ഒരു സഹപ്രവർത്തക അച്ഛനേക്കുറിച്ചും, ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചും പറഞ്ഞ പൊള്ളുന്ന അനുഭവ കഥയാണ് രചനക്ക് ആധാരം!

കാത്തിരുന്നു ഞാനെത്രയോ നാളുകൾ,
ഓർത്തിരുന്നു അച്ഛന്റെയുമ്മകൾ!
ഇരുളുന്ന വേളയിലെപ്പോഴോ വന്നെത്തി,
കരളുലച്ചീടുന്നൊരുമ്മയാണച്ഛൻ!
തടിയുടെ വ്യാപാരം ചെയ്തൊരു നാളിൽ,
കടക്കെണിയേറി നാട്ടീന്ന് പോകവേ,
ഇനിയുളള നാളങ്ങൊളിവിലാണെന്ന്,
ഇന്നേവരെയച്ഛൻ കരുതിയില്ലത്രേ!
പള്ളിക്കൂടം കഴിഞ്ഞെത്തുന്ന നേരത്ത്,
ഉള്ളിൽത്തറക്കുന്ന വാക്കുകളോടെ,
കടക്കാര് വീട്ടിൽ നിറയുന്ന കാഴ്ച്ചയിൽ,
കിടപ്പാടം പോലും പണയമെന്നറിവൂ!
മക്കളെപ്പോലും കാണാൻ കഴിയാതെ,
മറ്റൊരു നാട്ടിൽ കഴിയുന്നിടത്തോളം,
ദുർവിധി മറ്റാർക്കും വന്നിട്ടുണ്ടാവില്ല,
ദുരന്തങ്ങളെത്രയോ ആവർത്തനം!
കുഞ്ഞുപ്രായത്തിൽ ഭാരം ചുമക്കുന്ന,
കുഞ്ഞാങ്ങളക്കൊരു കൂട്ടാകുവാനും,
തായ് വേര് പൊട്ടിയ പൂമരം; അമ്മയ്ക്ക്
താങ്ങായി നിൽക്കാനും ഞാൻ കൊതിച്ചു!
കടക്കണക്കെല്ലാം വിധിയായൊരു നാളിൽ,
കടമകളേറ്റാനായച്ഛൻ വരവേ,
തളർച്ച ബാധിച്ചെന്റെയച്ഛന്റെ വീഴ്ച്ചയും,
തകർച്ചക്ക് വീണ്ടുമൊരാഴമായി!
വേവും ഹൃദയം ചുമന്നൊരു ഭാരം,
വേദനയായൊരു നാളിൽ പിറക്കേ,
വീടെത്തണമെന്ന മോഹം തകർത്ത്,
വീർത്തു പൊട്ടിയാ ഹൃദയം നിലച്ചു!
അച്ഛനെന്റോർമ്മയിൽ മുത്തങ്ങളല്ലോ,
അടുത്ത വരവോളം ഞാൻ കാത്തതല്ലോ!
കവിളിൽ ഞാൻ കൈ ചേർത്ത്,
കവിയുന്ന സ്നേഹമതറിയുന്നുമിന്നും…!

By ivayana