ഇരുളിൽ തിളങ്ങുന്ന രണ്ടു പച്ചകണ്ണുകൾ. മറ്റൊന്നും കാണാനില്ല… എന്താണത് ഒന്നും മനസ്സിലാവുന്നില്ല… ഇന്നലെ രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല. ഇനി ഉറങ്ങാനാവുമെന്നും തോന്നുന്നില്ല.
സ്റ്റാർ സിറ്റിയിൽ പോയി വന്നതിനു ശേഷം മനസ്സ് ആകെ വല്ലാതായിരുന്നു. ലയ്ക്കയുടെ പ്രതിമ മനസ്സിനെ ഏതോ ചിന്തകളുടെ കുരുക്കിൽ കൊണ്ടെത്തിച്ചു
ഒരു മാസത്തെ ഒഫിഷ്യൽ സന്ദർശനത്തിന് തന്റെ ബോസ്സ് റോയി തോമസ് ഉൾപ്പടെ ആറംഗസംഘത്തിന്റെ കൂടെ മോസ്‌കോയിലേക്ക് വരുമ്പോൾ തനിക്കു ഏറെ മിസ്സ്‌ ചെയ്ത ഒരാളെ ഉണ്ടായിരുന്നുള്ളു.നിക്കി.. തന്റെ പ്രിയപ്പെട്ട വളർത്തു നായ.
അവളെ മാഗിയാന്റിയുടെ കയ്യിൽ ഏൽപ്പിച്ചു ഫ്ലാറ്റിൽ നിന്നിറങ്ങിയപ്പോൾ ഹൃദയം പൊടിയുകയായിരുന്നു…. ആരുമില്ലാത്ത തനിക്ക് സ്നേഹിക്കാനും ഓമനിക്കാനും ആകെയുള്ളത് അവളാണ് നിക്കി.

കൊച്ചിയിലെ ഏറ്റവും വലിയ ഇന്റീരിയർ ഡിസൈൻ കമ്പനികളിൽ ഒന്നായ മൂൺലൈറ്റ് പ്രൈവറ്റ് ലിമിറ്റഡിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളമായി.
മേരിമാതാ ഓർഫനേജിന്റെ വരാന്തയിൽ ഏതോ ഒരു തെരുവ് നായയുടെ സ്നേഹത്തിന്റെ കരുതലിൽ നിന്നും നിന്നും ഇപ്പോൾ ഈ മോസ്‌കോയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ എ. സി. മുറിയിൽ എത്തി നിൽക്കുമ്പോൾ കൂട്ടിനുള്ളത് അനുഭവങ്ങളിലൂടെ ആർജ്ജിച്ച കരുത്ത് മാത്രമാണ്.
ആദ്യമായി
ബഹിരാകാശതെത്തിയ ജീവി എന്ന റെക്കോർഡ് ഉള്ള ലയ്ക്കയുടെ ചരിത്രം പഠന കാലത്തും അന്നയെ ഏറെ സ്വാധീനിച്ചതാണ്. അന്ന് കരുതിയില്ല ആ നായയുടെ നാട്ടിൽ എത്തുമെന്ന്…
“അന്നാ..അന്നാ…”
ആരുടെയോ ശബ്ദം ചിന്തകളിൽ നിന്നും ഉണർത്തി.
താനെന്താ സ്വപ്നം കാണുന്നോ?
മുന്നിൽ ഒരു ചെറുപുഞ്ചിരിയുമായി ടെസ്സ
” മീറ്റിംഗ് തുടങ്ങാറായി.തന്നെ റൂമിലേക്ക് കാണാതിരുന്നപ്പോൾ ബോസ്സ് പറഞ്ഞു വിളിച്ചുകൊണ്ടു വരാൻ”
“ഞാൻ എന്റെ ഭൂതകാലത്തിലേക്കൊന്നു ഊളിയിട്ടതാ.”
” ഈ പരിപാടി നിർത്താറായില്ലേ? ഈ ഊളിയിടൽ “
” അത് അങ്ങനെ മറക്കാൻ കഴിയുമോ ചേച്ചി.. ഞാൻ എന്റെ നിക്കിയേ ഓർത്തതാ അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. എന്റെ കയ്യിൽ കിട്ടിയതിനു ശേഷം പിന്നീട് ഇതുവരെ ഞങ്ങൾ തമ്മിൽ പിരിഞ്ഞിരുന്നിട്ടില്ലല്ലോ “
” അത് അല്ലെങ്കിലും അങ്ങനെയാ അന്ന. ഈ മിണ്ടാപ്രാണികൾ സ്നേഹിച്ചാൽ അത് വല്ലാത്ത ഒരു ഫീൽ ആണ്.അത് പിന്നെ പ്രേത്യേകിച്ചു ഒന്നും അന്നയോട് പറയേണ്ടല്ലോ “
ടെസ്സ സ്നേഹത്തോടെ ചിരിച്ചു.


റോസ് ഫ്ലാനലിൽ പൊതിഞ്ഞു ആരോ ഓർഫനേജിന്റെ വാതിൽക്കൽ ഉപേക്ഷിച്ചു പോയ ഒരു ചോരക്കുഞ്ഞിനെ അത്ഭുതമെന്നോണം മറ്റു നായകളിൽ നിന്നും രക്ഷിച്ചു കാവലിരുന്നതും ഒരു മിണ്ടാപ്രാണിയായിരുന്നു ഒരു നായ
വളർന്നു വന്നപ്പോഴും അന്നയുടെ ഉള്ളിൽ നായകളോടുള്ള സ്നേഹം നിറഞ്ഞു നിന്നു. ഒരു കടപ്പാടെന്നോണം. ആ സ്നേഹം അവൾ എവിടെപ്പോയാലും കൂടെയുണ്ടായിരുന്നു. അങ്ങനെ ആ സ്നേഹം കണ്ട് ടെസ്സ ചേച്ചി അന്നയ്ക്ക് നൽകിയ സമ്മാനം ആണ് ടെസ്സയുടെ യുടെ വളർത്തു നായ ജൂലിയുടെ മകളായ നിക്കി..
ആരുടെയൊക്കെയോ കാരുണ്യത്താൽ അന്ന പഠിച്ചു. ഇന്നത്തെ നിലയിൽ എത്തി… ഇപ്പോൾ കലൂരിൽ സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട് അന്നയ്ക്ക്. കൂട്ടിനു മാഗിയാന്റിയും നിക്കിയും. മാഗിയാന്റി മക്കളുപേക്ഷിച്ച ഒരു പാവം സ്ത്രീയാണ്. കമ്പനിയിലെ സെക്യൂരിറ്റി ഓഫിസർ ആയ മനോഹരേട്ടൻ ഏർപ്പാടാക്കി കൊടുത്തതാണ്…
” ആ കൊള്ളാം. ഇപ്പോൾ ചേച്ചിയും സ്വപ്നം കാണാൻ തുടങ്ങിയോ “
അന്നയുടെ ചോദ്യം കേട്ടപ്പോ അവർ ചിരിച്ചു.
” വരൂ… റോയി സാറിന്റെ റൂമിലേക്ക് പോകാം.
മോസ്‌കോയിലെ പ്രശസ്തമായ ഇന്റീരിയർ ഡിസൈനർമാർ പങ്കെടുത്ത മീറ്റിംഗ് തികച്ചും വിജയകരമായിരുന്നു…
ബെയിൻ ഡിസൈൻ കമ്പനിയുമായി പുതിയ കരാർ ഒപ്പു വച്ച ശേഷം മീറ്റിംഗ് പിരിഞ്ഞു….
കോൺഫറൻസ് കഴിഞ്ഞു തിരികെ താമസിക്കുന്ന ഹോട്ടലിലേക്ക് കാറിൽ മടങ്ങുമ്പോൾ സ്റ്റാർ സിറ്റി വഴിയാണ് വന്നത്. വീണ്ടും അന്ന കണ്ടു…ബഹിരാകാശ റിസേർച്ച് കേന്ദ്രത്തിന്റെ മുകളിൽ ലയ്ക്കയുടെ തലയെടുപ്പോടു കൂടിയുള്ള പ്രതിമ.
ആ മുഖം കണ്ടപ്പോ അന്നയുടെ ഓർമ്മ വീണ്ടും നിക്കിയെ തിരഞ്ഞു.
” ചേച്ചി ഈ ലയ്ക്കയേ കുറിച്ച് ചേച്ചിക്ക് അറിയാമോ?”
” ധാരാളം വായിച്ചിട്ടുണ്ട് ഞാൻ എനിക്ക് ഇന്ററസ്റ്റ് ഉള്ള സബ്ജെക്ട് കൂടിയാണ് സ്പേസ് സംബന്ധിച്ച എന്തും എനിക്ക് ഇഷ്ടം ആണ്.. എന്റെ കയ്യിൽ ഉണ്ട് കുറെ ബുക്സ് “
” എനിക്ക് ലയ്ക്കയേ കുറിച്ച് അറിയണമെന്നുണ്ട്. ഒരു ബുക്ക്‌ കിട്ടാനെന്താ വഴി? “
” അതിനിപ്പോ ബുക്ക്‌ എന്തിനാ ഓൺലൈനിൽ കിട്ടുമല്ലോ. പിന്നെ നമ്മുടെ നാട്ടിലും കിട്ടും “
” അത് പോരാ. എനിക്ക് വിശദമായി വായിക്കണം. അതും ലയ്ക്കയുടെ ജന്മനാട്ടിലിരുന്നു തന്നെ എനിക്ക് അവളെ കുറിച്ച് അറിയണം “
” എന്നാ നമുക്ക് ക്രിസ്റ്റീന മാഡത്തിനെ വിളിച്ചുകൊണ്ടു റഷ്യൻ സ്റ്റേറ്റ് ലൈബ്രറി യിലേക്ക് പോകാം. അവിടെ അവർക്ക് മെമ്പർഷിപ്പുണ്ട്.
ക്രിസ്റ്റീന റഷ്യക്കാരിയായ ഒരു ബിസ്സിനസ്സു കാരിയാണ്. റോയിസാറിന്റെ ഫ്രണ്ട്
ഞാൻ പണ്ട് ഇച്ചായനുമായി വന്നിട്ടുള്ളപ്പോൾ പോയതാണ്.വേൾഡ് ലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈബ്രറിയാണ്. “
ടെസ്സ ചേച്ചി നല്ല അറിവും ബുദ്ധിയും ഉള്ള ആളാണെന്നു പലപ്പോഴും അന്നയ്ക്ക് തോന്നിയിട്ടുണ്ട്… വായനാ ശീലമായിരിക്കാം ഒരുപക്ഷെ അവരെ ഇത്രയും അറിവുള്ളവളാക്കി മാറ്റിയത്.
അന്ന് വൈകുന്നേരം ക്രിസ്റ്റിന മാഡത്തെയും വിളിച്ചു കൊണ്ടവർ തലയെടുപ്പോടെ നിൽക്കുന്ന റഷ്യൻ സ്റ്റേറ്റ് ലൈബ്രറിയുടെ മുൻപിൽ അവരെത്തി . നൂറ്റി അറുപത്തി ഒന്ന് വർഷത്തോളം പഴക്കമുണ്ട് എന്ന് ടെസ്സ ചേച്ചി അന്നയ്ക്ക് പറഞ്ഞു കൊടുത്തു.
ശാസ്ത്ര പുസ്തകങ്ങൾ ഉള്ള ഭാഗത്തേക്ക്‌ അവർ അവരെ കൂട്ടിക്കൊണ്ടുപോയി. അധികം തിരയേണ്ടി വന്നില്ല.
കുർട്ട് കാസ്വെൽ, ഓവൻ ഡവേ, നിക്ക് അബാഡ്സ്വൻ അങ്ങനെ ഫേമസ് ആയിട്ടുള്ള കുറെ എഴുത്തുകാരുടെ ബുക്സ് ക്രിസ്റ്റിന അവൾക്ക് കളക്ട് ചെയ്തു കൊടുത്തു..
ഇംഗ്ലീഷ് ഭാഷയിലേക്ക് പരിവർത്തനം ചെയ്ത കൃതികൾ. എല്ലാം ലയ്ക്കയേ സംബന്ധിച്ചിട്ടുള്ളവ…
രാത്രി… നല്ല അടിപൊളി പാർട്ടി ഉണ്ടായിരുന്നു… ആഘോഷ രാവ്. എല്ലാ ഭാരങ്ങളും മറന്ന് എല്ലാവരും എൻജോയ് ചെയ്ത മണിക്കൂറുകൾ… ഇടയ്ക്ക് അന്ന റൂമിലേക്ക് മടങ്ങി…
നാട്ടിലേക്ക് വിളിച്ചു. സ്കൈപ്പിൽ നിക്കിയെ കണ്ടു. അവളെ കുറച്ചു കൊഞ്ചിച്ചു.
ശേഷം അവൾ ബുക്കുകളിൽ ഒന്ന് വായിക്കാനാരംഭിച്ചു.
വിശാലമായ ലോകത്തിന്റെ നിഗൂഡതകളിലേക്കുള്ള യാത്ര, മനുഷ്യന്റെ ആയിരമായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള യാത്ര.
1957 നവംബര്‍ മൂന്നിന് ശൂന്യാകാശം എന്ന അജ്ഞാത ലോകത്തേക്കുള്ള യാത്രക്കൊരുങ്ങുമ്പോഴും ഒന്നുമറിയാതെ തന്റെ കൂട്ടിലിരുന്നു എല്ലാവരെയും മാറി നോക്കിയ ലയ്ക്കയെ വരികളിലൂടെ അന്ന അടുത്തറിഞ്ഞു…
ബഹിരാകാശ മിഷന് വേണ്ടി മൃഗങ്ങളെ തിരഞ്ഞ റഷ്യൻ ശാസ്ത്രജ്ഞർക്ക് മുൻപിൽ വേറിട്ടൊരു മോങ്ങലോടെ അവൾ നിന്നു
കുദ്രിയോവ്ക എന്ന് പേരിട്ട അവളെ തെരുവിലെ നായ്ക്കൂട്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തു പരിശീലിപ്പിച്ച ഓലെഗ് ഗാസെൻകോയുടെ വാക്കുകൾ അവൾക്ക് ഏറെ നൊമ്പരം നൽകി
“മൃഗങ്ങള്‍ക്കൊപ്പമുള്ള ഞങ്ങള്‍ക്കെല്ലാം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. പക്ഷേ, ഞങ്ങള്‍ അവരെ കുട്ടികളെപ്പോലെയാണ് പരിഗണിച്ചത്, സംസാരിക്കാന്‍ കഴിയാത്ത കുട്ടി…
കാലം കടന്നുപോകുന്തോറും ഞാന്‍ കൂടുതല്‍ ഖേദിക്കുന്നു. ഞങ്ങള്‍ അത് ചെയ്യരുതായിരുന്നു. ലെയ്ക്കയുടെ മരണത്തെ ന്യായീകരിക്കാന്‍ തക്ക വിധത്തില്‍ ഒന്നും ആ ദൗത്യത്തിൽ നിന്നും ഞങ്ങൾ നേടിയിട്ടില്ല “
ആ വാക്കുകൾ കൂടി വായിച്ചപ്പോൾ അവൾക്ക് കണ്ണ് നിറഞ്ഞു
ലയ്ക്ക എന്ന് പുനർനാമകരണം ചെയ്ത് വ്ളാഡിമിര്‍ യാസ്ഡോവ്സ്‌കി എന്ന ശാസ്ത്രജ്ഞൻ അവളുടെ മൂക്കിൽ ചുംബിച്ചാണ് യാത്രയാക്കിയത്.’
ഭൂമിയിൽ നിന്നും ആകാശത്തേക്ക് ഉയരുമ്പോൾ എന്തായിരുന്നിരിക്കണം അവളുടെ മനസ്സിൽ…
ഒറ്റപ്പെടലിന്റെയും ശബ്ദമില്ലായ്മയുടെയും ഭയാനകത അവളെ കാർന്നു തിന്നുമ്പോൾ, അതിതീവ്രമായ ചൂടിനെ സഹിക്കാതെ നിശ്വാസ വായുവിനായി പിടയുമ്പോൾ,
വിവേകമില്ല എന്ന് മനുഷ്യൻ കരുതുന്ന ആ മൃഗം മരണത്തിന്റെ സാമീപ്യം തൊട്ടറിയുന്നുണ്ടായിരിക്കണം.
താൻ പിറന്നുവീണ ഭൂമി മാതാവിനെ ഒരു തവണ വലം വെച്ച ശേഷമാണ് തന്റെ ജീവൻ വെടിയുന്നത് എന്ന് അവൾ അറിഞ്ഞിട്ടുണ്ടാവില്ല..
അനേകം ചിന്തകളിലൂടെ അന്നയുടെ മനസ്സ് അതിവേഗം സഞ്ചരിക്കുകയായിരുന്നു.
ഇരുളിലെ പച്ചക്കണ്ണുകൾ വീണ്ടും അവളെ തേടിയെത്തി… ഇത്തവണ അത് അവളെ ഭയപ്പെടുത്തിയില്ല…
കാരണം ആ പച്ചക്കണ്ണുകളിൽ അവൾ കണ്ടത് ദൈന്യത ആയിരുന്നു.മനുഷ്യന്റെ സ്വാർത്ഥമോഹങ്ങളാൽ ജീവൻ പൊലിഞ്ഞ ഒരു മിണ്ടാപ്രാണിയുടെ ദൈന്യത.
PBSK ✍️✍️✍️✍️✍️

By ivayana

Leave a Reply

Your email address will not be published. Required fields are marked *