അമ്മേ വയറെരിയുന്നുണ്ടമ്മേ
അച്ഛനെ കാത്തിരുന്നിനിയും
കണ്ണിലുറക്കത്തിൻ കനം തൂങ്ങുമ്പോഴും
പശി കൊണ്ടെരിയും വയറിൻ പുകച്ചിലിൽ
കണ്ണടയുന്നില്ല ഉറങ്ങാനാകുന്നില്ലയമ്മേ
കുഞ്ഞേ ഒരല്പം ക്ഷമിക്കൂ
ഇടയ്ക്കാ വരമ്പത്തേക്കൊന്നു
കണ്ണു നട്ടച്ഛൻ വരുന്നുണ്ടോയെന്ന് നോക്കൂ
കയ്യിൽ കരുതിടാം തുണി സഞ്ചിയിലൽല്പം
അരി എന്നുറപ്പേകിയിരുന്നു
നിൻ പൊന്നഛൻ
കരഞ്ഞു കാത്തിരുന്നുണ്ണി തളർന്നുറങ്ങി
അപ്പോഴും ഷാപ്പിൻ മുറ്റത്ത് തളർന്നിരിപ്പുണ്ടഛൻ
കള്ളിൻ പൂസൊന്നിറങ്ങിയാൽ ചിതറി
പോയൊരെൻ അരിവാരി സഞ്ചിയിൽ നിറയ്ക്കാം
എന്നൊരാശങ്കയിൽ
അതൊക്കെ അങ്ങനെ ഒരു കഴിഞ്ഞ കാലം
അമ്മേ വയറെരിയുന്നുണ്ടമ്മേ
ഓംലെറ്റും ബ്രെഡ് റോസ്റ്റും ദഹിച്ചിട്ടെത്രയോ നേരമായി
ഷവർമയോ മന്തിയോ പതിവുപോലെ കഴിക്കാതെ
കണ്ണടയുന്നില്ല ഉറങ്ങാനാകുന്നില്ല യമ്മേ
കുഞ്ഞേ ഒരൽപം ക്ഷമിക്കൂ ഇടയ്ക്കാ വഴിയിലേക്കൊന്നു
കണ്ണുനട്ടഛൻ വരുന്നുണ്ടോയെന്ന് നോക്കൂ
ഇന്നും കരുതിടാം ഷവർമയോ മന്തിയോ
എന്നുറപ്പേകിയിരുന്നു നിൻ പൊന്നഛൻ
കരഞ്ഞു കാത്തിരുന്ന് ലൈസും
കോളയും കഴിച്ചുണ്ണി തളർന്നുറങ്ങി
അപ്പോഴും ഹോട്ടലിൽ മുറ്റത്ത് നിൽപ്പുണ്ടച്ഛൻ
മന്തിയോ ഷവർമയോ നോക്കി വാങ്ങണം
മയോണൈസിൽ പുളിപ്പേറിയാൽ ശാഠ്യക്കാരനുണ്ണി
കൈസറിൻ കൂട്ടിലേക്ക് വലിച്ചെറിഞ്ഞിടും എന്നൊരാശങ്കയിൽ
അതെ ഇന്ന് ഇങ്ങനെ ഒരു പുതിയകാലം
പശിയറിയാതെ വയറെരിയുന്ന കാലം
….
കഴിഞ്ഞ ഒരു ദിവസം
ഒരു ഹോട്ടലിന്റെ മുറ്റത്ത് വിലകൂടിയ ഭക്ഷണം ഒരു കുട്ടി നിസ്സാരമായി വലിച്ചെറിയുന്നത് കണ്ടപ്പോൾ
പണ്ട് വലിയ വീടുകളുടെ അടുക്കളയ്ക്ക് പിന്നിൽ പഴകിയ ഭക്ഷണത്തിനായി പതുങ്ങി നിൽക്കുന്ന ഒരുപാട് അമ്മമാരുടെ മുഖം ഓർത്തുപോയി .

ഷാജി ഷാ

By ivayana