കുലശേഖരത്തൊന്ന്
പോണം.
വലിയ വട്ടത്തിൽ
ഉയർത്തിക്കെട്ടിയ
ആൽത്തറയിലിരിക്കണം.
അരയാലോ,പേരാലോ?
തായ്ത്തടീന്ന്
കെട്ട് പിണഞ്ഞ്
ഭൂമിയെ ഖനിക്കുന്ന
വേരുകൾ കണ്ട്
അതിശയിക്കണം.
കൊമ്പുകളീന്ന്
കാട്ടുവള്ളികളെപ്പോലെ
തൂങ്ങിയാടണ
വേരുകളൊന്ന്
കാണണം.
കാറ്റേല്ക്കണം.
തണലറിയണം.
തണുപ്പറിയണം.
ആലിലബുദ്ധന്മാരുടെ
സല്ലാപം ആസ്വദിക്കണം.
കിളിപ്പാട്ടുകൾ
കേൾക്കണം.
ആൽത്തറേല്
പൊറം ലോകത്തേക്ക്
കണ്ണുകൾ കൊണ്ട്
ടോർച്ചടിക്കണം.
ഒപ്പമിരിക്കണ
അഭിനവബുദ്ധരിൽ
ഒരു ബുദ്ധനായിക്കൂടണം.
അവരോടൊപ്പം
പരദൂഷണത്തിന്
കൂടണം.
നാട്ടുവാർത്തകൾ
വായിക്കണം.
ദേശവാർത്തകൾ
വായിക്കണം.
അന്തർദേശീയം
വായിക്കണം.
ചർച്ച നടത്തണം.
ട്രംപിനെക്കുറിച്ച്
തമ്മിൽത്തമ്മിൽ പറഞ്ഞ്
തലതല്ലിച്ചിരിക്കണം.
സായിപ്പിന്റെ
കച്ചവടക്കണ്ണ്
കഴുകൻകണ്ണെന്ന്
പറഞ്ഞ്
തലയറഞ്ഞ് ചിരിക്കണം.
ഗാസയെ എടുക്കുമോ,
ഒരു ഗതിയുമില്ലാത്ത
പാവങ്ങളെ
പടികടത്തി വിട്വോ,
അല്ലെങ്കി ചുട്ടുകൊല്ല്വോ,
റിസോർട്ട്
പണിയ്വോന്നൊക്കെ
വിസ്മയിക്കണം.
യുക്രൈനിൽ സായിപ്പ്
സമാധാനത്തെ
കൊണ്ട് വര്വോ,
നോബൽ സമ്മാനം
ചോദിച്ച് വാങ്ങ്വോ
അങ്ങനെയങ്ങനെ
ഓരോന്ന്
ചോദിച്ചും ചിന്തിച്ചും
ചിരിച്ചും
ഉച്ചയാക്കണം.
വയറ്റിൽ
എരിയുന്ന അടുപ്പിന്
ഇന്ധനമടിക്കാൻ
വീടണയണം.
വൈന്നേരായാ
പിന്നേം
കുലശേഖരത്തേക്ക് വെച്ചടിക്കണം.
ആൽത്തറ ബുദ്ധരിലൊരുവനായലിയണം.
പരദൂഷണം നടത്തണം.
നാട്ടുവാർത്തകൾ വായിക്കണം.
ദേശവാർത്തകൾ
വായിക്കണം.
അന്തർദേശീയം
വായിക്കണം
ബുദ്ധരിലൊരുവനാകണം.
സന്ധ്യയണയുമ്പ്
വീടണയണം.
ആലിലബുദ്ധന്മാരെ
സ്വപ്നം കണ്ടുറങ്ങണം….

കെ.ആർ.സുരേന്ദ്രൻ

By ivayana