കേരനിരകളൂയലാടും കേരളനാട് മാമല നാട്.
കേളികൊട്ട് കേട്ടുണരും
മരതക കാന്തി ചൊരിയും നാട്.
തുഞ്ചന്റെ ശീലുകളുണരും
നവ്യ മനോഹരി മാമക നാട്.
സഹ്യസാനു കുളിർ ചൊരിയുന്നൊരു
സാഗരതീര സുരഭില നാട്.
( കേരനിരകൾ…..)
മകരമാസ മഞ്ഞിൻതുള്ളി
കുളിരണിയിക്കും ശീതക്കാറ്റിൽ
പുഞ്ചപ്പാടം കണി കണ്ടുണരും
വാലാട്ടിക്കിളി പാറും നാട്
മാമല നാട് കേരള നാട്.
കേകീ നടന വിരാചിത ശോഭ
പരത്തും പുളിന മനോഹരി നാട്.
വരൾമഞ്ഞൾ തേച്ചു കുളിച്ചു
പച്ച പട്ടാടയുടുത്ത്
ഏലമണപുഞ്ചിരി തൂവും
മാമല നാടൊരു സുന്ദരി നാട്.
ഗിരിനിരകൾ നിര നിരയായി
കുളിർ ചൊരിയും പുതുപുലരി വരുന്നേ.
കളകളം പാടിയുണർത്തും
കാട്ടാറിൻ സപ്ത സ്വര ഗീതി
ഇളകിയാടും കൊന്നചേലിൽ
മഞ്ഞപ്പൂവണി ദാവണി ചുറ്റി
മധുരപ്പതിനേഴിൽ പൂത്ത
മാമല നാട് കേരള നാട്.

അനിൽ ശിവശക്തി

By ivayana