രചന : സുനിൽ തിരുവല്ല ✍
ദേഹ സൗന്ദര്യത്തിനപ്പുറം
നിന്നെ ഞാനും, എന്നെ നീയും
കണ്ടെത്തി, ആത്മാക്കളെ
പങ്കിട്ടവർ, നാം.
നിന്റെ നിഴലിൽ ഞാൻ മരവിച്ചു,
നിന്റെ മൗനത്തിൽ ഞാൻ മറഞ്ഞു,
നിന്റെ ശ്വാസത്തിൽ ഞാൻ ജീവിച്ചു,
നിന്റെ സ്വപ്നത്തിൽ ഞാൻ ഉണർന്നു.
നിന്റെ കണ്ണുകളിൽ ഒരു സമുദ്രം,
അതിലെ തിരമാലകൾ എന്റെ ഹൃദയം,
നിന്റെ പുഞ്ചിരിയിൽ ഒരു പ്രഭാതം,
അതിലെ കിരണങ്ങൾ എന്റെ ആത്മാവ്.
നിന്റെ വാക്കുകൾ ഒരു പാട്ട്,
എന്റെ ചിന്തകൾ അതിന്റെ താളം,
നിന്റെ സ്പർശനം ഒരു മഴ,
എന്റെ ജീവിതം അതിന്റെ ധാര.
ദേഹികൾക്കപ്പുറം ഒന്നായിത്തീർന്ന
രണ്ടാത്മക്കൾ, നാം.
രണ്ടു സ്വപ്നങ്ങളില്ല,
രണ്ടു മോഹങ്ങളില്ല,
രണ്ടു വഴികളില്ല.
ഇമവെട്ടും നിമിഷങ്ങളുടെ
വിരഹതപോലും
സഹിക്കാനാവാതെ
കഴിയുന്നവർ, നാം.
ഒരു നോക്കിലൂടെ,
ഒരു ചിരിയിലൂടെ,
ഒരു വാക്കിലൂടെ
സ്വർഗ്ഗം പണിയുന്നവർ നാം .
പുഴുത്തുപോകുന്നയീ
ഉടലിലല്ല നമുക്കു പ്രണയം,
പുഴുക്കാത്തയീ, ആത്മാവിലാണ്!
അല്ലായിരുന്നെങ്കിൽ ,
ഉടലിനെ ക്യാൻസർ
കാർന്നെടുത്തിട്ടും,
അവളെ അവൻ ഹൃദയത്തോട്
ചേർത്ത് പിടിക്കില്ലായിരുന്നു.