രചന : ജയൻ പാറോത്തിങ്കൽ* ✍
എണ്ണയൊഴിഞ്ഞ വിളക്ക്
പടുതിരി കത്താൻ വെമ്പുന്ന വേളയിൽ…
വിഷുപക്ഷി പാടാൻ മറന്ന സന്ധ്യയിൽ
എത്തി നിൽക്കുമ്പോൾ
ഇനി ഒരു സ്വപ്നം ബാക്കിയുണ്ടോ?
പഴയ പ്രണയങ്ങൾ പട്ടടയിൽ വെച്ച് വെണ്ണീറാക്കി
മടങ്ങും നേരം മോഹിക്കുവാൻ
ഒരു കാലം ബാക്കിയുണ്ടോ?
പൂക്കൾ വാടിക്കൊഴിയുന്ന സന്ധ്യയിൽ…
ഒരു പൂക്കാലത്തിനായി വീണ്ടും കാത്തിരിക്കണോ?
തൊണ്ട ഇടറി വാക്കുകൾ പതറുമ്പോൾ
ഇനിയുമൊരു യുഗ്മഗാനം പാടുവാൻ കഴിയുമോ?
ഞാനറിയാതെ നീ എന്നെ തിരയുമ്പോഴും…
വിട പറഞ്ഞു പോയോരെന്നെ
കൂട്ടിലാക്കി രസിക്കുമ്പോഴും
പറയാതെ പറയുന്ന പ്രണയം
ഈ അപരാഹ്നത്തിലും വലം
വെക്കുന്നു ചുറ്റിലും…
കാലം കരുതിവെച്ച വേഷം
ഇനിയുമുണ്ടെങ്കിൽ ആടാതെ തരമില്ലല്ലോ?
