അടുപ്പ് കൂട്ടിയതുപോലുള്ള മൂന്ന് കുന്നുകൾക്കിടയിലെ വിശാലമായ വയലിലൂടെയാണ് ഒരു ഗ്രാമം നഗരത്തിലേക്ക് നടന്ന് പോയിരുന്നത്. കുറുക്കൻ ഞണ്ട് തൊളയിട്ട വയലിലെ വലിയ വരമ്പിലൂടെ നടക്കുമ്പോൾ പേക്കൻ തവളകൾ ക്രോ… ക്രോ എന്ന് കളിയാക്കി വയലിലേക്ക് ചാടും.. ഇരുട്ടിയാൽ ഇവറ്റകൾ കൂട്ടത്തോടെ വരമ്പത്തിരിക്കും , ആളെ പേടിപ്പിക്കൽ അവറ്റയുടെ ഹോബിയാണ്.
ചില മാളങ്ങളിൽ നീർക്കോലികൾ തലയും നീട്ടി ഇര കാത്തിരിക്കുന്നുണ്ടാവും.
വേനൽക്കാലത്തും മഴക്കാലത്തും ബസ്സ്സ്റ്റോപ്പിലേക്ക് ആളുകൾക്ക് നടന്നെത്താൻ ഇതാണ് എളുപ്പവഴി.
രാവിലെ മുതൽ ഈ നടവഴിയിൽ ജോലിക്കും കേളേജിലും
പോകുന്നവരുടെ തിരക്കായിരിക്കും .
രണ്ട് പേർക്ക് ഒന്നിച്ച് കടന്നു പോകാൻ ഒരാൾ ചെരിഞ്ഞ് നിൽക്കണമെന്ന് മാത്രം.
ഇതിനിടയിലെ ഒരു നിമിഷത്തിലാണ്
നെൽക്കതിരും പുല്ലരിയും മറ്റാരുമറിയാതെ പരാഗണം ചെയ്യുന്നതും
കാക്കപ്പൂ വിരിയുന്നതും.
പണിയൊന്നുമില്ലാത്തവർ കുറച്ച് നേരം വട്ടം കറങ്ങി വീട്ടിലേക്കോ.., ഏതെങ്കിലും ഷാപ്പിലേക്കോ പോകും.
അതാണ് ഒരു ദിവസത്തിൻ്റെ ഉച്ചവട്ടം തീരൽ.
വാസുഏട്ടൻ്റെ ടൈലർ ഷോപ്പിലെ ബെഞ്ചിൽ പകൽ സമയം ജിനേന്ദ്രൻ മാത്രം ബാക്കിയാവും..
ആരെങ്കിലും ഇതുവഴി വിരുന്നു വരുന്നതും നോക്കിയിരിക്കലാകാം. നെല്ല് കുത്താനും പൊടിക്കാനും വരുന്ന കൂട്ടത്തിലുണ്ടാവാം. അല്ലങ്കിൽ ഉച്ചക്കുള്ള ബസ്സിലുണ്ടാവാം എന്ന പ്രതീക്ഷയാണ്.
ഋതുഭേദങ്ങൾ മാറിയാലും വരും എന്നുറപ്പില്ലാത്തതിനെ കാത്തിരിക്കുന്ന ഒരു സുഖമുള്ള സുഖമാണ് ആ മുഖത്ത്.
ആകാശം കറുത്തിരുണ്ടാലും അവന് പ്രതീക്ഷയാണ് ഒരോ വേനലിലും മരം
നനയുന്ന വെയിലും പ്രകൃതിയുടെ
പ്രണയമാണെന്ന് മണ്ണ് സാക്ഷ്യം പറയും.
വൈകീട്ട് നാലു മണി മുതൽ വീണ്ടും റോഡിൽ തിരക്ക് തുടങ്ങും. തിരക്ക് കാരണം സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസ്സ്കാരും യാത്രക്കാരും എന്നും പ്രശ്നമാണ്.. വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടാകുന്ന ദിവസങ്ങളിൽ ബസ്സ് തടഞ്ഞ് നിർത്തും.. ബഹളത്തിനിടയിലും ആ കണ്ണുകൾ ഇതിലുണ്ടോയെന്ന് കറുത്ത വണ്ടുകൾ ബസ്സിനു ചുറ്റി പാറി നടക്കും..
ഒരു നോട്ടം.. ഒരു ചിരി.. കാണുന്നതിന് മുന്നെ തിരക്കിൽ ആളെ കാണാതാവും
ബസ് പുറപ്പെടും…
ബസ്സ് ചുറ്റി നടന്നവർ ചിരിച്ചു കൊണ്ട് അടുത്ത ബസ്സ് വരുന്നത് വരെ പിന്നെയും കാത്തിരിക്കും..
ഈ സമയങ്ങളിലാണ് പാച്ചൻ്റെ ബസ്സ് യാത്രകൾ’ .കൈയ്യിൽ വിഡിയോ കാസറ്റ് കൊണ്ടു നടക്കുന്നത് അവന് ഒരു ഗമയാണ്.
സിനിമയുടെ പേര് കാണുന്ന വിധത്തിൽ വീഡിയോ കാസറ്റുകൾ ഇടത് തോളിൽ ഇറുക്കിപ്പിടിച്ച് ബസ്സിൻ്റെ മുന്നിലെ സ്റ്റെപ്പിൽ രാവിലെ എന്നും പാച്ചനുണ്ടാവും.. മേലോട്ട് കയറാതെ സ്റ്റെപ്പിൽ തൂങ്ങി കാസറ്റ് എല്ലാവരും കാണുന്നുണ്ട് എന്നുറപ്പിച്ചുള്ള യാത്രയാണ് പാച്ചന് ഏറെയിഷ്ടം.
സ്റ്റെപ്പിൽ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതും നിർത്തുന്നതിന് മുന്നെ ചാടിയിറങ്ങുന്നതും ,ചാടിക്കയറുന്നതും
പ്രണയിനികളുടെ മാർക്ക് കിട്ടാൻ വേണ്ടിയാണെന്ന് അസൂയക്കാർ പറഞ്ഞ് ചിരിക്കും.. അതൊന്നും അവന് ഒരു പ്രശ്നമേയല്ല..
ബസ്സ് രണ്ടാമത്തെ സ്റ്റോപ്പിലെത്തുന്നതിന്
മുന്നെ മുന്നിലെ സീറ്റിലിരിക്കുന്ന സ്ത്രീയുടെ കയ്യിൽ കാസറ്റ് എൽപിച്ച് സൗഹൃദം കാണിക്കും…
രാവിലെയും വൈകീട്ടുമുള്ള സ്ഥിരം യാത്ര ചെയ്യുന്ന സുന്ദരികളെല്ലാം പാച്ചൻ്റെ ഇഷ്ടക്കാരായത് അങ്ങിനെയാണ്.
ദിവസവും പുതിയത് മാറ്റിയെടുക്കാൻ കേസറ്റ് കടയിൽ പോകുന്ന പാച്ചൻ്റെ വീട്ടിൽ ടീവി പോലുമില്ലന്ന് കടക്കാരനോ യാത്രക്കാർക്കോ അറിയില്ല,,!
VCR ഉള്ള അയൽവാസിയായ ഗൾഫ് കാരൻ്റെ വീട്ടിലുള്ളവർക്കും കൂടി സിനിമ കാണാനാണ് പരോപകാരിയായ പാച്ചൻ സ്വന്തം പണം മുടക്കി കാസറ്റ് കൊണ്ടുവരുന്നത്.
അതും അസൂയക്കാർക്ക് പിടിക്കുന്നില്ല.
കേരളത്തിലെവിടെയായാലും ബസ്സ് സ്റ്റോപ്പിൽ ഒരു തുന്നൽപ്പീടിക വാസുഏട്ടൻ്റെയും ചായപ്പീടിക കുമാരാട്ടൻ്റെതുമായിരിക്കും.
എത്ര നന്നായി തുന്നിയാലും അളവ്കൊടുത്തത് പോലെയല്ല തയ്ച് കിട്ടിയതെന്ന് എന്നും കുറ്റം പറയുന്നവർ വീണ്ടും വാസുവേട്ടൻ്റെടുത്ത് തുന്നാൻ വരും.
ഇപ്രാവശ്യം ശരിയാകും എന്ന പ്രതീക്ഷയിൽ.
ഇത്തിരി ഇറക്കം കൂട്ടണം…കൈ ഇത്ര മതി.
ചെറിയ മനുഷ്യരുടെ വലിയ ലോകം.
എല്ലാവർക്കും എല്ലാ കാലത്തും ഒരേ ആവശ്യമാണ്.’ ശനിയാഴ്ച തരുമോ….?
കുമാരാട്ടൻ്റെ ചായക്കടയുടെ എതിർവശം കുറച്ച മാറി മുസ്തൂക്കയുടെ അനാദിക്കട. ചായ്പ്പി നോട് ചേർന്ന്
ചൂരൽകൊട്ടയിൽ ‘ മീൻ വിൽക്കുന്ന മമ്മാലിക്ക ക് ചുറ്റും പൂച്ചകളെപ്പോലെ ഇരുട്ടുന്നത് വരെ ‘വില കുറയാൻ ‘കാത്തു നിൽക്കുന്ന ചിലർ പാത്തും പതുങ്ങിയും നിൽക്കും. ഒരു കണ്ണ് മീൻ കൂട്ടയിലിട്ട്.
മീൻ തീർന്നാൽ കൊട്ടയുമെടുത്ത് മമ്മാലിക്ക പോകും .പിന്നെ ആ ഭാഗത്തേക്ക്
മീൻ മണക്കുന്ന ഇരുട്ട് കയറും…
തിരമാലയുടെ കയറ്റിറക്കങ്ങളിൽ പതയുന്ന നുരയും പതയും തന്നെയാണ് കള്ളും പാനിയിൽ പൊങ്ങി നിൽക്കുന്നത് എന്ന്
അന്തിക്കള്ള് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ദാസൻ പറയും.
എല്ലാ നാട്ടിലും കള്ളുഷാപ്പ് കുന്നിൻ മുകളിലായത് കൊണ്ടാകാം ഷാപ്പിൻ്റെ പേരും മൊട്ടക്കെ’ ഷാപ്പായി.
കിഴക്കേ വയലിലൂടെ രാവിലെ സ്കൂളിലേക്ക് നടന്നു പോകുന്ന രാധ ടീച്ചറോടൊപ്പം വയൽ
പച്ചസാരി ചുറ്റിയുടുത്ത് വളഞ്ഞ് കുണുങ്ങി, പിന്നെയും കുന്നിൻ ചെരിവിലൂടെ മേലോട്ട് മേലോട്ട് മെയിൻ റോഡിലേക്ക് നടന്ന് പോകും..
ബസ് സ്റ്റോപ്പിൻ്റെടുത്താണ് സ്പോർട് ക്ലബ്..
എല്ലാ കൊല്ലവും ജില്ലാതല ടൂർണമെൻ്റ് നടക്കുന്ന സ്ഥലമാണ്.. സീനിയർ ടീമും ജൂനിയർ ടീമും എന്നും ഗ്രൗണ്ടിൽ കളിക്കാനുണ്ടാവും. പണിയൊന്നും ഇല്ലാത്തവരും പണിക്ക് പോകാത്തവരും കാണികളായുണ്ടാവും -. ഏത് സമയത്തും ഒന്നോ രണ്ടോ ആൾക്കാർ ക്ലബിലുണ്ടാകും.
ടൂർണമെൻ്റ് നടക്കുന്ന സമയങ്ങളിലും ഞായറാഴ്ചയും ഉത്സവ പറമ്പ് പോലെയാളുകൂടും..
ഷാപ്പിൽ നിന്നു വരുന്നവരും ജോലി കഴിഞ്ഞു വരുന്നവരും വൈകുന്നേരം ഇവിടെ ഊറിക്കൂടി , രാത്രിയായാൽ ഒരു പുഴയായ് പല വഴിയിലൂടെ എങ്ങോട്ടോ ഒഴുകിപ്പോകും.
പിറ്റെ ദിവസം രാവിലെ ഒരു പാട് വീരകഥകളുമായി വീണ്ടും വരും.
രാവിലെ ചായ കുടിക്കാൻ വന്ന ഒരാളാണ്
കടയുടെ പിറകിൽ വിളിച്ച് സ്വകാര്യം പറഞ്ഞത്… പറയുന്നത് ജിനേന്ദ്രൻ
കണ്ടിരുന്നു.
പക്ഷെ പറഞ്ഞത് കേട്ടില്ല
കേട്ടയാൾ ഇടംവലം നോക്കി ഉറപ്പിച്ചു..മറ്റാരും കേട്ടിട്ടില്ലെന്ന്.
ദാസൻ ഇരയെടുത്ത പാമ്പിനെപ്പോലെ കുറെ നേരം വെപ്രാളപ്പെട്ടു..
കല്യാണം കഴിയാത്ത പെണ്ണാണ്.
ഉള്ളതാണോ എന്ന് ഉറപ്പിക്കാതെ പുറത്ത് പറയേണ്ട നിസ്സാര കാര്യമല്ല…
പക്ഷെ വൈകുന്നേരത്തോടെ ആരൊക്കയോ പറഞ്ഞ് പറഞ്ഞ് നാട്ടിൽ മിക്കവരും അറിഞ്ഞിരിക്കുന്നു.
സ്വകാര്യമായ് മാത്രമേ എല്ലാവരും പറഞ്ഞുള്ളൂ.
രണ്ടും മൂന്നും പേർ കൂടുന്നിടത്തെല്ലാം കുശുകുശുത്തു…
ശശിയോടും ദാസൻ ചോദിച്ചു ..
അമ്മോ.. കണ്ടവരാരുമില്ല.
എത്രയായി..? അതാണ് ശശിക്കറിയേണ്ടത്.
ആരെയോ ഉന്നം വെച്ചുള്ള ചോദ്യമാണ്…!
കമാന്ന് ഒരക്ഷരം പെണ്ണ് മിണ്ടുന്നില്ലപോലും
അവളുമായി ലോഹ്യം പറയുന്നവരെല്ലാം വെട്ടിലായി. ആ വീട്ടിൽ പോകുന്നവർ സംശയത്തിൻ്റെ നിഴലിലും..
പാത്തും പതുങ്ങിയും തെളിവ് ശേഖരിച്ച അയൽവക്കത്തെ പെണ്ണുങ്ങൾ ഏകദേശം ഉറപ്പിച്ചു. രണ്ട് മാസത്തിലധികമായി …
ഒരാൾ ഒറ്റക്കല്ലാന്ന് കേൾക്കുന്നുണ്ട്.
നാണി മൂക്കത്ത് വിരൽ വെച്ചു.
കേട്ടവർക്കും കണ്ണ് തള്ളി..
ചെണ്ട മുട്ടാത്തവർക്കും വള കിട്ടുന്ന കാലമല്ലേ..
ചിലർ തമ്മിൽ തമ്മിൽ നോക്കിച്ചിരിച്ചു..
ആർക്കും ആരെയും പിടികൊടുക്കാത്ത ചിരി. എന്നാലും ആരായിരിക്കും..!
ഉപ്പ് തിന്നവരും തിന്നാത്തവരും ഒരുപോലെ വെള്ളം കുടിച്ചു.. നാണക്കേടല്ലേ..
ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥ.
പലരും ഉറങ്ങിയില്ല.
വീട്ടുകാരും .
നാടും കാത് കൂർപ്പിച്ചു.
ആരായിരിക്കും….
എത്രയായിട്ടുണ്ടാവും എന്നുറപ്പിച്ചിട്ട് വേണം തെളിവ് ഒത്ത് നോക്കാൻ
ഒരോരാളും മറ്റേയാളെ സംശയിച്ചു.
സംശയം മുത്തവർ തമ്മിൽ തമ്മിൽ സ്വകാര്യമായി തമാശക് ചോദിച്ചു.
ഏയ്.. പോടാ……
ആരോ പാച്ചനോടും ചോദിച്ചുപോലും.
പോടാ…. കളിക്കല്ലേ..
ഏയ് ഞാനല്ല..
ചോദിക്കുന്ന ആളെയും ചിലർക്ക് സംശയം .
മൂന്ന് ദിവസത്തെ ആന്വേഷണത്തിലും തെളിവെടുപ്പിലും രണ്ടു പേർ അവസാന പട്ടികയിൽ സ്ഥാനം പിടിച്ചു…
ഇവരോട് ആര് ചോദിക്കും.
ഇതിൽ ആരാണന്ന് മാത്രം അറിയണം.
വൈകുന്നേരം ഇരുട്ട് വീണു. മീൻകാരനും പോയപ്പോൾ രണ്ടു പേരേയും ടൈലർ ഷാപ്പിൻ്റെ പിറകിലേക്ക് ദാസൻ വിളിച്ചു..
സത്യം പറയണം
ഇനി ഒളിക്കാനൊന്നുമില്ല. പേടിക്കാനും .
രണ്ട് പേരും ദാസനെ നോക്കി…
മൗനത്തിന് കടലിൻ്റെ ഇരമ്പമാണ്.
ഇരുട്ടിനും.
പറയടോ..
മൂന്ന് പേരും മുഖത്ത് നോക്കാതെ നിന്നു.
പെട്ടെന്ന് ഒരാൾ പറഞ്ഞു..
മൂന്ന് മാസമായെങ്കിൽ…. എൻ്റെതല്ല.

മധു മാവില

By ivayana