നീറിപ്പുകയും മനസ്സുമായ് ജീവിത-
ച്ചേറിലൂടല്ലോ നടന്നുനീങ്ങുന്നുഞാൻ!
ആരുമില്ലൊന്നെൻ്റെ കൈപിടിച്ചേറ്റുവാൻ,
ചാരെവന്നിത്തിരി,യാശ്വസിപ്പിക്കുവാൻ
അന്യൻ്റെ വേദനയിറ്റുമേയോരാത്ത
ധന്യതേ,നിന്നെഞാനെന്തു വിളിക്കുവാൻ?
രക്തബന്ധങ്ങളെപ്പോലും നിരസിച്ചു,
യുക്തിരാഹിത്യത്തൊടല്ലി നിൽപ്പൂചിലർ!
ഉള്ളിലണച്ചുപിടിച്ചവരൊക്കെയു-
മുള്ളുനോവിക്കിൽ സഹിക്കാവതോ,സഖീ?
ഉള്ളതു ചൊല്ലുന്നതാണത്ര തെറ്റെങ്കി-
ലുള്ളതേചൊൽവു ഞാനെന്തുവന്നീടിലും
വേദനയെൻകരൾ കാർന്നെടുക്കുമ്പൊഴും
മോദേന സർവംസഹയായ് ചരിപ്പുഞാൻ!
ഒന്നിനെമാത്രം മുറുകെപ്പിടിച്ചുകൊ-
ണ്ടിന്നിൻ മഹാസൂക്തമത്രേ രചിപ്പുഞാൻ
നന്മയ്ക്കുപാത്രമായ് ജീവിതം മാറുകിൽ
ജന്മമുജ്ജീവനത്വം പൂണ്ടുയർന്നിടും
വൻമദികൊണ്ടു നാം നേടുന്നതൊക്കെയും
കൻമഷക്കുണ്ടിലടിഞ്ഞമരില്ലെയോ?
സ്വർഗ്ഗത്തിലേക്കല്ലയെൻ്റെയീ ദൗത്യമെ-
ന്നർത്ഥശങ്കയ്ക്കിടയില്ലാതെ ചൊല്ലുവേൻ
ഊഴിയിലിക്കണ്ടൊരാത്മാക്കളെപ്പറ്റി-
യാഴത്തിലാർദ്രമറിവതേയെൻ ശ്രമം
ഈ ഭൂമിയല്ലാതെയില്ലൊരു സ്വർഗ്ഗവും!
ഈ ഭൂമിയല്ലാതെയില്ല നരകവും!
നാമിങ്ങുചെയ്യും ദുഷ്കർമഫലങ്ങളീ-
നാമല്ലാതാരൊട്ടനുഭവിപ്പൂ,ചിരം!
ഇല്ലതെല്ലും സ്നേഹമാരോടു,മാർക്കുമേ!
എല്ലാംധനത്തിനായുള്ളൊരു നാടകം!
പുഞ്ചിരി ഹാ പൊഴിച്ചെത്തും മനുഷ്യൻ്റെ
നെഞ്ചകമെത്ര മലീമസമോർക്കുകിൽ!
ദുഷ്കരം,ദുഷ്കരമീലോക ജീവിതം!
നിഷ്പ്രഭമാകുന്നു കൺമുന്നിലൊക്കെയും
ആരുടെ വാക്കുകൾ കേട്ടുമുന്നേറുവാൻ!
നേരിലീ,വാഴ്‌വിനിന്നെന്തു മൂല്യംസഖീ?
എങ്കിലും സങ്കടമേതുമില്ലാതെ ഞാൻ
തങ്കസ്വപ്നങ്ങളും കണ്ടുകണ്ടങ്ങനെ,
സത്യത്തെയേറ്റം മുറുകെപ്പിടിച്ചിതാ,
മൃത്യുഭയം വെടിഞ്ഞേറുന്നനാരതം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana