രചന : അരുമാനൂർ മനോജ്✍
ഒരു നാളിൽ ഞാനങ്ങു മാഞ്ഞുപോകും
ഒരു നാളിൽ ഞാനങ്ങു മറഞ്ഞുപോകും!
മുഖമതൊന്നുപോലോർമ്മയിലില്ലാതെ
നാളുകൾ ഏറെ കടന്ന് പോകും.
ഞാനെന്ന ചിന്ത വ്യർത്ഥമാണ്
അനർത്ഥമാകുക നമ്മളാണ്.
അനശ്വരമായതതൊന്നു മാത്രം
എല്ലാം നശ്വരമാണെന്ന സത്യം!
ഇവിടെ ജനിച്ചിവിടെ മരിച്ചീടുന്ന
ഇടവേളയാകുന്നു ജീവിതമാകെ !
തളിരായ് പിന്നൊരിലയായ് തീർന്നു
കാറ്റിൻ്റെ പുൽകലിൽ നിലം പതിക്കും
ശാശ്വത സത്യങ്ങൾ അറിയുന്ന നേരം
ശാന്തി മന്ത്രങ്ങൾ തേടുക വേണം.
പുഴുവിനും പുല്ലിനും ജീവനേകും
ശാശ്വതമായത് പ്രപഞ്ച സത്യം!
സത്യമെല്ലാമറികിലും പോകുന്നു
ലഹരി തൻ കൂടാരത്തിലൊത്തിരി പേർ
സത്യത്തിലെന്തിനാ യാത്രയെന്ന്
ഒരു വേള ചിന്തിച്ചു മടങ്ങരുതോ?
കൂകി വിളിച്ചു കൊലക്കത്തി വീശിയും
സതീർത്ഥ്യർ തങ്ങളിൽ തച്ചു കൊന്നും
നേടുന്നതെന്തെന്നു ചിന്തിച്ചിടേണം
നേരായ ചിന്തകൾ വന്നിടേണം.
നിത്യവും കേട്ടു ഞെട്ടുവാൻ മാത്രമായ്
വാർത്തകളൊക്കെയും തീർന്നിടേണം
നിത്യശാന്തിക്കായ് പ്രാർത്ഥിച്ചു മാത്രം
നിത്യവും നമുക്ക് മുന്നേറീടാം.
