യാത്ര ചോദിക്കയാണീയന്തി സൂര്യൻ, ഭിക്ഷ –
ദാനമായ് നൽകിയോരേവരോടും…!
ഈ രാവു മാക്കുവാനിനിയില്ല ഞാൻ
ഇനിയെന്റെ ഉൾക്കഴമ്പുണരുകില്ല…!
പൊൻ പ്രഭ വീശിയീ മണ്ണിതിലെൻ
പുഞ്ചിരി പൂക്കൾ പൊഴിയുകില്ല…!
കത്തിയുരുകുവാനാവതില്ല, ഇനി
കണ്ണീരുതിർക്കാനുമുണർവുമില്ല…!
നീറുമെൻ ചങ്കടിയുരുകിടുമ്പോൾ
ചോര ചെമപ്പു പടർന്നിടുമ്പോൾ
കണ്ണീർ കടലിൽ ഞാൻ മുങ്ങിടുമ്പോൾ
കാണികളായിരം…, കോമാളി ഞാൻ…
പുലർകാല സ്വപ്നങ്ങളേകുവാനെൻ
പുഴു തിന്ന നെഞ്ചകം ആർക്കു വേണം..?
ഇരുൾ പാറ്റി ഞാനെൻ മിഴി തുടക്കേ
പകലോന്റെ പെരുമകൾ നീ മറന്നു…!
അർത്ഥമില്ലാത്തൊരീ വ്യർത്ഥ ജന്മം
ആർക്കാണുദിച്ചു നിറം തരേണ്ടു….?
സ്വാർത്ഥമായ് തീർന്നോരീ തീര ഭൂവിൽ
ഇനിയെന്തിനീയന്തി സൂര്യ ജന്മം….!
എന്നെ പ്രണയിച്ച സൂര്യകാന്തി
ഇനിയീ കരൾകൂട്ടിലിരവു മാത്രം…!
ഇതൾ പൊഴിയും മുൻപേ പോയീടുകിൽ
ഈ കരിയേറ്റു കരിയാതെ പുഞ്ചിരിക്കാം…!
ഞാനില്ലയെങ്കിലും വിൺതലത്തിൽ
ഒരായിരം സൂര്യന്മാരുദിച്ചു പൊങ്ങും
അവരീ കറുപ്പിന്റെ ശൂന്യതയെ, തെല്ലുമേ –
അറിയാത്ത പോൽ ചമക്കും…
അന്തിക്കു മാത്രമീ ചോര ജന്മം
ഭിക്ഷാടനത്തിനിനിയിറങ്ങുകില്ല…
അളവറ്റ വെട്ടം പരത്തിടാനായ്
അറിവുള്ള, നിറവുള്ള നൂറു സൂര്യർ…
ആകാശ മേലാപ്പിലിനിയുണർന്ന്
ഭൂമിക്ക് നിറമേഴും ചാർത്തിടട്ടെ… ഈ
ഭൂമിക്ക് നിറമേഴും ചാർത്തിടട്ടെ….

By ivayana