വീടുകൾക്ക്
ചിറകുണ്ടായിരുന്ന കാലം,
വീട്ടുകാരുടെ കണ്ണുവെട്ടിച്ച്
ഞങ്ങൾ പറക്കാനിറങ്ങും.
മാടൻകാവിലെ
പറങ്കിമാവിന്റെ താഴ്ന്നകൈകൾ
ഞങ്ങളെ ഊഞ്ഞാലാട്ടും.
കശുവണ്ടി വിറ്റ്
ചൂണ്ടക്കൊളുത്തും,
ആകാശപ്പട്ടവും വാങ്ങും.
ആറ്റുവക്കിലെ
കാട്ടുകൈതത്തണലിലിരുന്ന്
മാനത്ത്കണ്ണിയെ പിടിക്കും,
അപ്പോൾ,
കൊന്നത്തെങ്ങിലെ
ഓലത്തുമ്പിൽ തൂക്കണാംകുരുവി
” വല്ലതും കിട്ടിയോടാ? “
എന്ന് അർത്ഥംവച്ചൊരു ചിരിചിരിച്ചു
പറന്നുപോകും.
വയൽ വരമ്പത്ത്
ചേറിൽ പുതഞ്ഞു നത്തക്കാ
പറക്കുമ്പോൾ…
തൂവെള്ള നിറമുള്ള
പവിഴക്കാലി കൊക്ക്
മേനികാട്ടി പറന്നിറങ്ങും.
തെക്കേ മഠത്തിലെ
കപ്പമാവിൻതുഞ്ചത്തേക്ക്
കൊതിയുടെ ചിറകിലേറി പാറന്നുചെന്ന് –
അണ്ണാൻകടിച്ച മാമ്പഴത്തിന്റെ
മറുപുറം കടിക്കും.
പള്ളിപ്പറമ്പിലെ
കാട്ടുനെല്ലിക്കാ കടിച്ചുതിന്ന്
കാട്ടരുവിതൻ മധുരത്തേൻകുടിച്ച്,
കടലുകാണിപ്പാറേടെ
ഉച്ചിയിൽ കയറിനാം
ആശയോടാകാശപട്ടം പറത്തും.
മുത്തശ്ശി കഥയിൽ കുഴിച്ചിട്ട നിധി തേടി,
ഭൂതത്താൻകോട്ട അരിച്ചുപറക്കും.
അപ്പോഴേക്കും,
പുളിങ്കറി കടുകുപൊട്ടിക്കും മണം
നാവിൻതുമ്പിൽ വെള്ളം നിറക്കും,
ചിറകുകളെല്ലാം അഴിച്ചുവച്ച്
വിശപ്പെന്ന പലകമേൽ നാം
പറന്നിറങ്ങും.
എന്നിട്ടും…
എന്നിട്ടും……
സമയം ബാക്കിയാവും.
അങ്ങനെ കഴിയവെ ഒരു ദിനം
നമ്മുടെ സമയമാരോ കട്ടോണ്ടുപോയി.
വീടിന്റെ ചിറകു കരിഞ്ഞുപോയി…
ധൃതിപിടിച്ചോടുന്ന
“കാലൻ ക്ലോക്ക് “
ചുവരിൽ ആരോ തറച്ചിട്ടുപോയി…

By ivayana