ദാഹിച്ചു വിണ്ടുകീറിയ
മണ്ണിൻ്റെ ചുണ്ടുകളിൽ
വേനൽ മഴത്തുള്ളികൾ
പെയ്തു വീഴ്കേ
നെടുവീർപ്പുകളിൽ
കന്നിമണ്ണിൻ്റെ
ഗന്ധമാവഹിച്ചു
കുളിർ തെന്നൽ
എന്നെ തഴുകി നീങ്ങവേ
മാനം കണ്ണിമ ചിമ്മി
കുരവയിട്ടാർപ്പു വിളിപ്പൂ
മണ്ണിൻ പുതുചേതന പോൽ
ആർദ്രമാം മനം കുളിർക്കെ
തരുശിഖരങ്ങൾ
നമ്രമുഖികളായി
നാണത്താൽ ചിത്രമെഴുതുന്നു
ദാഹിച്ചു വലഞ്ഞൊരാ
തരുണി തൻ മാറിടം
നനഞ്ഞു കുതിർന്നൊഴുകുന്നു
മക്കൾ തൻ ദാഹം തീർക്കാൻ
ചുരന്ന മുലപ്പാൽ പോലവേ
മണ്ണിൻ വരൾച്ച നീളവേ
മാനുഷരാകുലചിത്തരായ്
ഉൾത്താപം പൂണ്ടു
ശരീരമാതപകാഠിന്യത്താൽ
പൊള്ളിപ്പൊളിഞ്ഞു കേഴവേ
ഒളിപ്പൂഭവനങ്ങളിൽ
തണൽത്തടങ്ങളിൽ
വിനാശം വിതയ്ക്കേ
ബോധം നശിച്ചവർ
തൻനാശമെത്തവേ
കേഴുന്നൊളിക്കുന്നു
ജീവനെ മുറുകെപ്പിടിച്ചങ്ങുമിങ്ങും
പായുന്നു, കൊതിമൂത്ത
ജീവിതം വെടിയാതെ കാക്കുവാൻ
നല്ല കാലത്തു കാൽച്ചുവട്ടിലെ
മണ്ണുപോലും മാന്തി വിൽക്കുന്നവൻ
ഇന്നിൻ്റെ സുഖത്തിനായി
നാളയെ മറന്നു
നാടിനെ മറന്നു
വിനാശത്തിൻ
തമസ്സിലാഴുന്നതും മറന്നു….
എന്നിട്ടുമമ്മയുടെ മുല ചുരക്കുന്നൂ
മാനം വേനൽമഴയായ്
പെയ്തിറങ്ങുന്നൂ…..

By ivayana