രചന : രാഗേഷ് ✍
ഒരു മൂക്കൊലിപ്പൻ പ്രഭാതത്തിൽ
അഫ്ഗാനിലെ ഒപ്പിയംപാടങ്ങളിൽ
അവധൂതനായി അലയുന്നു.
ഞാനീ ഗന്ധമൊന്ന് കുടിച്ചോട്ടെ..
മ്മ്…
മൂട്ടിൽ വാൽ മുളയ്ക്കുന്നു
ഞാനൊരു വായുപുത്രൻ!
കുന്തീദേവിയെ തടവിൽ പാർപ്പിച്ചിരിക്കുന്ന
ആ അശോക വനം തിരയുന്നു,
മുദ്രമോതിരം കാണിച്ചിട്ടും
ദേവിയെന്നെ പകച്ചു നോക്കിയെന്നു
ദുഷ്യന്ത രാജനോട്
എങ്ങിനെ പറയുമെന്നോർത്ത്
ഖിന്നനായ
തിരിച്ചു പറക്കലിന്റെ വേളയിൽ
പാടത്തിന്റെ പ്ലാൻ വ്യൂ,
ഹാ!എത്ര നയനസുഭഗം.
ഇരുട്ടിനു പോലും പല വർണങ്ങൾ!
ഞാൻ കഷണ്ടിയുള്ള,നരയുള്ള
അഭിനവ ബുദ്ധൻ!
എന്റെ ബോധിവൃക്ഷം
ഈ ഒപ്പിയം കാടുകൾ!
എന്നെയും ബുദ്ധനെയും ബന്ധിപ്പിക്കുന്ന
ആ കണ്ണിയെക്കുറിച്ച്
മാരുതിയൊഴിഞ്ഞ ആ വേളയിൽ ഏറെയാലോചിക്കുന്നു
അതെ, അതു തന്നെ!
ബുദ്ധന് കിട്ടിയതും
എനിക്ക് പോയതും..
വാണിംഗ് # धूम्रपान स्वास्थ्य के लिए हानिकारक.
അറിയിപ്പ് # ഈ പറക്കൽ ഒരു കിളിയെയും നൊമ്പരപ്പെടുത്തിയിട്ടില്ല.
