ഗഗനചുംബികളുടെ
നരിമാൻ പോയിന്റ്‌,
നീയെന്നുമെനിക്കൊരു
വിസ്മയമായിരുന്നു,
ആഹ്ലാദമായിരുന്നു.
നിന്റെ വിശാലമായ,
പല കൈവഴികളായൊഴുകുന്ന
കറുത്ത പുഴകളും,
കോൺക്രീറ്റ് നടപ്പാതകളും,
സിഗ്നലുകൾ വരക്കുന്ന
ലക്ഷ്മണരേഖകൾ
മുറിക്കാതെ
അച്ചടക്കം പാലിച്ചൊഴുകുന്ന
വാഹനങ്ങളും,
അതുപോലെ
എവിടെ നിന്നോ വന്ന്
എവിടേക്കോ ഒഴുകുന്ന
ബഹുസ്വരതകളുമായി
നീ എനിക്ക്
ലോകത്തിന്റെ
ഒരു പരിച്ഛേദം
കാഴ്ച വെച്ചു എന്നും.
ഒരു പൂന്തോപ്പിലെ
വർണ്ണപുഷ്പങ്ങളായി
അവർ എനിക്ക്.
ജോളീമേക്കർ ഭവന്റെ
പതിമൂന്നാം നിലയിലെ
ഓഫീസും
വിശ്രമവേളകളിൽ
കണ്ണാടി ജനാലയിലൂടെ
നീയെന്റെ
കൺമുന്നിലേക്കാനയിച്ച
കാഴ്ചകളും
ഇന്നും മായാതെ
എന്നിലുണ്ട്.
എരിയുന്ന സൂര്യനിൽ
തിളക്കുന്ന നഗരവും,
എറുമ്പുകളായലയുന്ന മനുഷ്യരും,
കടലയക്കുന്ന കാറ്റും,
തികച്ചും
വിജനമെന്ന് തന്നെ
വിളിക്കാവുന്ന
മറീൻ ഡ്രൈവിന്റെ
ഒരു ഖണ്ഡവും
കടലിന്റെ
വെട്ടിത്തിളക്കവും
ഇന്നുമെന്റെ
വിസ്മയങ്ങളാണ്.
എങ്കിലും നിന്നേക്കാൾ
എനിക്ക് പ്രിയം
അനന്തതയുടെ
അഗാധനീലിമയുടെ
ഒരു കടൽ
എനിക്ക് സമ്മാനിച്ച
മറീൻ ഡ്രൈവിനോടാണ്.
സമ്മതിക്കുന്നു,
മറീൻ ഡ്രൈവ്
നിനക്കൊരു
നെക്ലേസ് ആണെന്ന
സത്യം.
എങ്കിലും………
മറീൻ ഡ്രൈവിലെ
പ്രശാന്തമായ
പ്രഭാതങ്ങളും,
അതുപോലെ
പ്രശാന്തമായ കടലും,
കടലയക്കുന്ന
കുളിർകാറ്റിന്റെ
പുണരലും,
ഇളവെയിലിന്റെ
തലോടലും
എനിക്ക് രോമാഞ്ചമാണിന്നും.
പ്രഭാതങ്ങളിലെ
ചൗപ്പാത്തി വരെയുള്ള
നടത്തയും,
ഒരാൽമരച്ചോട്ടിലിരുന്ന്
പ്രാവുകൾക്ക്
ധാന്യമെറിഞ്ഞ്
കൊടുക്കുന്ന വൃദ്ധബുദ്ധനും,
പ്രഭാതസവാരിക്കായെത്തുന്ന
അപൂർവ്വ സൗഹൃദങ്ങളും
എല്ലാം ആനന്ദക്കാഴ്ചകൾ
തന്നെ.
അസ്തമയത്തോടടുക്കുമ്പോഴുള്ള
കടലിന്റെ
ഭാവമാറ്റങ്ങളും, ഭ്രാന്തിയായി
മുടിയഴിച്ചലറുന്ന
കടലിനെ
ആസ്വദിക്കുന്ന
ജനാരവവും
അമ്പരപ്പിക്കുന്നു.
ഉദയത്തിന്റെ
സൗന്ദര്യത്തേക്കാൾ
അസ്തമയസൗന്ദര്യം
പലർക്കും
ആഹ്ലാദക്കാഴ്ചകളാകുന്നതെന്തേ.?
കടൽ എന്ന
നർത്തകിയുടെ
ചിലങ്കകെട്ടിയാട്ടം
പ്രിയപ്പെട്ടതാകുന്നതന്തേ?
സന്ധ്യ ഇരുളാൻ
അനുവദിക്കാതെ
ഇന്നും സോഡിയം വേപ്പർ
ലാമ്പുകളുടെ
”നാരങ്ങാവെളിച്ചം”
മറീൻ ഡ്രൈവിനെ
ആലീസിന്റെ അത്ഭുതലോകമാക്കുന്നുവെന്ന
അറിവിൽ
വിദൂരതയിൽ നിന്ന്
പറന്നണയുന്ന
ഒരു പക്ഷിയായി
മാറുന്നു ഞാൻ.
ഗഗനചുംബികളുടെ
നരിമാൻ പോയിന്റ്,
ഒരു അനന്തസൗന്ദര്യത്തിന്റെ
ഒരു കടൽ സമ്മാനിച്ച
മറീൻ ഡ്രൈവ്
ഇന്നും
ഉള്ളിന്റെ അറകളിൽ
നിങ്ങളെനിക്കൊരുക്കുന്നൂ
വിഷുക്കണികൾ….
ജോളീമേക്കർ ഭവന്റെ
പതിമൂന്നാം നിലയിലെ
ഓഫീസിന്റെ
കണ്ണാടി ജനാലയിലൂടെ
ആരെങ്കിലും
വിസ്മയക്കാഴ്ചകൾ
ആസ്വദിക്കുന്നുണ്ടാവുമൊ?

കെ.ആർ.സുരേന്ദ്രൻ

By ivayana