ഓർമ്മകൾ ക്യൂ പാലിക്കാറില്ല.
ഒന്നാം ഓർമ്മ,
രണ്ടാം ഓർമ്മ,
മൂന്നാം ഓർമ്മ
എന്നിങ്ങനെ
കാക്കത്തൊള്ളായിരം ഓർമ്മകളും
സീനിയോറിറ്റിയിൽ വിശ്വസിക്കാറില്ല.
ക്യൂ പാലിക്കൂ എന്ന്
എത്ര ഓമനിച്ച് പറഞ്ഞാലും,
എത്രയപേക്ഷിച്ചാലും,
എത്ര ശാസിച്ചാലും,
എത്ര ചൂരൽ പ്രയോഗം
നടത്തിയാലും
ഓർമ്മകൾ
സീനിയോറിറ്റിയിൽ വിശ്വസിക്കില്ല.
ഡാമിന്റെ ഷട്ടറുകൾ
ഉയർത്തുമ്പോഴുള്ള
കുത്തിയൊഴുക്കുപോലെ,
അല്ലെങ്കിൽ
മലവെള്ളപ്പാച്ചിൽ പോലെ,
തിരമാലകൾ പോലെ
ഓർമ്മകൾ
കണ്മുന്നിൽ മത്സരിച്ച്
ഇരച്ചെത്തും.
ചില ഓർമ്മകൾ വേദനിപ്പിക്കും,
ചിലത് ചിരിപ്പിക്കും,
ചിലത് കരയിപ്പിക്കും,
ചിലത് ചിന്തിപ്പിയ്ക്കും.
കണ്ണിറുക്കിയടച്ചാലും,
തുറന്ന് പിടിച്ചാലും
മായാതെ,
മറയാതെ ഓർമ്മകൾ
നമ്മെയിട്ട് വട്ട് കളിപ്പിക്കും.
എന്തുകൊണ്ടായിരിക്കുമോ
ഓർമ്മകൾ സീനിയോറിറ്റിയൊന്നും
പാലിക്കാത്തത്?
കുഴമറിഞ്ഞങ്ങനെ
നമ്മെ അമ്പരപ്പിക്കുന്നത്?
അതാത് സന്ദർഭങ്ങളിൽ,
സന്ദർഭങ്ങൾക്കനുസരിച്ചേ
അവർ
മുന്നിൽ വരൂ എന്നുമില്ല.
അനാവശ്യമായി,
അനുവാദമില്ലാതെ
മത്സരിച്ച്
ഇടിച്ചുകയറിയങ്ങനെ….
സമുദ്രങ്ങളുടെ
അഗാധതകളിലേക്കൂളിയിട്ടാലും,
ഗവേഷണങ്ങൾ
ഒരായിരം നടത്തിയാലും
ഉത്തരം ലഭിക്കാതെ
ഈ ഓർമ്മക്കഥകൾ
കടങ്കഥകളായി തുടരുന്നു.

കെ.ആർ.സുരേന്ദ്രൻ

By ivayana