രചന : ബിനു മോനിപ്പിള്ളി ✍️
മഴയുടെ കൂടെ വന്നെൻ കാതിലോതി നീ
‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’
മഴയത്ത് ഞാൻ നിന്നെ അകതാരിലോർത്തുകൊണ്ടി-
റയത്ത് മിഴി പാകി നിൽക്കേ
മഴയുടെ കൂടെ വന്നെൻ കാതിലോതി നീ
‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’
അരികത്തിരുത്തി നിൻ അളകങ്ങഴകോടെ
വിരലുകൾ കൊണ്ടുഞാൻ കോതി നീർത്തേ
മഴയുടെ നൂലുകൾ ഒരു സ്‌നിഗ്ധരാഗത്തിൻ
മർമ്മരമുള്ളിലുണർത്തിയില്ലേ, അതിൽ
നമ്മളലിഞ്ഞങ്ങു ചേർന്നതില്ലേ
കഥയില്ലാകഥകൾ നാം വെറുതേ മൊഴിഞ്ഞപ്പോൾ
കെറുവോടെ നിന്നൊരാ മഴത്തുള്ളികൾ
ഇനിയൊരു മഴയായി നിൻ മിഴി പെയ്തപ്പോൾ
നൊമ്പരമോടെ ഞാൻ നിന്നതില്ലേ, നിന്നെ
ചേർത്തു ഞാൻ പാടിയതോർമ്മയില്ലേ
പിൻകുറിപ്പ്: ചെമ്പനീർ മൊട്ടുകളെ മുത്തമിട്ടുണർത്തുവാൻ, മഞ്ഞുത്തുള്ളികൾ വെമ്പിനിൽക്കുമ്പോൾ…. സ്നിഗ്ധമായുണരുന്ന ആ പ്രണയത്തിനും…. പിന്നെ, പ്രണയം ഒരു മുത്തുപോലെ മനസ്സിൽ സൂക്ഷിയ്ക്കുന്നവർക്കും …!
