പ്രിയരേ ഇന്ന് ലോക കവിതാ ദിനം. എല്ലാ പ്രിയപ്പെട്ട കവി സൗഹൃദങ്ങൾക്കും എൻ്റെ ആശംസകൾ🙏

നട്ടുനനയ്ക്കുവാൻ വെള്ളമില്ലാഞ്ഞിട്ടും
നട്ടു ചിലതൊക്കെ ഞാൻ തൊടിയിൽ
നട്ടവയൊക്കെയുമെന്നോ കരിഞ്ഞുപോയ്
നട്ടാൽക്കുരുക്കാത്ത കാലമാണിന്നത്രേ..!

വേനൽ ചൂടേറുന്നു മാമരച്ചില്ലകൾ
വേവുന്ന ചൂടേറ്റിലകൾ കൊഴിക്കുന്നു
വേഴാമ്പൽ മാനത്തു കൺനട്ടിരിക്കുന്നു
വേനൽ മഴയൊന്നു പെയ്തിറങ്ങിയെങ്കിൽ..!

വെയിലേറ്റ് വാടിയ കുഞ്ഞിപ്പറവകൾ
വെള്ളം കിട്ടാതെയെൻ മുറ്റത്തണയുന്നു
ഒരുതുള്ളി ദാഹജലമിന്നു നൽകിയാൽ
ഒരുകിളിപ്പാട്ടുപാടമെന്ന്ചൊല്ലിയോ?!

പാത്രത്തിൽ ഞാൻവെച്ച വെള്ളം കുടിച്ചവർ
പാട്ടുകൾ പാടിക്കുളിച്ചുല്ലസിക്കുന്നു
പാവംപറവകൾ പ്രത്യുപകാരമായ്
പാട്ടുകൾ പാടിയെന്നെക്കൊതിപ്പിക്കുന്നു!

പുതുമഴയേറ്റൊന്ന് പുളകമണിയാൻ,
പുതുമണ്ണിനുന്മാദഗന്ധം പരത്താൻ
ഭൂമിക്കുകൊതിയേറി നാളേറെയായി
ഭൂമിയുറങ്ങീട്ടുനാളുകളേറെയായ്!

കാറ്റൊന്നു വന്നെങ്കിൽ കൂടെ കാർമേഘവും
കാത്തിരിക്കുന്നിതാ കാനനച്ചില്ലകൾ..
കാലികൾ വെള്ളത്തിനാർത്തി പൂണ്ടിട്ടവ
കാത്ത്കിടപ്പാണ് പുതുമഴപ്പെയ്ത്തിനായി..

മാനത്ത് മഴമുകിൽ വന്നു നിറഞ്ഞെങ്കിൽ
മാലേയമാം കുളുർ തെന്നലണഞ്ഞെങ്കിൽ
തുള്ളിത്തുള്ളി മഴയിറ്റിറ്റുവീണെങ്കിൽ
തുളുനാടൻ പെണ്ണ് നനഞ്ഞൊന്നുവന്നേനേ!

മഴയൊന്നു പെയ്താൽ മനസ്സ്തണുത്തേനേ
മധുരിക്കുമോർമ്മകൾ വന്നു ചേർന്നേനേ
മാരിവില്ലൊന്നു തെളിഞ്ഞേനേ മാനത്ത്
മാലാഘമാർ ലാസ്യ നൃത്തമാടിയേനേ..!

പുല്ലുമുളച്ചേനേ പൂക്കൾ വിടർന്നേനേ
പൂവമ്പനമ്പുകളെയ്തെയ്തു വിട്ടേനേ
പൂവമ്പുകൊണ്ടു പ്രണയമുണർന്നേനേ
പുതിയൊരു സ്വർഗ്ഗം ഭൂവിൽ ജനിച്ചേനേ..!

മംഗളൻ. എസ്

By ivayana