ഇനിയും വരില്ലേ ഇത് വഴി ആനകളെയും തെളിച്ചു കൊണ്ട്?!

തിങ്കളാഴ്ച രാവിലെ
സൂര്യൻ മണ്ണിലേക്ക് ഇറങ്ങി വന്നു
രാമേട്ടന്റെ ചായക്കടയിലെ ബഞ്ചിന്റെ
ഒരു വശത്തു ഇരിപ്പുറപ്പിച്ചു.
അപ്പൊ ആകാശത്ത് ആരാ?
എന്നയെന്റെ ചോദ്യത്തിന്
നിന്റെ തന്ത എന്ന മറുപടി
ഉണ്ടം പൊരിയോടൊത്തു വിഴുങ്ങി
എന്നെ നോക്കി ദഹിപ്പിച്ചു.
ഈ സൂര്യനെന്തൊരു ചൂടാ ന്ന് ഞാൻ
പാൽകാപ്പി ഊതി ഉള്ളിലോർത്തു,
തന്നെയും താമരയെയും ചേർത്ത് പല കഥകളും
പാൽകുപ്പികൾ ഇവിടെ പാടി നടക്കുന്നുണ്ടെന്ന
പരദൂഷണ വടി അശ്ലീല ചിരിയിൽ നനച്ചു
ഞാൻ നീട്ടിയെറിഞ്ഞു,നനവ് ഇച്ചിരി
ഉണ്ടേൽ എന്തും എളുപ്പം വിഴുങ്ങാം
എന്ന തത്വം ഉണക്കപുട്ടാണ് എന്നെ പഠിപ്പിച്ചത്.
ഞാൻ പെട്ടെന്ന് രാമേട്ടന്റെ കയ്യിലെ
പുട്ടുകുറ്റിയെ ധ്യാനിച്ചു മൂന്ന് കുറ്റി പുട്ട് വരമായി വാങ്ങുന്നു,
രാമേട്ടന്റെ പറ്റു പുസ്തകത്തിൽ സംഖ്യ നിറയുന്നു
രാമേട്ടന്റെ മുഖത്തു കാർമേഘം നിറയുന്നു
‘രാമേട്ടൻ ചാവും മുമ്പേ പറ്റു മുഴുവൻ ഞാൻ വീട്ടും’
എന്നയെന്റെ സ്ഥിരം വാക്കിൽ രാമേട്ടന്റെ സമ്മർദ്ദം
ഒരിക്കൽ കൂടി മോക്ഷം പ്രാപിക്കുന്നു.
എന്റെ പറ്റിൽ സൂര്യന്
ഒരു കുറ്റി പുട്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട്
ഞാൻ തിരികെ നടക്കുമ്പോൾ
പിറകിൽ ബെഞ്ചിൽ സൂര്യൻ വിരിഞ്ഞിരിക്കുന്നു
കർണന്റെ ഡി എൻ എ ടെസ്റ്റ്‌ നടത്തുന്നതിനെ കുറിച്ച്
സൂര്യന്റെ അഭിപ്രായം ചോദിക്കാത്തതിൽ
ഞാൻ എന്നെ സ്വയം ശപിക്കുന്നു.
നാളെ പുട്ടു വിഴുങ്ങാൻ സൂര്യൻ വരുമോ ആവോ…

സൂര്യനുമായുള്ള അഭിമുഖത്തിന്റെ പാർട്ട്‌-2

രാത്രിച്ചന്തയിൽ നിന്നും
കപ്പവാങ്ങി മടങ്ങുന്ന സൂര്യൻ,
തലവഴി ഇട്ട കറുത്ത ഹുഡി കൊണ്ടൊരു
ആൾമാറാട്ടം നടത്തുന്നുവെങ്കിലും
പാപ്പരാസി ആകുന്ന ഞാൻ
ഓട നാറുന്ന ഇടവഴിയിൽ കുറുകെ ചാടുന്നു.
രാത്രികളിൽ സൂര്യൻ എവടെ പോകുന്നുവെന്ന
എന്റെ ആദ്യ ക്ലിഷേ ചോദ്യത്തിന്
‘അമേരിക്കയിൽ’ എന്ന
പതിവ് പരമ ബോറൻ ഉത്തരം
പുച്ഛം പുരട്ടി മെഴുകുമ്പോൾ
എടുത്തു വീശാനായി ഞാൻ തയ്യാറാക്കി വച്ച
അമേരിക്കൻ സൂര്യന്റെ ഇടത്തെ കവിളിലെ
കറുത്ത മറുകിന്റെ ചുറ്റും
വട്ടം വരച്ച ചിത്രം
സൂര്യമുഖത്തേക്ക് വീശിയെറിയുന്നു.
ആ മുഖത്തപ്പോൾ അമാവാസി!
ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട്
അടുത്ത ചോദ്യങ്ങളിലേക്ക് പറ പറക്കുന്നു,
നോർവേയോട് ചെയ്യുന്ന അനീതിയെക്കുറിച്ച്
ധ്രുവപ്രദേശങ്ങളോട് കാട്ടുന്ന അവഗണനയെക്കുറിച്ച്..
എന്റെ തീരാ ചോദ്യങ്ങൾകൊണ്ട്
ചൂട് പിടിച്ച സൂര്യൻ ഒരു കപ്പ ചുട്ടെടുത്തു കടിക്കുന്നു
കരിപ്പിടിച്ച കാക്കയുടെ നിറം പൂണ്ട
കപ്പ കണ്ടപ്പോൾ ഞാൻ പണ്ട് ചെയ്ത
ആ ആട്ടക്കാരിയുടെ
ഇന്റർവ്യൂവിന്റെ പ്രസക്ത ഭാഗം
സൂര്യനെ കാണിക്കുന്നു.
ലോകത്തിൽ ഒരു കൂട്ടർ ഇത്തരത്തിൽ
അവഗണന നേരിടുന്നത്
സൂര്യന്റെ പിടിപ്പുക്കേട് കൊണ്ടെന്നും
വെളുത്തവരുടെ തൊലിയിൽ
ഒന്ന് തൊടാനോ
ഒരു കരുവാളിപ്പ് ഉണ്ടാക്കാനോ പോലും
സൂര്യന് സാധിക്കില്ലെന്നും പറഞ്ഞത് കേട്ട്
കപ്പ സഞ്ചി താഴേക്ക് എറിഞ്ഞു
ബസ് സ്റ്റാൻഡിലെ
മുല്ലപ്പൂ ചൂടിയവളുമാരുടെ കൂട്ടത്തിലെ
സ്ഥിരം കുറ്റിയുടെ നമ്പറിലേക്ക്
സൂര്യൻ നീട്ടി വിളിക്കുന്നു.
അപ്പോൾ,
ഇന്ന് പാതിരാ മടിക്കുത്തഴിക്കുമ്പോൾ
സൂര്യൻ ഒരു മുല്ലപ്പൂപെണ്ണിന്റെ
ഉള്ളിലേക്കു തണുത്തുറഞ്ഞസ്തമിക്കുമെന്ന്
അർത്ഥം വരുന്ന ഒരു നാടൻ പാട്ട്
ചന്ദ്രൻ ഊറി പാടുന്നു…

രാഗേഷ് ചേറ്റുവ

By ivayana