ങളുടെ കൈയിലിരുപ്പ് കൊണ്ടാണ്.. മഴ പെയ്തു കിട്ടുന്ന വെള്ളം സംഭരിക്കാനും അത്‌ വൃത്തിയായി സൂക്ഷിക്കാനും പഠിക്കണം.. കരുതലോടെ ചെലവാക്കണം. മരങ്ങൾ വെച്ചു പിടിപ്പിക്കാനും ഭൂമിയെ സ്നേഹിക്കാനും പഠിക്കണം.. അല്ലാതെ പരിസ്ഥിതി ദിനം വരുമ്പോളും ജലദിനം വരുമ്പോളും മാത്രം മരം വെപ്പും ഫോട്ടോ എടുക്കലും പോസ്റ്റ്‌ ഇട്ട് ലൈക്കും കമന്റും വാങ്ങലും മാത്രമായാൽ ഇതുപോലെ വെള്ളത്തിന് തെണ്ടേണ്ടി വരും…
അത്‌ എനിക്കിട്ട് ഒന്ന് താങ്ങിയതാണെന്ന് മനസ്സിലാക്കിയ ഞാൻ മുഖവും കുനിച്ചു നിന്നു. എന്തായാലും വന്നതല്ലേ ഋഷിസൃoഗന്റെ കൂടെ ഒരു സെൽഫി എടുക്കാൻ സമ്മതിക്കുമോ ആവോ??
ഭാർഗവി ചേച്ചി മുനിയോട് പിന്നേം ചോദിച്ചു. എന്തായാലും ഇതു വരെ വന്നതല്ലേ മോനെ ഒന്ന് കൂടെ വിട്ടുകൂടെ??
മുനി ഇതുവരെ കേൾക്കാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. ലാസ്റ്റ് പറഞ്ഞത് മാത്രം മനസ്സിലായി. ഞങ്ങളുടെ തന്തക്കും തള്ളക്കും വിളിച്ചതാണ്.
ഈ പെണ്ണുങ്ങളുടെ കൂടെ മോനെ വിട്ടാൽ മോൻ കൈവിട്ട് പോയാലോ എന്ന ഭയം കാണും. മുനി ശപിക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ സെൽഫി എടുക്കാൻ സ്റ്റിക്ക് എടുത്തു. ആ ദേഷ്യത്തിൽ മുനി എന്റെ ഫോൺ വാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചു..
“അയ്യോ എന്റെ കടിച്ച ആപ്പിളിന്റെ ഫോട്ടോ ഉള്ള ഫോൺ തകർന്നല്ലോ”
എല്ലാരും കൂടി ഓടി. ആ ഞെട്ടലിൽ ഞാൻ സ്വപ്നത്തിൽ നിന്നും എണീറ്റു..
ആകെ വിയർത്തു മുങ്ങി. ഓ ഞാൻ കാട്ടിലല്ല. വീട്ടിൽ തന്നെ. ഫോൺ അവിടെയിരിപ്പുണ്ട്.
എന്തൊരു ചൂട്. ഞാൻ എണീറ്റു ജനലിലൂടെ പുറത്തോട്ട് നോക്കി. ആ മുനി പറഞ്ഞതൊക്കെ എത്ര സത്യമാണ്..
ഇനി വരുന്ന തലമുറക്ക് വേണ്ടി നമ്മൾ എന്തേലും സംരക്ഷിക്കുന്നുണ്ടോ?
കാടും മഴയും പുഴയും കഥകളിൽ മാത്രമാകുമോ???
ആകാശത്ത് ഒരു കുഞ്ഞു കാർമേഘത്തെ കണ്ടു. ജീവനില്ലാത്തൊരു തണുത്ത കാറ്റും. മഴ പെയ്യുമെന്ന ഒരു സ്വപ്നത്തിലാവാം മാക്രിക്കൂട്ടങ്ങൾ കരഞ്ഞുകൊണ്ടിരുന്നു…

By ivayana