രചന : രാജശേഖരൻ✍
സൂചിമുന സുഷിരമേ വേണ്ടൂ
സൂര്യനൊത്ത ജന്മമൊടുങ്ങാൻ.
എന്തിനേറെ ആയുധങ്ങൾ
നെഞ്ചുടയ്ക്കുമൊരു വാക്കേ വേണ്ടൂ.
ജീവാമൃതമാം ഗംഗയിലേക്കും
ജീവൽ മുക്തി തേടി പോയിടും,
ജീവിതമധുരം നുകരാൻ
ജീവിതവ്യഥകൾ തടഞ്ഞാൽ.
മനസ്സെന്നും മോഹിപ്പതു
മണമോലും വസന്തകാല വാസം,
വപുസ്സിനു പ്രിയങ്കരം
ഹേമന്ത കുളിരണിയും കാലം.
നഭസ്സിലോ അർക്കതാപമേറ്റുരുകും
ഗ്രീഷ്മാഗ്നി കാല സത്യം,
ധനുസ്സേന്തി പോരാടി
മനസ്സുടയും വർഷകാലാന്ത്യവും.
ബന്ധുസ്വന്തസൗഹൃദങ്ങൾ
ബന്ധുരഗീതകങ്ങളാലപിക്കിൽ
സേതു ബന്ധനത്താൽ, ഹൃദയ-
ഛേദവേദനയ്കൗഷധമാം !
ഒരു രാവിരുൾ ചുഴിയിൽ മുങ്ങി
രാവുനീളെ കേണലഞ്ഞവർ
ഉദയരാഗ ദീപം കണ്ടുണരും
പുതുതാം ജന്മം പോലെ!
