രചന : തോമസ് കാവാലം.✍
രാജി. എത്ര സുന്ദരമായ പേര്. ആ പേര് അവൾക്ക് നൽകിയ മാതാപിതാക്കൾക്ക് എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. Short and cute.Idyllic.പക്ഷേ അവളുടെ ജീവിതം അത്ര സുന്ദരമായിരുന്നില്ല. അവളുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് അവളുടെ ജീവൻ തന്നെയായിരുന്നു പക്ഷേ അത് വെച്ച് അവൾ ചൂതു കളിക്കുകയായിരുന്നു. അവൾ അത് മനസ്സിലാക്കിയപ്പോൾ അല്പം വൈകിപ്പോയോ എന്ന് അവൾക്ക് തോന്നി.
കഴിഞ്ഞദിവസം വീട്ടിൽ അവസാനിച്ച ഏതാനുംചില്ലി കാശുകളും പെറുക്കിയെടുത്താണ് അവൾ കടയിലേക്ക് പോയത്.ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി.
വീട്ടിലേക്ക് മടങ്ങിയ അവൾ അതിൽനിന്ന് ഒരെണ്ണം പുറത്തെടുത്തു. അതിനകത്തെ പുകയില സാവധാനം കുടഞ്ഞു കളഞ്ഞു.അതിനുള്ളിൽ കഞ്ചാവ് തിരുകി. അപ്പോൾ മുതൽ ആ സിഗരറ്റ് കത്തിച്ച് വലിച്ചു കൊണ്ടിരുന്നു. ഓരോ പുകയും ഉള്ളിലേക്ക് വലിച്ചെടുക്കുമ്പോൾ അവളുടെ കൈകളും ചുണ്ടുകളും കണ്ണുകളും എല്ലാം വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടന്നവൾ ഒരു അത്ഭുതലോകത്തിലേക്ക് വഴുതി വീണു. ഒരു നിമിഷം അവൾ എവിടെയാണെന്ന് പോലും അവൾ മറന്നു. അതിൽനിന്നും ആസ്വദിച്ച് ഒരുകവിൾപുക ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് വാതിൽക്കൽ ആരോ മുട്ടുന്നത് കേട്ടത്. പെട്ടെന്നവൾ സിഗരറ്റ് കുത്തിക്കെടുത്തി മാറ്റിവെച്ചു.
വാതിൽക്കൽ ഒരു ഇലക്ട്രിക് ബെൽ ഘടിപ്പിച്ചിരുന്നെങ്കിലും മാസങ്ങളായി അത് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല, കാരണം വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പണ്ടേ വിഛേദിച്ചിരുന്നു.വാതിൽക്കൽ മുട്ടിയത് ആരാണെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല,കാരണം അധികം ആളുകൾ ഒന്നും ഇപ്പോൾ അവളെ കാണാൻ വരാറില്ലായിരുന്നു. ചിലപ്പോൾ വാടക ചോദിക്കാൻ വന്ന വീട്ടുടമസ്ഥനായിരിക്കാം എന്ന് അവൾ വിചാരിച്ചു. അയാൾ ഓരോ മാസവും മൂന്നും നാലും തവണ വാടക ചോദിച്ചു വന്നുകൊണ്ടിരുന്നു. അല്ലെങ്കിൽ കൂടെ താമസിക്കുന്ന ആൾ ആയിരിക്കും. കുറച്ചു ദിവസങ്ങളായി അയാളെക്കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു.
പെട്ടെന്ന് മാനസിക നില വീണ്ടെടുത്ത് വാതിൽക്കലേക്ക് നടന്ന അവൾ കുറ്റിയെടുത്തു. അപ്പോൾ കണ്ട കാഴ്ച അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. രണ്ടു പോലീസുകാർ. വീടിന്റെ മുന്നിലായി കുറച്ച് അകലെയായി റോഡിൽ തന്നെ ഒരു ജീപ്പ് നിലയുറപ്പിച്ചിരുന്നു. പോലീസുകാരൻ ഒരാൾ രാജിയോട് ചോദിച്ചു:
“ നിങ്ങൾക്ക് ഏലിയാസിനെ അറിയുമോ”.
“ഉം”
അത് പറയുമ്പോൾ അവളുടെ കണ്ണുകളും ചുണ്ടുകളും വിറയ്ക്കുന്നത് പോലീസുകാർ ശ്രദ്ധിച്ചു.
“ അവൻ നിന്റെ ആരാണ്?”
മറ്റേ പോലീസുകാരൻ ചോദിച്ചു.
ആ ചോദ്യത്തിന് രാജി മറുപടി പറഞ്ഞില്ല. അപ്പോൾ ആ പോലീസുകാരൻ വീണ്ടും ചോദിച്ചു:
“ അവൻ നിന്റെ കൂടെ ഇവിടെയല്ലേ താമസിക്കുന്നത്?അവൻ നിന്റെ ഭർത്താവാണോ?”.
പോലീസുകാരൻ അല്പം ഈർഷ്യയോടെ ചോദിച്ചു. കാരണം അവരുടെ ജീവിതത്തെക്കുറിച്ച് അവർക്ക് ചില സൂചനകൾ ഒക്കെ പുറത്തുനിന്ന് ലഭിച്ചിരുന്നു.
“ അതെ അയാൾ എന്റെ കൂടെ ഇവിടെയാണ് താമസിക്കുന്നത് കൂടെ താമസിക്കുന്നവരെല്ലാം ഭർത്താക്കന്മാരാണോ? “
രാജിയുടെ മറു ചോദ്യം പോലീസുകാരെ ചൊടിപ്പിച്ചു. എങ്കിലും അതിന് മറുപടിയൊന്നും അവർ പറഞ്ഞില്ല.
“ഏലിയാസ് എവിടെ?”
ഒരു പോലീസുകാരൻ ചോദിച്ചു.
“ അവൻ ഇവിടെയില്ല.മൂന്നു നാലു ദിവസങ്ങൾക്കു മുൻപ് വീട് വിട്ടുപോയതാണ്. ഒരു വിവരവുമില്ല.”
“ക്ഷമിക്കണം.ഇവിടെനിന്ന് മൂന്നാലു കിലോമീറ്റർ അകലെ പട്ടണത്തിലെ ഒരു ഓടയിൽ ഒരാജ്ഞാത ജഡം കഴിഞ്ഞ ദിവസം കാണുകയുണ്ടായി. അത് ഏലിയാസിന്റെതാണോ എന്ന് ഒരു സംശയം. അവിടം വരെ വന്ന് ഒന്ന് പരിശോധിക്കണം. തിരിച്ചറിയണം. ഭാഗ്യവശാൽ…. അല്ല ദൗർഭാഗ്യവശാൽ അത് ഏലിയാസിന്റേതാകാം….
പെട്ടെന്ന് മുറിക്കുള്ളിലേക്ക് കയറിയ രാജി വസ്ത്രം മാറി അവരോടൊപ്പം യാത്രയായി. അവസാനമായി വലിച്ചുകയറ്റിയ പുക അവൾക്ക് അസാമാന്യമായ ധൈര്യം നൽകിയിരുന്നു.
പോലീസുകാരോടൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ അവൾ ഏലിയാസിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസവും അതിനുശേഷം അവനുമായി ജീവിക്കാൻ ഇടയായതുമായ സാഹചര്യങ്ങൾ ഓർത്തു.
രാജിക്ക് അന്ന് ഇരുപത്തിമൂന്ന് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. മധ്യകേരളത്തിലെ ഒരു പ്രസിദ്ധിയാർജിച്ച കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു രാജി. ബിഎസ്സി മാത്തമാറ്റിക് ക്ലാസിൽ കൂടെ പഠിച്ച ഒരു ഒരു പലാക്കാരൻ ബിബിൻ അവളെ വഴിതെറ്റിച്ചു. പാലായിലെ ഒരു റബ്ബർ കർഷകന്റെ മകനായിരുന്നു അവൻ. പൂരെ കാശ്. അവനാണ് ആദ്യമായി അവൾക്ക് കഞ്ചാവുവെച്ച സിഗരറ്റ് നൽകിയത്. അവളെ വിവാഹം കഴിക്കാമെന്ന മോഹന വാഗ്ദാനമൊക്കെ അവൻ നൽകിയിരുന്നു. പക്ഷേ അവൻ കഞ്ചാവിൽ ഒടുങ്ങി. ഒരു ദിവസം കഞ്ചാവ് വലിച്ചു കൊണ്ട് അവന്റെ പുതുപുത്തൻ മോട്ടോർസൈക്കിളിൽ പട്ടണത്തിലൂടെ അമിത വേഗതയിൽ ഓടിച്ചു പോയി. പിന്നെ അവൻ തിരിച്ചുവന്നില്ല. ഏതോ ഒരു കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് തരിപ്പണമായി പോയി.
ബിബിനുമായുള്ള ബന്ധം മറ്റൊരു തലത്തിലേക്ക് കടന്നിരുന്നു. അത് കോളേജ് മുഴുവൻ പാട്ടായി. വീട്ടിൽ അറിഞ്ഞു. വീട്ടിൽ നിന്ന് എതിർപ്പ് വന്നെങ്കിലും രാജി അതൊന്നും കണക്കിലെടുത്തില്ല. ബിബിൻ മരിച്ചതോടുകൂടി വീട്ടിൽ നിന്നും പുറത്തായി.പിന്നെ പണത്തിനായി പല പണികൾ ചെയ്തു. ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേൾ ആയി, സ്വന്തമായി ചിത്രങ്ങൾ വരച്ചു വിറ്റു, ഒരു പത്രസ്ഥാപനത്തിലും കുറച്ചു നാൾ ജോലി ചെയ്തു. അവിടെ നിന്നെല്ലാം രാജി കഞ്ചാവു വലിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ പുറത്താക്കുകയായിരുന്നു. അങ്ങനെ സാവധാനം അവൾ അതിന് അടിമയായി. പിന്നെ അതില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതി വന്നു.
ഏലിയാസ് അന്ന് അറിയപ്പെടുന്ന ഒരു ചിത്രകാരനായിരുന്നു അന്നൊരു ദിവസം തിരുവനന്തപുരത്ത് ചിത്രങ്ങളുടെ പ്രദർശനം നടക്കുന്ന വേളയിലാണ് രാജി ഏലിയാസിനെ ആദ്യമായി കാണുന്നത്.
“ചിത്രങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.”
ഏലിയാസിന്റെ അടുത്ത് ചെന്ന് രാജി പറഞ്ഞു.
“ വളരെ നന്ദി. വരയ്ക്കുമോ”?
“കുറച്ചൊക്കെ. ഒന്നും ഇതുപോലൊക്കില്ല.”
“ ഞാനും തുടക്കത്തിൽ അങ്ങനെയായിരുന്നു. എന്റെ കൂടെ കൂടുന്നോ? I am a free bird”.
“ എനിക്കങ്ങനെ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റില്ല. ഞാൻ എന്റെ മാതാപിതാക്കളുടെ ഒരേയൊരു മകളാണ്.”
മാതാപിതാക്കളിൽ നിന്നും വിട്ടുപോന്നിട്ടും ആ വീട്ടിലേക്ക് തിരിച്ചു പോകാതായിട്ടും വർഷം ഒന്ന് കഴിഞ്ഞിരുന്നു. എങ്കിലും ആ കാര്യം വെളിപ്പെടുത്താൻ രാജി തയ്യാറായിരുന്നില്ല.
“ വേണ്ട ആലോചിച്ചു തീരുമാനിച്ചാൽ മതി. എനിക്കീ കുടുംബത്തിലൊന്നും വലിയ വിശ്വാസമില്ല. ഭാര്യ- ഭർത്താവ്- മക്കൾ- എന്തിന് വേണ്ടാത്ത വയ്യാവേലികളൊക്കെ വരുത്തിവെയ്ക്കുന്നു. Let us live together as long as we want. When we are fed up with each other let’s separate. Be happy as long as we can”.
കുറച്ചു ദിവസങ്ങൾക്ക് ശേഷം മറ്റൊരു ചിത്രപ്രദർശനം ഏലിയാസ് തൃശ്ശൂരിൽ നടത്തി. അവിടെ കുറെയേറെ ചിത്രങ്ങൾ വിറ്റുപോയി. ഏലിയാസിന് നല്ലൊരു തുക കിട്ടി. പണം കയ്യിൽ വന്നതോടുകൂടി ഏലിയാസ് ധൂർത്തടിക്കാൻ തുടങ്ങി. അതിനായി പല സന്ദർഭങ്ങളിലും രാജിയെയും കൂടെ കൂട്ടി. രാജിക്ക് അയാൾ സ്വർണ്ണമാലകളും വളകളും വിലപിടിപ്പുള്ള രത്നങ്ങളും വാങ്ങി നൽകി. പക്ഷേ അതൊന്നും രാജിക്ക് ഉതകിയില്ല.കഞ്ചാവ് വാങ്ങാൻ അതൊന്നും മതിയായില്ല. എല്ലാം ഓരോരോ സന്ദർഭങ്ങളിലായി വിറ്റു തുലച്ചു. പിന്നെ കടത്തിലായി.
പട്ടണത്തിലെ ആശുപത്രി മോർച്ചറിയിൽ എത്തിയ രാജി ഒറ്റ പ്രാവശ്യമേ നോക്കിയുള്ളൂ. അവന്റെ നീണ്ട മൂക്കും കടുക്കനിട്ട കാതുകളും നീട്ടിവളർത്തിയ മുടിയും ആവുന്നതിലധികം അടയാളങ്ങളായിരുന്നു. പക്ഷേ ഒരു നിസ്സംഗ ഭാവമായിരുന്നു അവളുടെ മുഖത്ത്:
“ എന്താ, അറിയുമോ ഇയാളെ”? പോലീസുകാരൻ ചോദിച്ചു.
“ അറിയാം,എനിക്കറിയാം. എന്നോടൊപ്പം കഴിഞ്ഞിരുന്ന ഏലിയാസ് ആണിത്. പക്ഷേ എങ്ങനെ മരിച്ചു എന്ന് അറിഞ്ഞുകൂടാ ”. അവൾ മറുപടി പറഞ്ഞു.
അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മനസ്സൊന്നു പതറി. അടുത്തുനിന്ന പോലീസുകാർ അതു ശ്രദ്ധിച്ചു. പക്ഷേ ഒന്നും മിണ്ടിയില്ല.
തിരിച്ച് വീട്ടിലെത്തിയ രാജിക്ക് ജീവിതത്തോടു തന്നെ വിരക്തി തോന്നി. ഏലിയാസിന്റെ ആത്മാവ് അവളെ പിന്തുടരുന്നതു പോലെ തോന്നി. ജീവിക്കാൻ മാർഗ്ഗമില്ലെന്ന് വന്നപ്പോൾ പിന്നെ ജീവിതം തന്നെ അവസാനിപ്പിക്കാം എന്ന് അവൾ തീരുമാനിച്ചു. പിന്നെ അതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം ഏതെന്നായി അന്വേഷണം.
പിറ്റേദിവസം ഉച്ചകഴിഞ്ഞ് അവൾ നേരത്തെ വലിച്ചിട്ടു വെച്ചിരുന്ന സിഗരറ്റിന്റെ ബാക്കിയെടുത്ത് ഒന്ന് തീ കൊളുത്തി പുക ആഞ്ഞുവലിച്ചു. എന്നിട്ട് രാജി ഒരു സാരിയെടുത്ത് അതിൽ കുടുക്കിട്ടു പഠിച്ചു. അത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിന്റെ ഒരു തുമ്പ് സ്വീകരണ മുറിയിലെ ഫാനിൽ കെട്ടിയിട്ടു. മറ്റേ തുമ്പുകൊണ്ട് കുടുക്കിട്ടുകൊണ്ടിരിക്കുന്ന സമയത്ത് പുറത്ത് വാതിൽക്കൽ ഒരു മുട്ടു കേട്ടു. പെട്ടന്ന് ചിന്തിക്കാതെ രാജി വാതിൽക്കലേക്ക് നടന്ന് കുറ്റിയെടുത്തു. അതൊരു പോലീസുകാരനായിരുന്നു. മുമ്പ് വന്ന രണ്ട് പോലീസുകാരിൽ ഒരാൾ.ഒരു ചെറുപ്പക്കാരൻ. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും. പറ്റേ വെട്ടിയ മുടിയും ക്ലീൻ ഷേവ് ചെയ്ത സുന്ദരമായ മുഖമുള്ള ആ പോലീസുകാരൻ രാജിയുടെ മുഖത്തേക്ക്തന്നെ നോക്കി കുറച്ചു നേരം നിന്നു. ആ നോട്ടത്തിൽ രാജി ഒന്ന് ചമ്മി.
“ എന്താ എന്തുവേണം?”
അല്പം ഗൗരവത്തോടെ രാജി ചോദിച്ചു.
“ പോസ്റ്റുമോർട്ടം റിപ്പോർട്ട്. അത് സ്വീകരിക്കാൻ വരണം അറിയിക്കാൻ വന്നതാണ്. ഒപ്പം ഈ ജഡം സ്വീകരിക്കണം. നിങ്ങൾ കൊണ്ടുവന്നു മറവു ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ആ കാര്യം എഴുതി തരണം.”
“ എന്താ നിങ്ങൾ ചാകാനും അനുവദിക്കില്ലേ? “
പെട്ടെന്ന് കോപത്തോടെ അറിയാതെ രാജി മനസ്സിൽ പറഞ്ഞു.
“ ഏതെങ്കിലും ചുടുകാട്ടിൽ കൊണ്ടുപോയി മറവ് ചെയ്തു കൊള്ളൂ.“
നിസ്സംഗഭാവത്തിൽ രാജി പറഞ്ഞു.
ഉള്ളിൽ നിന്നും കഞ്ചാവ് വലിച്ച പുകയുടെ മണംപുറത്തേക്ക് വന്നുകൊണ്ടിരുന്നു. ആ ചെറുപ്പക്കാരന് അത് മനസ്സിലായി. അയാൾ വാതിൽക്കൽ തന്നെ നിന്നുകൊണ്ട് മുറിയാകെ വീക്ഷിച്ചു. പെട്ടെന്ന് ഫാനിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന സാരി അയാളുടെ ശ്രദ്ധയിൽപ്പെട്ടു.
“ ക്ഷമിക്കണം. അതെന്താണ് ആ കിടക്കുന്നത്”?
സാരിയെ നോക്കിക്കൊണ്ട് പോലീസുകാരൻ ചോദിച്ചു.
അത് കണ്ടിട്ട് നിങ്ങൾക്ക് മനസ്സിലായില്ലേ. ഒരു നിമിഷം നിങ്ങൾ വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് അത് നേരിട്ട് കാണാൻ കഴിയുമായിരുന്നു. എന്റെ ജഡം അതിൽ തൂങ്ങിക്കിടക്കുന്നത്…. “
രാജി നിർവികാരയായി പറഞ്ഞു.
“ മാഡം നിങ്ങൾ വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയാണ്. കോളേജിലൊക്കെ പഠിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ നിങ്ങളെ എവിടെ എത്തിച്ചു എന്ന് എനിക്കറിയാം. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.”
“ ജീവിക്കാൻ മാർഗ്ഗമില്ലെങ്കിൽ പിന്നെ മരണം മാത്രമാണ്ശരണം”.
രാജി അല്പം തന്റെടത്തോടുകൂടി പറഞ്ഞു.
“ ഏത് പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാകും. അല്പം കാത്തിരിക്കണമെന്ന് മാത്രം”.
പോലീസുകാരൻ പറഞ്ഞു.
“ മാസങ്ങളായി ഈ വീട്ടിൽ കറണ്ടില്ല. ആറുമാസത്തോളമായി വാടക കൊടുത്തിട്ടില്ല. ഞാനോ കഞ്ചാവിന് അടിമയും. അതു മാത്രം കൂട്ടുകക്ഷികൾ എത്തിച്ചു തരും.എന്തിന്…. ആഹാരത്തിന് പോലും വകയില്ലാതായി. സഹായം അഭ്യർത്ഥിക്കാൻ കൂട്ടുകാരോ പരിചയക്കാരോ ഇല്ല. പിന്നെ എന്തിന് ഇനി ജീവിച്ചിരിക്കണം”.
“ മാഡം പറഞ്ഞതെല്ലാം ശരി. അതെല്ലാം കഴിഞ്ഞ കാലങ്ങൾ. ഇപ്പോഴും ജീവൻ ബാക്കിയുണ്ട്. പ്രയത്നിക്കാൻ സമയവും. ജീവിതം ഒന്നേയുള്ളൂ. അതു ജീവിച്ച് തന്നെ തീർക്കണം“.
“അത് മടുത്തു കഴിയുമ്പോൾ പിന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്. ഭൂമിക്കൊരു ഭാരം ആകാതെ…. “.
“മാഡം തിരുവനന്തപുരത്ത് ആർസിസി വരെ ഒന്ന് പോകണം. അവിടെ കാണാം ആളുകൾ ജീവനോടു പടവെട്ടുന്നത്. ജീവനുവേണ്ടി….. ജീവിക്കാൻ വേണ്ടി…. അവരുടെ ദുഃഖം കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ എന്ന് നമുക്ക് മനസ്സിലാകും”.
“ എന്നെ ഉപദേശിച്ചു നന്നാക്കാൻ വന്നതാണോ”?
രാജി ഈർഷ്യയോടെ ചോദിച്ചു.
“ അല്ല പക്ഷേ ചികിത്സിച്ച് ഭേദമാക്കേണ്ട ഒരു രോഗം മാഡത്തിനുണ്ട്. അത് ഞാൻ ആദ്യം ഇവിടെ വന്നപ്പോൾ തന്നെ മനസ്സിലാക്കിയിരുന്നു. കൈകളും ചുണ്ടുകളും വിറച്ചപ്പോൾ… എത്രയോ ഡീയഡിക്ഷന്‍ സെന്ററുകൾ നമ്മുടെ ഈ നാട്ടിലുണ്ട്. ആയിരക്കണക്കിന് ചെറുപ്പക്കാർ അതുവഴി രക്ഷപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഒന്നു ചിന്തിപ്പിക്കാൻ പറഞ്ഞതാണ്”.
ഒന്ന് നിർത്തിയിട്ട് പോലീസുകാരൻ വീണ്ടും ചോദിച്ചു:
“മാഡത്തിന് മാതാപിതാക്കൾ ഇല്ലേ?”
“അമ്മ മരിച്ചുപോയി. സഹോദരങ്ങൾ ഇല്ല. അച്ഛൻ നാട്ടിൽ ജീവിച്ചിരിപ്പുണ്ട്. പക്ഷേ അച്ഛനുമായി യാതൊരു ബന്ധവുമില്ല.”
“ പിന്നെ ഈ ഭൂമിയിൽ ആരുമില്ല എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്.? എന്തുകൊണ്ട് അച്ഛനെ വിളിച്ച് ഈ പ്രശ്നങ്ങൾ ഒന്നു പറഞ്ഞു കൂടാ. ഏതച്ഛനാണ് മക്കളുടെ തെറ്റുകൾ ക്ഷമിക്കാത്തത്. ഞാൻ മതപ്രസംഗം നടത്തുകയാണ് എന്ന് വിചാരിക്കരുത്. ബൈബിളിലെ ധൂർത്തനായ പുത്രന്റെ ഉപമ വായിച്ചിട്ടില്ലേ.മകൻ തിരിച്ചു വന്നപ്പോൾ ആ പിതാവ് എത്ര കണ്ട് സന്തോഷിച്ചു. വിളിക്കൂ അച്ഛനെ ഇപ്പോൾ തന്നെ വിളിക്കൂ!.”
അനുസരിക്കാൻ ആദ്യം ബുദ്ധിമുട്ട് കാണിച്ചെങ്കിലും അടുത്ത നിമിഷം രാജി പോലീസുകാരനോട് കയറിയിരിക്കാൻ പറഞ്ഞു.എന്നിട്ട് മനസ്സില്ലാ മനസ്സോടെ അയാളുടെ സാന്നിധ്യത്തിൽ തന്നെ രാജി അച്ഛനെ വിളിച്ചു.
“അച്ഛാ ഇത് രാജിയാണ്!”.
“ മോളെ നീ ഇപ്പോൾ എവിടെയാണ്? എത്രനാളായി നിന്നെ ഞാൻ അന്വേഷിക്കുന്നു. നിനക്ക് സുഖം തന്നെയല്ലേ”?
“ അതെ… അതെ… സുഖം തന്നെ. എനിക്ക് വഴിതെറ്റിപ്പോയി. പക്ഷേ എനിക്ക് വീട്ടിലേക്ക് വരണമെന്നുണ്ട്. എനിക്കിവിടെ ജീവിച്ചു മടുത്തു.
“ അതിനെന്താ മോളെ നിനക്ക് എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് വരാമല്ലോ. ഇതെല്ലാം നിനക്കുള്ളതല്ലേ.”
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ രാജിയുടെ കണ്ണിൽ നിന്നും കണ്ണീർ കുടുകുടാ ഒഴുകിക്കൊണ്ടിരുന്നു.
പിന്നെ പോലീസുകാരൻ അധികസമയം അവിടെ നിന്നില്ല. ദൈവം അയച്ച ഒരു മാലാഖയെ പോലെയായിരുന്നു അയാൾ.
പിറ്റേന്ന് പൊതുശ്മശാനത്തിൽ ഏലിയാസിനെ അടക്കുമ്പോൾ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ദൂരെ നിന്ന് രാജി അത് വീക്ഷിച്ചു. പെട്ടിയുടെ തലയ്ക്കൽ പിടിച്ചിരുന്ന ആളെ രാജി ശ്രദ്ധിച്ചു. അത് ആ ചെറുപ്പക്കാരനായ പോലീസുകാരനായിരുന്നു.
