ഇന്നെൻ കണിക്കൊന്നെ
നിനക്കെന്തെ മൗനം!
ഇനി തപം വിട്ടി-
ട്ടുണരുക വേഗം
പൂക്കാൻ മറന്നുവൊ
പൂർണ്ണത നേടുവാൻ
സ്പുടം ചെയ്കയാണൊ
സ്വയം സിദ്ധിയെല്ലാം.
വിഷുക്കാല്യമെത്തി
വിഷുപ്പക്ഷി പാടി
വിഷുക്കണി കണ്ടു
കൈനീട്ടം കഴിഞ്ഞു
പുതുമഴ പെയ്തു
കുതിർന്ന മണ്ണിലായ്
നിലമൊരുങ്ങുന്നു
നിറം പകരുന്നു
വിതക്കുന്നു വിത്ത്
വിതക്കുന്നു സ്വപ്നം
ഇന്നെൻ കണിക്കൊന്നെ
നിനക്കെന്തെ മൗനം!
ഇനി തപം വിട്ടി-
ട്ടുണരുക വേഗം
വെയിൽ കത്തും പകൽ
കടന്നങ്ങു പോണു
തിളക്കുന്നു സൂര്യൻ
തിളക്കുന്നു വായു
തപിക്കുന്നു ഭൂമി
കിതക്കുന്നു ലോകം !
ഇന്നെൻ കണിക്കൊന്നെ
നിനക്കെന്തെ മൗനം !
ഇനി തപം വിട്ടി –
ട്ടുണരുക വേഗം
മടിക്കുന്നതെന്തെ
മനം മടുത്തെന്നൊ
ഇനിയും പൂക്കാലം
വരുവാനുണ്ടെന്നൊ
അണയാത്ത സിദ്ധി
തപം ചെയ്തു നേടി
നിറയെ പൂത്തന്നു
നിറഞ്ഞാടുമെന്നൊ
കൊഴിയാത്ത കാലം
നിനക്കെത്തുമെന്നൊ
നിറഞ്ഞ സ്വപ്നത്തിൽ
സ്വയം മറന്നെന്നാൽ
ജലരേഖ പോലെ
മറയില്ലെ നമ്മൾ !
ഇന്നെൻ കണിക്കൊന്നെ
നിനക്കെന്തെ മൗനം !
ഇനി തപം വിട്ടി-
ട്ടുണരുക വേഗം

എം പി ശ്രീകുമാർ

By ivayana