തട്ടിപ്പും വെട്ടിപ്പും ആവോളം
നടത്തി കുടുംബം പോറ്റി.
ചെയ്ത പാപങ്ങളെല്ലാം
ഏറ്റുവാങ്ങാതെ ബന്ധുക്കൾ
മുഖം തിരിക്കുന്നു.
ഉള്ളുനീറ്റി വേട്ടക്കാരന്റെ നെഞ്ചിൽ
അമ്പുകൾ ആഞ്ഞു തറയ്ക്കെ
മദ്യ ലഹരിയിലാശ്വാസം തേടുമ്പോൾ
ചിന്തയിൽ മഹാമുനി ഊറിച്ചിരിക്കുന്നു
നീണ്ട മൗനം ചിതൽ പുറ്റായി മാറുന്നു
ഇന്നീ ജീവിത സായന്തനത്തിൽ
ജരാനര ഏറ്റുവാങ്ങാൻ മകനിൽ
പ്രതീക്ഷ അർപ്പിച്ച് യായാതി യാകുന്നു
മാഞ്ഞു പോയ പിന്നിട്ട കാൽപ്പാടുകൾ
തേടി അലയും മനസ്സിൽ ലാഭനഷ്ട കണക്കുകൾ
ആയിരം വട്ടം മന്ത്രാക്ഷരങ്ങളായുരുവിടുമ്പോൾ…
വിങ്ങും മനസ്സിൻ വിഹ്വലതകൾ
പുതു കാവ്യം രചിക്കാൻ
സൃഷ്ടി തൻ പേറ്റു നോവുമായി
മൗനത്തിൻ ചിതൽ പുറ്റ് ഭേദിക്കാൻ
മനസ്സ് വെമ്പൽ കൊള്ളുന്നു.

ദിവാകരൻ പികെ

By ivayana