ഇവിടെയീമണ്ണിതിലുരുകുവാൻ മാത്രമായ്
ഒരു ചെമ്പനീർച്ചെടി നീ നട്ടതെന്തേ…!?
കൊടിയ വെയിലേറ്റു വാടിക്കരിഞ്ഞിട്ടും
ഒരു തുള്ളി നീർ പോലും പാറ്റാതിരിപ്പതെന്തേ..?

മുൾ മുരുക്കായിട്ടു പോലും പലതിനും
മുൾവേലി തീർത്തു കൊടുപ്പവരെ
മരുഭൂവു പോലുള്ള വരൾക്കാട്ടിലിങ്ങനെ
എന്തിനായ് നട്ടു തിരിച്ചു നീയും…!

എത്രകാലങ്ങളായൊറ്റക്കു പാറിടും
ചിറകുകളൊരുനാൾ തളരുകില്ലേ…?
മുന്നോട്ടു, മുന്നോട്ടു വളരും ശിഖരങ്ങൾ
തണലേൽക്കയില്ലേൽ മുരടുകില്ലേ…?

ഏറെ വിശിഷ്യമാം ഭോജനമെങ്കിലും
കരുതലില്ലെന്നാൽ നിഷിദ്ധമല്ലേ…?
സ്വപ്നങ്ങളത്രയും സ്വർഗ്ഗത്തിലാണെന്ന
മൂഢ വിചാരം തിരിച്ചറിയൂ….!

വെന്തടർന്നീടുന്ന മണ്ണിതിലിങ്ങനെ
ആർക്കായ് വേണ്ടി ഞാൻ തളിരിടേണ്ടു..?
വേദന പൂക്കുന്ന ചില്ലകൾ കാണാത്ത
ചിറ്റുക്കുരുവിയെ കാട്ടിടാനോ…
എന്റെ ചിറ്റുക്കുരുവിയെ കാട്ടിടാനോ…..?

രാജു വിജയൻ

By ivayana