രചന : ബിനോ പ്രകാശ് ✍
വസന്തകാലങ്ങളിൽ പെയ്യുന്ന മഞ്ഞുതുള്ളികളെ കാണുവാൻ നിദ്രവിട്ടു ഞാനുണർന്നു.
ഇളങ്കാറ്റിലാടുന്ന കാറ്റാടിമരങ്ങളെയും
തൂമഞ്ഞു വീണു സജലങ്ങളായ തളിരിലകളെയും ആസ്വദിച്ചു കാണുമ്പോൾ
കാറ്റിൻ ചിറകുകൾ ധരിച്ചു മേഘത്തിന്റെ തേരിൽ ആകാശവീഥിയിൽ നിന്നും വീണ്ടുമവൾ വന്നു.
നിലാവിന്റെ ഹൃദയമിടിപ്പ് കേൾക്കുവാൻ കാതോർത്തു നിൽക്കുന്ന നിങ്ങളുടെ ജാലകവാതിലിൽ വീണ്ടും വന്നതിൽ
പിണക്കമുണ്ടോ?
മനസ്സിൽ മഞ്ഞു പെയ്യിക്കുന്ന ആ ചോദ്യം കേട്ട് ഞാൻ ചിരിച്ചു
രാത്രിയുടെ യാമങ്ങളിൽ മഞ്ഞു പൊഴിയുന്ന വീഥിയിൽ സഞ്ചരിക്കുന്ന നീ ആരാണ് പെണ്ണേ?
എന്റെ ജാലകവാതിലിൽ വീണ്ടും വന്നതെന്തേ?
ആകാശഗംഗയിലെ കൊള്ളിമീനിനെപ്പോലെ വേഗത്തിലവളുത്തരം പറഞ്ഞു
സ്വർഗ്ഗത്തിലെ പെൺകുട്ടിയാണ് ഞാൻ.
നക്ഷത്രങ്ങൾ തിളങ്ങുന്ന അവളുടെ മിഴികളിലേയ്ക്ക് നോക്കി ഞാൻ ചോദിച്ചു
ദൈവമെന്താ സ്വർഗത്തിൽ ലേഡീസ് ഹോസ്റ്റൽ നടത്തുന്നുണ്ടോ അവിടുത്തെ മതിൽ ചാടി രാത്രിയിലലഞ്ഞു നടക്കാൻ.?
കുളിരു പകരുന്ന സ്വരത്തിൽ അവൾ ചിരിച്ചു.
ഇന്നലെ ഉഷസ്സിൽ ദൈവമെന്നോട് പറഞ്ഞു.
ഭൂമിയിൽ ചെന്ന് നിലാവിനെ പ്രണയിക്കുന്ന ഒരു പുരുഷ ഹൃദയം കൊണ്ടു വരുവാൻ.
ഓഹോ സുന്ദരിയപ്പോൾ ഹൃദയം കവരുവാൻ വന്നതാണല്ലേ?
അതേ ,, സൃഷ്ടികളിൽ പാഴായിപ്പോയ മനുഷ്യരെ വീണ്ടും പുതുക്കി പണിയാമോ എന്ന ചിന്തയിലാണ് ദൈവം.
എന്നിട്ട് ഹൃദയം കിട്ടിയോ?
പൊടിമീശക്കാരും, കൊമ്പൻ മീശക്കാരും
വെളുത്തവരും കറുത്തവരുമൊക്കെ ഹൃദയം തരാമെന്ന് പറഞ്ഞു.
എന്നിട്ടെന്താ അതും വാങ്ങി സ്വർഗ്ഗത്തിലേക്ക് പോകാത്തത്.
അതും കൊണ്ടു ചെന്നാൽ ദൈവമെന്നെ ഓടിക്കും.
അതെന്താ?
ആൽക്കഹോളും സിഗരറ്റും, ബീഡിയും മയക്കു മരുന്നുമൊക്കെ കഴിച്ചു മലിനമായ ഹൃദയങ്ങളാണ് അവയെല്ലാം.
അങ്ങനെയാണെങ്കിൽ കേരളത്തിൽനിന്നും നിനക്കെങ്ങനെയൊരു ഹൃദയം കിട്ടുമോ
ഇവിടെ മൊത്തം ലഹരിയാണ്.
അപ്പോൾ പിന്നെ എന്ത് ചെയ്യുമെന്റെ സ്വർഗ്ഗത്തിലെ പെണ്ണേ?
എന്റെ ചോദ്യം കേട്ട് രോമാവൃതമായ എന്റെ നെഞ്ചിലേയ്ക്ക് അവൾ നോക്കി…
കഥകളും,കവിതകളും,ഭാവനകളും നിറഞ്ഞ നിങ്ങളുടെ ഹൃദയം തന്നു കൂടെ?
ജീവിതങ്ങളെ തിരുത്തിയെഴുതുന്നവരുടെ ഹൃദയമാണ്ദൈവത്തിനു വേണ്ടത്.
അമ്പടി കേമി..
എനിക്ക് ഹൃദയമുണ്ടെന്നു നീയെങ്ങനെയറിഞ്ഞു.?
അർദ്ധരാത്രിയിൽ ഒരു സുന്ദരിപെണ്ണിനോട് സംസാരിക്കുമ്പോൾ
ആ ഹൃദയം പടപടാന്നിടിക്കുന്ന മൃദു സ്വരം ഞാൻ കേട്ടു.
സ്വർഗ്ഗത്തിലെ പെണ്ണൊരു കാന്താരിയാണല്ലോ ഞാൻ മനസ്സിൽ വിചാരിച്ചു..
ഉഷസ്സുദിക്കുമ്പോൾ..
വെള്ളമേഘങ്ങളെ ചുവപ്പിച്ചു
സൂര്യൻ സ്വപ്നങ്ങളുടെ താഴ്വരയിൽ
രഥമേറുമ്പോൾ…മാലാഖമാരുടെ സ്വർണ്ണതളികയുമായി ഞാൻ വരും നിങ്ങളുടെ ഹൃദയം കൊണ്ടു പോകുവാൻ…
അത്രയും പറഞ്ഞു അവൾ നിലാവിലലിഞ്ഞു.
രാത്രിയുടെ കാവൽക്കാരൻ ഉഷസ്സിനായി കാത്തിരിക്കുമ്പോലെ
അവൾ വരുമോ അതോ വെറുതെ പറഞ്ഞതാണോ എന്നറിയാൻ ഞാൻ കാത്തിരിക്കുകയാണ്..
എന്റെ ഹൃദയം കൊടുക്കണോ?
കൊടുത്താൽ ഞാൻ ഹൃദയശൂന്യനായി ഭൂമിയിൽ
ഇരിക്കേണ്ടി വരുമോ?
ആകെ ഒരു കൺഫ്യൂഷൻ.

ബിനോ പ്രകാശ്