രചന : സെഹ്റാൻ✍
എന്നാൽ മുറിവേറ്റവരാകട്ടെ മുറിവുകളെക്കുറിച്ച്
നിശബ്ദരായിരിക്കുന്നു.
ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെ
പ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴും
അതിവിദഗ്ധമായി അവർ
മുറിവുകളെ മറച്ചുപിടിക്കുന്നു.
വിണ്ടുകീറിയ വീഥികളുടെ
ഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കി
അവർ മുറിവുകൾക്ക് ചൂടുപിടിപ്പിക്കുന്നു.
മഞ്ഞുകാലങ്ങളിൽ ഒഴിഞ്ഞ
പക്ഷിക്കൂടുകളിൽ അവർ തങ്ങളുടെ
ഏകാന്തതയെ നിക്ഷേപിക്കുന്നു.
ഇലപൊഴിക്കുന്ന കാലത്ത്
വൃക്ഷങ്ങളുടെ വേരറ്റങ്ങളിൽ അവരുടെ
വിയർപ്പുതുള്ളികൾ ചേക്കേറുന്നു.
മുറിവുകൾ പക്ഷേ അപ്പോഴും
ഉണങ്ങാതിരിക്കുന്നു!
മുറിവുകളെക്കുറിച്ച് അവർ നിശബ്ദരായിരിക്കുന്നു!
അത്രമേൽ മുറിവുകൾക്കുള്ളിലേക്ക്
അവർ പൂണ്ടിറങ്ങിപ്പോയതിനാലാവണം
നേർത്തൊരു വിലാപം മാത്രം
നിശബ്ദതയെ ഭഞ്ജിച്ച് ഇപ്പോഴും
അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത്!
⚫
